you-tube-news-anwar

യൂട്യൂബ് ചാനലുകള്‍ നിയന്ത്രിച്ചാല്‍ പോര, സംരക്ഷിക്കാനും കഴിയണം

പി.വി അന്‍വറിന്റെ സബ്മിഷന്‍ ഏകപക്ഷീയം, മാധ്യമങ്ങളെ നിയന്ത്രിക്കുമ്പോള്‍ സംരക്ഷിക്കേണ്ടതാര്

മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനെ നിരോധിക്കാനുള്ള പി.വി. അന്‍വറിന്റെ അവസാന അടവ് ഫലം കണ്ടില്ലെങ്കിലും താത്ക്കാലിക ആശ്വാമെന്നോണം മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ആഘോഷമാക്കക്കുകയാണ് സോഷ്യല്‍ മീഡിയാ പോരാളികളും കടന്നല്‍ക്കൂട്ടങ്ങളും. നമ്മുടെ തെറ്റുകളെല്ലാം വെള്ളപൂശി വാര്‍ത്തചെയ്യാത്തവരെ മാ.പ്ര എന്നു വിളിക്കുകയും നിഷ്‌ക്കാസനം ചെയ്യുകയും വേണമെന്ന പുരോഗമന ചിന്തകള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. യൂ ട്യൂബ് ചാനലുകളെ നിയന്ത്രിക്കാനുള്ള നിയമ നിര്‍മ്മാണം പരിഗണയിലാണ് എന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പ്. എന്തിനും ഒരു നിയന്ത്രണവും സംരക്ഷണവും വേണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷെ, യൂ ട്യൂബ് ചാനലുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമ്പോള്‍, ആ ചാനലുകളെ സംരക്ഷിക്കാന്‍ കൂടി നിയമം ഉണ്ടാകണമെന്നത് ന്യായമായ ആവശ്യമാണ്. യൂ ട്യൂബ് ചാനലുകളില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെയും സംരക്ഷിക്കാനുള്ള നിയമം നിര്‍മ്മിക്കണം. ആധുനിക കാലത്തിന്റെ മാധ്യമമാണ് സോഷ്യല്‍ മീഡികള്‍. അതില്‍ യൂ ട്യൂബ് ചാനലുകള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കോവിഡ് കാലത്ത് വീടുകള്‍ക്കുള്ളില്‍ ചുരുങ്ങിയ ലോകം ആശ്രയിച്ചത് സോഷ്യല്‍ മീഡിയകളെയാണ്. ഓരോ മനുഷ്യരും മാധ്യമ പ്രവര്‍ത്തകരായ കാലം.

വരുമാനത്തിനും ആശയ വിനിമയത്തിനും ഉപയോഗിച്ച മാധ്യമം കൂടിയാണ് സോഷ്യല്‍ മീഡിയകള്‍. അതുകൊണ്ട് നിയമസഭയില്‍ പി.വി. അന്‍വര്‍ അവതരിപ്പിച്ച സബ്മിഷന് കൂടുതല്‍ മാനങ്ങളുണ്ട്. അവനവനെ സംരക്ഷിക്കാന്‍ വേണ്ടി ആകരുത് നിയമസഭയിലെ നടപടി ക്രമങ്ങള്‍. നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് വാശിപിടിക്കുന്നവര്‍ സംരക്ഷിക്കാനും ബാധ്യതപ്പെട്ടവരാണ്. വിദേശ കമ്പനിയായ യൂ ട്യൂബ് ചാനലുകളില്‍ ജോലി ചെയ്യുന്ന അനേകം ജേര്‍ണലിസ്റ്റുകളുണ്ട്. അസംഖ്യം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന ജേര്‍ണലിസ്റ്റുകള്‍ക്ക് എല്ലാം ജോലി നല്‍കാന്‍ കേരളത്തില്‍ എവിടെയാണ് ഇതിനുംമാത്രം മാധ്യമ സ്ഥാപനങ്ങള്‍. അപ്പോള്‍ യൂ ട്യൂബ് ന്യൂസ് ചാനലുകളാണ് കൂടുതലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കുന്നത്. സാറ്റ്‌ലൈറ്റ് ചാനലുകളും, മുഖ്യധാരാ മാധ്യമങ്ങളും ചെയ്യുന്ന അതേ വാര്‍ത്തകള്‍ ചെയ്യാന്‍ യൂ ട്യൂബ് ചാനലുകളും സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. ഒരു സംരക്ഷണയും ഇല്ലാതെയാണ് ഇവിടെയൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്നവരും മാധ്യമ പ്രവര്‍ത്തകരാണ്. അല്ലാതെ സര്‍ക്കാര്‍ പട്ടികയില്‍ പേരുള്ളവര്‍ മാത്രമല്ല. പി.ആര്‍.ഡി. ലിസ്റ്റില്‍ ഉള്‍പ്പെട്ട മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വരുന്നതിനു മുമ്പേ വ്യാജ വാര്‍ത്തകളുടെ ഉറവിടമാണെന്ന പരാതി രാഷ്ട്രീയക്കാര്‍ കാലാകാലങ്ങളായി പറഞ്ഞു പോന്നിരുന്നതാണ്.

