
ഇനി വാട്സ്ആപ്പിൽ എച്ച്.ഡി ഫോട്ടോയും വീഡിയോയും അയക്കാം; ഇഷ്ടാനുസരണം സ്റ്റിക്കർ നിർമ്മിക്കാനുള്ള എഐ ഫീച്ചറും അവതരിപ്പിച്ചു
വാട്സ്ആപ്പിൽ ഫോട്ടോ ഷെയറിംഗ് സംവിധാനം അപ്ഡേറ്റ് ചെയ്തതായി മാർക്ക് സക്കർബർഗ്. ഇനി മുതൽ ഹൈഡെഫനിഷൻ (എച്ച്.ഡി) ഫോട്ടോകളും വീഡിയോയും വാട്സ്ആപ്പിൽ പങ്കുവെക്കാൻ കഴിയും. എച്ച്.ഡി (2000X3000 പിക്സൽ) സ്റ്റാൻഡേർഡ് (1365X2048 പിക്സൽ) നിലവാരത്തിലുള്ള ഫോട്ടോകൾ അയക്കാനായി ക്രോപ് ടൂളിന് അടുത്തായി ഒരു ഓപ്ഷനും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാൻ കഴിയുന്നതിനാൽ കണക്റ്റിവിറ്റിക്കനുസരിച്ച് ഫോട്ടോയുടെ ക്വാളിറ്റിയും മാറ്റാനാകും. ഈ സംവിധാനത്തിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനവും കമ്പനി നൽകുന്നുണ്ട്. ഇതോടെ വാട്സ്ആപ്പിലൂടെ അയക്കുന്ന ഫോട്ടോയുടെയും വീഡിയോയുടെയും ക്വാളിറ്റി കുറയുന്നുവെന്ന പരാതി പരിഹരിക്കപ്പെടും.
ഇഷ്ടാനുസരണം വിവരണം നൽകി സ്റ്റിക്കർ നിർമിക്കാനും പങ്കുവക്കാനും കഴിയുന്ന പുതിയ എ.ഐ ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ ഇത് ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ലഭ്യമാവുക. ബീറ്റാ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പിൽ കീബോർഡ് തുറക്കുമ്പോൾ സ്റ്റിക്കർ ടാബിനുള്ളിൽ ക്രിയേറ്റ് ബട്ടൺ ഉണ്ടാകും. ക്രിയേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആവശ്യാനുസരണം വിവരണം നൽകി സ്റ്റിക്കർ നിർമിക്കാം.
മെറ്റയുടെ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എ.ഐ സ്റ്റിക്കറുകൾ നിർമിക്കുന്നത്. ഇത്തരത്തിൽ നിർമിക്കുന്ന സ്റ്റിക്കറുകൾ മോശവും അപകടകരവുമാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനുളള സംവിധാനുമുണ്ട്.