
പ്രണയമാണ് ക്രിക്കറ്റിനോട്, കടുത്ത പ്രണയം: 1983 ലെ കപില്‍ദേവും കൂട്ടരും അതിന് പ്രധാന കാരണം
- ലോകകപ്പ് ആദ്യമായി ഇന്ത്യയിലെത്തിയിട്ട് 30 വര്‍ഷം
എ.എസ്. അജയ്‌ദേവ്
ഭൂമിയില്‍ എന്തിനോടാണ് കടുത്ത പ്രണയമുള്ളതെന്ന് എന്നോടു ചോദിച്ചാല്‍, ആദ്യം പറയുന്നത് ക്രിക്കറ്റിനോട് എന്നായിരിക്കും. എന്താണ് ക്രിക്കറ്റിനോട് ഇത്രയും പ്രണയം തോന്നാന്‍ കാരണമെന്ന് വീണ്ടും ചോദിച്ചാല്‍, എന്നെ അത്രയേറെ വലിച്ചടുപ്പിക്കുന്ന മൊറ്റൊന്നിനെയും ഇതുവരെയും കണ്ടെത്തിയില്ല എന്നതു തന്നെയാണ് ഉത്തരം. ഇത് എന്റെ മാത്രം ഉത്തരമല്ല, എന്റെ മാത്രം പ്രണയമോ, ചിന്തയോ, വിശ്വാസമോ അല്ല. നിന്നു തിരിയാന്‍ ഇടമില്ലാത്ത ഗല്ലികളില്‍, മൈതാനമെന്നു വിളിക്കാനാകാത്ത ഇടങ്ങളില്‍, തെങ്ങിന്‍ പറമ്പുകളില്‍, കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ മലമൂടുകളില്‍, തിരക്കേറിയ തെരുവുകളിലുമെല്ലാം നേരവും കാലവും നോക്കാതെ കളിച്ചു കൊണ്ടേയിരിക്കുന്ന യുവത്വത്തിന്റെ എല്ലാം ഉത്തരമാണിത്.

അതെ, ഞങ്ങള്‍ക്ക് ക്രിക്കറ്റിനോട് അടങ്ങാത്ത പ്രണയമാണ്. മൈതാനക്കോണിലെ വാടിയ പുല്ലിനോടും, റോളര്‍ ഉരുണ്ടു മിനുസമായ പിച്ചിനോടും, സ്റ്റിച്ച് ബോളിനോടും, ബാറ്റിനോടുമെല്ലാം എന്നോ തുടങ്ങിയ ഒരടുപ്പം. അതുകൊണ്ടു കൂടിയാണ് 1983 എന്ന എബ്രിഡ്‌ഷൈന്‍ സംവിധാനം ചെയ്ത സിനിമ പലവട്ടം കണ്ടതും, അമീര്‍ഖാന്‍ അഭിനയിച്ച ലഗാനിലെ പാട്ടുപാടി നടന്നതുമൊക്കെ. അതുമാത്രമല്ല, ക്രിക്കറ്റിനെ ജീവവായു പോലെ ശ്വസിക്കുന്ന ഒരാള്‍ക്കു പോലും മറക്കാനാവാത്ത ദിവസം കൂടിയാണ് 1983 ജൂണ്‍ 25. കരുത്തിന്റെ പര്യായമായ, ക്രിക്കറ്റില്‍ പകരം വെയ്ക്കാനില്ലാത്ത കരുത്തന്‍മാരായ വെസ്റ്റിന്റീസിന്റെ പതനം ഉറപ്പിച്ച് ലോകത്തിന്റെ നെറുകയില്‍ ഇന്ത്യ കയറിവന്ന ദിനം.

അന്ന്, കപില്‍ദേവും കൂട്ടരും തുറന്നു കൊടുത്ത വാതിലിലൂടെയാണ് പിന്നീടുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ നേട്ടങ്ങളത്രയും എത്തിയത്. അതിനു ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ ജീവന്‍ വെച്ചത്. പിന്നീടുണ്ടായ തലമുറകള്‍ ക്രിക്കറ്റ് കളിയെ നെഞ്ചോട് ചേര്‍ത്ത് മുന്നോട്ടു വന്നതിന്റെ ഉദാഹരണങ്ങള്‍ ഏറെയാണ്. മടലില്‍ തീര്‍ത്ത ബാറ്റും, റബ്ബര്‍ ബാന്റുകൊണ്ട് കെട്ടിയ പന്തും, ഇന്നും മലാളികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണ്. മഴയത്തും, വെയിലത്തും ഗ്രൗണ്ടില്‍ നിന്നും വീട്ടിലെത്താത്ത എത്രയോ ദിവസങ്ങള്‍ കുട്ടിക്കാലത്തുണ്ട്.

