
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു.
75 ാം വയസിൽ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. 1928 ൽ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂർ മനയിലാണ് ജനനം. പൊന്നാനിക്കടുത്ത മൂക്കുതല പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റേയും പാർവതി അന്തർജനത്തിന്റേയും മകളാണ്. വിവാഹത്തോടെയാണ് തൃശ്ശൂരിലെത്തിയത്. തൃശ്ശൂർ മുളംകുന്നത്തുകാവിലെ കപിലവസ്തുവിൽ മകൾ ചന്ദ്രികയോടൊപ്പമായിരുന്നു താമസം. ആറ് മക്കളുണ്ട്.
മനയിൽ ജനിച്ച പെൺകുട്ടികൾക്ക് അക്ഷരാഭ്യാസമില്ലാത്ത കാലത്ത് ജനിച്ച േദവകിക്ക് വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. പള്ളിക്കൂടങ്ങളിൽ പോയിരുന്ന ആൺകുട്ടികളിൽ നിന്ന് കിട്ടുന്ന അറിവ് വച്ച് അക്ഷരങ്ങൾ കൂട്ടി വായിച്ചു തുടങ്ങിയ ദേവകി മൂന്ന് പുസ്തകങ്ങൾ മലയാളത്തിൽ എഴുതിയിട്ടുണ്ട്. മൂന്നും അനുഭവ രചനകളാണ്. 500ലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രഭാഷകയായിരുന്നു. ദേവകി നിലയങ്ങോടിന്റെ രചനകളുടെ സമാഹാരം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ‘അന്തർജനം’ എന്നാണ് പുസ്തകത്തിന്റെ പേര്.
ദേവകി നിലയങ്ങോട് 75-ാമത്തെ വയസിലാണ് എഴുത്ത് തുടങ്ങുന്നത്. ‘നഷ്ടബോധങ്ങളില്ലാതെ’ ആണ് ആദ്യ കൃതി. ‘കാലപ്പകർച്ചകൾ’ ‘വാതിൽപ്പുറപ്പാട്’, കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ എന്നിവയാണ് മറ്റു കൃതികൾ. 85-ാമത്തെ വയസിൽ എഴുത്തിന് വിരാമമിട്ടു. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. ഭര്‍ത്താവ് പരേതനായ രവി നമ്പൂതിരി. അന്തരിച്ച ചിന്ത രവി മരുമകനാണ്.