എന്നാല്‍, അന്നൊന്നും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആരും നിയമസഭയില്‍ ചോദ്യമോ, അടിയന്തിര പ്രമേയമോ, കോളിംഗ് അറ്റന്‍ഷനോ, സബ്മിഷനോ, എന്തിന് ചര്‍ച്ചയിലോ സ്വകാര്യ ബില്ലോ പോലും അവതരിപ്പിച്ച ചരിത്രമില്ല. സര്‍ക്കാര്‍ മാറുമ്പോള്‍ കൂടെ മാറുന്ന മാധ്യമ പ്രവര്‍ത്തകരുടെ രാഷ്ട്രീയം നോക്കിയാണ് സഹായങ്ങളും ലഭിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ കാലത്ത് ദേശാഭിമാനിയും കൈരളിയും നല്‍കുന്ന വാര്‍ത്തകളാണ് സത്യമെന്നു വിശ്വസിക്കുന്നവരുണ്ട്. യു.ഡി.എഫിന്റെ കാലത്ത് മലയാള മനോരമയും, വീക്ഷണവും, ജയ്ഹിന്ദുമാണ് സത്യം എഴുതുന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ജന്‍മഭൂമിയും ജനവും കേന്ദ്രത്തെ മാത്രം പുകഴ്ത്തുന്ന മാധ്യമങ്ങളാണെന്ന് പറയാതെ വയ്യ. ഇതാണ് മാധ്യമങ്ങളിലെ രാഷ്ട്രീയം. ഇത്തരം മാധ്യമ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലം കുറേയായി. സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയാധിപ്രസരം വര്‍ദ്ധിച്ചതോടെയാണ് വാര്‍ത്തകളില്‍ നിറം കലര്‍ന്നു തുടങ്ങിയത്. ഇതിനെയാണ് നിയന്ത്രിക്കേണ്ടത്. യു ട്യൂബ് ചാനലുകളെ സര്‍ക്കാര്‍ ഓഡിറ്റ് ചെയ്യുന്നതിനോട് യോജിപ്പു തന്നെയാണ്. പക്ഷെ, അവിടുത്തെ മാധ്യമ പ്രവര്‍ത്തകരെ കൂടി സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലാതെ യൂ ട്യൂബ് ചാനലുകളെ ക്രൂശിക്കാന്‍ വേണ്ടി മാത്രം അന്‍വറിന്റെ വാറോല വാങ്ങി ആണിയടിക്കരുത്.

മാധ്യമ പ്രവര്‍ത്തകരെന്നാല്‍, മാ.പ്രയെന്ന ചുരുക്കെഴുത്തില്‍ ഒതുക്കിയവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കഴിയുമെന്ന് മറന്നു പോകരുത്. പി.വി. അന്‍വര്‍ എം.എല്‍.എ ഈ സബ്മിഷനിലൂടെ ഉദ്ദേശിക്കുന്നത് ഷാജന്‍സ്‌ക്കറിയ എന്ന മാധ്യമ പ്രവര്‍ത്തകനെയും മറുനാടന്‍ മലയാളി എന്ന ചാനല്‍ പൂട്ടിക്കുകയുമാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായറിയാം. എന്നാല്‍, അതിനോട് സര്‍ക്കാര്‍ എടുക്കുന്ന നിലപാട് എന്തായിരിക്കുമെന്നതാണ് ജനങ്ങള്‍ക്കറിയേണ്ടത്. അന്‍വറിന്റെ വാക്കുകേട്ട് ഏകപക്ഷീയമായി യൂ ട്യൂബ് ചാനലുകളെയെല്ലാം നിയന്ത്രിച്ചു കളയാനുള്ള നിയമ നിര്‍മ്മാണമാണോ അതോ, നിയന്ത്രണവും ഒപ്പം സംരക്ഷണവും നല്‍കാനുള്ള നിയമമാണോ പരിഗണിക്കുന്നത്. ഇത് പ്രധാനമാണ്. നോക്കൂ, മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിയില്ലെന്ന തത്വമാണ് ഷാജന്‍സ്‌ക്കറിയയുടെ വാര്‍ത്തകളില്‍ കാണാനാകുന്നത്. എന്നാല്‍, മടിയും തലയും കനംവെച്ച് തൂങ്ങുന്നവരെല്ലാം വഴിനീളെ പേടിക്കുന്ന വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ ഓട്ടം നെട്ടോട്ടമായി. രഹസ്യമയും, അതീവ രഹസ്യമായും, പരമ രഹസ്യ സ്വഭാവത്തോടെയും ചെയ്യുന്നതെല്ലാം വാര്‍ത്തകളായി. തൊട്ടാലും പിടിച്ചാലും വാര്‍ത്തകള്‍. ജനസേവകനായ പൊതുപ്രവര്‍ത്തകന് എന്ത് സ്വകാര്യതയാണ് സൂക്ഷിക്കാനുള്ളത്. തുറന്ന പുസ്തകമായി സ്വയം മാറുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജീവിച്ച മണ്ണാണിത്. മാധ്യമങ്ങള്‍ക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇനിയാകില്ല. കാരണം, നമ്മള്‍ ജീവിക്കുന്നത് കമ്പ്യൂട്ടര്‍ യുഗത്തിലാണ്.

Leave a Reply

Your email address will not be published.

ksrtc_2Bbus_2Bat_2Bvizhinjam Previous post KSRTC ട്രാവല്‍ കാര്‍ഡ്, പൊളിഞ്ഞു പാളീസായി
vandhe-bharath-ticket- Next post ട്രെയിൻ ടിക്കറ്റ് ഓൺലൈനായെടുക്കുന്നയാളാണോ?; എന്നാൽ ഈ തട്ടിപ്പിനെക്കുറിച്ചറിയണം