ക്രിക്കറ്റിനെ ഇഷ്ടപ്പെടാത്ത അച്ഛനും അമ്മയും. അവരുടെ കണ്ണുവെട്ടിച്ച് ഞായറാഴ്ചകളില്‍ കൂട്ടുകാര്‍ക്കൊപ്പം ചെറുക്ലബ്ബുകള്‍ നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ കളിക്കാനുള്ള യാത്രകള്‍. വിശന്നാലും, പിരിവിട്ട് ബോളുവാങ്ങുന്ന കാലം. കപില്‍ദേവ് കളിക്കുന്ന പവര്‍ എന്ന സ്റ്റിക്കറൊട്ടിച്ച ബാറ്റ് ആദ്യമായി കൈയ്യില്‍ കിട്ടുമ്പോള്‍ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. പിന്നെ, കാശ്മീര്‍ വില്ല ബാറ്റില്‍ നിന്നും ഇംഗ്ലീഷ് വില്ല ബാറ്റിലേക്ക് മാറുമ്പോള്‍ ക്രിക്കറ്റെന്ന ജ്വരം പൂര്‍ണ്ണമായി പിടിപെട്ടിരുന്നു. അങ്ങനെ, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കും പറയാനൊരു കഥയുണ്ടാകും.

അതെല്ലാം കപില്‍ദേവിന്റെ ചുണക്കുട്ടികള്‍ നേടിത്തന്ന ലോകകപ്പിന്റെ പിന്നില്‍ തീക്കിയിടാന്‍ പോന്ന കഥകള്‍ തന്നെയാണ്. എങ്കിലും കപില്‍ദേവിന്റെ ടീം നേടിത്തന്ന വിശ്വാസവും വിജയവും എന്നും ഓര്‍മ്മിക്കപ്പെടേണ്ടതു തന്നെയാണ്. കാരണം, ലോക ക്രിക്കറ്റില്‍ ഇന്ത്യ ഒന്നാമതു തന്നെയാണ്. മാത്രമല്ല, ഇന്ത്യയുടെ ചേരി പ്രദേശങ്ങളില്‍ നിന്നു പോലും ലോകോത്തര താരങ്ങല്‍ ഉദിച്ചുയര്‍ന്നിട്ടുണ്ട്. പ്രതീക്ഷയുടെ മൈതാനങ്ങളില്‍ ഇനിയും താരങ്ങള്‍ പരുവപ്പെട്ടു കൊണ്ടിരിക്കുന്നു. അവര്‍ക്കെല്ലാം പ്രചോദനമായി കപില്‍ദേവും ടീമും ഇന്നും മുന്നിലുണ്ട്. അവരെ മറക്കാന്‍ പറ്റുന്നതെങ്ങനെ. ലോകകപ്പ് ആദ്യമായി ഇന്ത്യിലെത്തിയിട്ട് 30 വര്‍ഷം തികഞ്ഞിരിക്കുന്നു.

ഇന്ത്യയുടെ അഭിമാന ടീമിന് ഒരു കൈയ്യടി നല്‍കാം.
പ്രൂഡന്‍ഷ്യല്‍ കപ്പ് എന്നറിയപ്പെട്ടിരുന്ന മുന്നാമത്തെ ലോകകപ്പ് മത്സരമായിരുന്നു 1983 ക്രിക്കറ്റ് ലോകകപ്പ്. ജൂണ്‍ 9 മുതല്‍ 25 വരെ ഇംഗ്ലണ്ടില്‍ വെച്ചാണ് നടന്നത്. എട്ട് രാജ്യങ്ങള്‍ പങ്കെടുത്തു. പ്രാഥമിക മത്സരങ്ങളില്‍, നാലു ടീമുകള്‍ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് ഗ്രൂപ്പുകള്‍. ഓരോ ഗ്രൂപ്പിലേയും ടീമുകള്‍ ആ ഗ്രൂപ്പിലെ മറ്റുടീമുകളുമായി രണ്ട് വീതം മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഓരോ ഗ്രൂപ്പിലേയും ഏറ്റവും മികച്ച രണ്ടു ടീമുകള്‍ സെമി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടി. 60 ഓവറുകള്‍ ഉള്‍കൊള്ളുന്നതായിരുന്നു ഈ മത്സരങ്ങള്‍. പരമ്പരാഗതമായ വെള്ളവസ്ത്രമായിരുന്നു കളിക്കാരുടെ വേഷം. പൂര്‍ണ്ണമായും പകല്‍വെളിച്ചത്തിലായിരുന്നു എല്ലാ കളികളും. ഫൈനലില്‍ ടോസ് നേടിയത് വെസ്റ്റിന്റീസ്.

