world-athletics-kerala-lncpe-sai

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍ റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു

ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ചരിത്രമെഴുതിയ മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളെയും പരിശീലകരെയും സായ് എല്‍ എന്‍ സി പിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ഇന്ത്യക്ക് അഭിമാനം നേട്ടം സമ്മാനിച്ച മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ്, മിജോ ചാക്കോ കുര്യന്‍, അരുല്‍ രാജ ലിങ്കാം, സന്തോഷ് കുമാര്‍ എന്നീ താരങ്ങളെയും പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമായ ജേസന്‍ ഡാവ്‌സന്‍, എം കെ രാജ്‌മോഹന്‍ , ദിമിത്രി കിസലേവ്, എല്‍മിറ കിസലേവ എന്നിവരെയാണ് ആദരിച്ചത്.

2 മിനിറ്റും 59.05 സെക്കന്‍ഡും സമയത്തില്‍ ഓടിയെത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ റെക്കോഡ് ഭേദിച്ചത്. ചടങ്ങ് മുന്‍ മന്ത്രിയും എം എല്‍ എയുമായ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്റെ ഖ്യാതി ഉയര്‍ത്തിയ റിലേ താരങ്ങള്‍ റോള്‍ മോഡലായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സായ് എല്‍ എന്‍ സി പി പ്രിന്‍സിപ്പലും റീജണല്‍ ഹെഡുമായ ഡോ ജി കിഷോര്‍ അധ്യക്ഷനായി. റെക്കോഡ് നേട്ടത്തിന് താരങ്ങളെ ഉടമകളാക്കിയതില്‍ സായിക്ക് ഏറെ അഭിമാനമുണ്ടെന്ന് ഡോ ജി കിഷോര്‍ പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ പുരുഷ റിലേ ടീം സ്വര്‍ണം നേടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ഡോ ജി കിഷോര്‍ പറഞ്ഞു.


ചടങ്ങില്‍ വേള്‍ഡ് അത്‌ലറ്റിക്‌സ് വൈസ് പ്രസിഡന്റും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ആദില്‍ സുമരിവാല താരങ്ങളെ അഭിനന്ദിച്ചു. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം അത്ഭുതം സൃഷ്ടിച്ചെന്നും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം വലിയ പ്രചോദനമാകുന്നതാണ് നേട്ടമെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍, കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാര്‍, കേരള അത്‌ലറ്റിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് വേലായുധന്‍ കുട്ടി, വിദേശ പരിശീലകന്‍ ജേസന്‍ ഡാവ്‌സന്‍, സായ് എല്‍ എന്‍ സി പി അസിസ്റ്റന്റ് ഡയറക്ടര്‍ ആരതി പി, നാഷണല്‍ കോച്ചിങ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അഭിമാന നേട്ടം സ്വന്തമാക്കിയ റിലേ ടീമിന്റെ ബാറ്റന്‍ കടകംപള്ളി സുരേന്ദ്രന്‍ ഡോ ജി കിഷോറിന് കൈമാറി.

Leave a Reply

Your email address will not be published.

shajanscaria-medical-college- Previous post ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷൻസ് സെഷൻസ് കോടതി
Navya+Nair+Cute+Wallpapers Next post ഇഡി അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യാ നായര്‍ക്കുള്ള ബന്ധം പുറത്തു വരുന്നു