ഇന്ത്യയെ ബാറ്റിംഗിനയച്ചു. തോല്‍വിയില്‍പ്പോലും വിജയം കാണുന്ന വെസ്റ്റിന്റീസിന്റെ കരുത്ത് ബൗളിംഗ് നിരയാണ്. അതുകൊണ്ട് ഇന്ത്യയെ എറിഞ്ഞൊതുക്കി വിജയം കൈയ്യിലൊതുക്കാമെന്ന് കണക്കു കൂട്ടി. വിന്റീസ് തീ ഉണ്ടകളായ റോബര്‍ട്ട്‌സ്, മാര്‍ഷല്‍, ജൊല്‍ ഗാര്‍ണര്‍, മൈക്കല്‍ ഹോള്‍ഡിംഗ്‌സ് എന്നിവര്‍ പിച്ചിനെ വിറപ്പിച്ചു. 120 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത മൊഹീന്ദര്‍ അമര്‍നാഥും 57 പന്തില്‍ 100റണ്ണെടുത്ത കൃഷ്ണമാചാരി ശ്രീകാന്തും മാത്രമാണ് വിന്റീസിന്റെ ബൗളിംഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയത്. ബാറ്റിംഗ് നിരയിലെ വാലറ്റക്കാരുടെ ആശ്ചര്യപ്പെടുത്തിയ പ്രതിരോധം ഇന്ത്യയെ 183റണ്‍സിലെത്തിക്കുകയായിരുന്നു.

54.4 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്റീസിന്റെ ബാറ്റിംഗ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഗ്രൗണ്ടില്‍ നിറഞ്ഞാടുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ വിവയന്‍ റിച്ചാര്‍ഡ്‌സണു മാത്രമേ ഭേദപ്പെട്ട റണ്‍സ് സ്‌കോര്‍ ചെയ്യാനായുള്ളൂ. 28 പന്തില്‍ നിന്ന് 33 റണ്‍സ്. റിച്ചാഡ്‌സന്റെ ക്യാച്ച് എടുത്ത കപില്‍ ദേവാണ് കളിയെ വഴിതിരിച്ചു വിട്ടത്. അമര്‍നാഥും(3) മദന്‍ലാലും(3) വെസ്റ്റിന്റീസിന്റെ വിക്കറ്റുകള്‍ പിഴുതെടുക്കുകയായിരുന്നു. അമര്‍നാഥായിരുന്നു ഏറ്റവും കുറഞ്ഞ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍. ഏഴ് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ നേടി.

കാലാവസ്ഥയുടെയും പിച്ചിന്റെയും അവസ്ഥ നല്ലപോലെ മുതലെടുത്ത്, അക്കാലത്തെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയെ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കായി. നിരനിരയായി വീണകൊണ്ടിരിക്കുന്ന വിക്കറ്റുകള്‍ക്കു പിന്നാലെ വിജയവും കൈവിട്ടു പോകുന്നുണ്ടെന്ന് വെസ്റ്റിന്റീസ് ടീമിന് ഏറെക്കുറെ ബോധ്യമാവുകയും ചെയ്തു. അങ്ങനെ 52 ഓവറില്‍ 140 റണ്‍സെത്തുമ്പോഴേക്കും വെസ്റ്റിന്റീസിന്‍രെ പരാജയം പൂര്‍ണ്ണമാവുകയായിരുന്നു. ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരയ വെസ്റ്റ് ഇന്‍ഡീസിനെ 43റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പില്‍ മുത്തമിടുമ്പോള്‍ ഒരു പുതിയ ചരിത്രം പിറവിയെടുക്കുകയായിരുന്നു.

ഇന്നും ഓരോ ഇന്ത്യാക്കാരനിലും ആ വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. അതിനു ശേഷം ലോകക്രിക്കറ്റിന്റെ ദൈവം തന്നെ പിറന്നത് ഇന്ത്യയിലാണ്. സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍. നമ്മുടെ സ്വന്തം സച്ചിന്‍. കേരളത്തില്‍ നിന്നും ശ്രീ ശാന്തും, സഞ്ജു സാംസണും, ടിനു യോഹന്നാനും, അനന്ത പദ്മനാഭനുമെല്ലാം ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചിട്ടുള്ളവരാണ്. കേരളാ ടീമിനു വേണ്ടി കളിച്ചവരും പ്രഗത്ഭരാണ്. എത്രയോ ക്രിക്കറ്റര്‍മാരെയാണ് കേരളം സംഭാവന ചെയ്തിരിക്കുന്നത്.

ജനകീയമായ കളിയായി മാറിയ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഏറെ സന്തോഷം തരുന്ന വാര്‍ത്തയാണ് 2023 ലോകകപ്പിലെ സന്നാഹ മത്സരത്തിന് കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നുവെന്നത്. കേരളത്തിലെ മൈതാനങ്ങളില്‍ കളിച്ചു വളരുന്ന കുരുന്നുകള്‍ സ്വപ്‌നം കാണുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന്, എന്നാല്‍, ആരോഗ്യമുള്ള ശരീരവും, ആരോഗ്യമുള്ള മനസ്സും, നല്ല ശീലങ്ങളും പഠിക്കാന്‍ കഴിയുമെന്ന വലിയ കാര്യം ക്രിക്കറ്റിലൂടെ കൈവരുമെന്ന് മറന്നു പോകരുത്.