viswa-natha-perumal-congress-udf

മുഖ്യമന്ത്രിക്ക് ഗേള്‍ ഫ്രണ്ടോ?, വിശ്വനാഥ പെരുമാള്‍ ‘പെട്ടു’

താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ ഫ്രണ്ടായ സ്വപ്‌നാ സുരേഷിന് എങ്ങനെയുണ്ട്, കേസെടുത്ത് പോലീസ്

തമിഴ്‌നാട്ടില്‍ നിന്നുള്ള ഐ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ കേരളത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്‌നാ സുരേഷ്, മുഖ്യമന്ത്രി പിണറായി വിജയന്റെ ഗേള്‍ഫ്രണ്ട് ആണോ എന്നതാണ് വിശ്വനാഥ പെരുമാളിന്റെ പ്രധാന സംശയം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിശ്വനാഥ പെരുമാളിന്റെ ഈ സംശയം തീര്‍ത്തു കൊടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകനായ പി.കെ. ബിജു കണ്ണൂര്‍ ടൗണ്‍ പോലീസിന് പരാതിയും നല്‍കി. പരാതി കിട്ടിയമാത്രയില്‍ വിശ്വനാഥ പെരുമാളിന്റെ വിവാദ പ്രസംഗത്തിനെതിരേ ഐ.പി.സി സെക്ഷന്‍ 183 പ്രകാരം കേസെടുക്കുകയും ചെയ്തു. ഇനി വിശ്വനാഥ പെരുമാളിനെ രക്ഷിക്കാന്‍ സാക്ഷാല്‍ പെരുമാള്‍ തന്നെ പ്രത്യക്ഷപ്പെട്ടേ മതിയാകൂ എന്ന അവസ്ഥയാണ്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു വിശ്വനാഥ പെരുമാളിന്റെ പരാമര്‍ശം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരന്‍ കൂടിയാണ് വിശ്വനാഥ പെരുമാള്‍. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പരാമര്‍ശം ഇങ്ങനെയായിരുന്നു ; മുഖ്യമന്ത്രി പിണറായി സര്‍, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ ഫ്രണ്ടായ സ്വപ്‌നാ സുരേഷിന് എങ്ങനെയുണ്ട്, എന്നായിരുന്നു. മഴപെയ്തു തണുത്തു കിടന്ന അന്തരീക്ഷത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ചൂടുപിടിപ്പിക്കാന്‍ വേണ്ടി നടത്തിയ പ്രസംഗം ആകെപ്പാടെ കത്തിപ്പിടിച്ച് പൊള്ളിയ അവസ്ഥയിലായിരിക്കുകയാണ്. മാര്‍ച്ചും പ്രകടനവും ചൂടന്‍ പ്രസംഗവുമെല്ലാം കഴിഞ്ഞ് വീട്ടില്‍ പോയ വിശ്വനാഥ പെരുമാളിനടക്കം മൂന്നു കോണ്‍ഗ്രസ്സ് നേതാക്കന്‍മാര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

സര്‍ക്കാരിനെയോ, മുഖ്യമന്ത്രിയെയോ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരേ അച്ചടക്കത്തിന്റെ വാളോങ്ങി നില്‍ക്കുമ്പോഴാണ് ഈ സംഭവം. അതും, നടു റോഡില്‍ മൈക്കും കെട്ടിയുള്ള പ്രസംഗം. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ആക്ഷേപങ്ങള്‍ കേട്ടതു കൊണ്ട് മുഖ്യമന്ത്രിക്ക് ഇതൊരു പ്രശ്‌നമല്ലെങ്കിലും, പാര്‍ട്ടി അണികള്‍ക്ക് പ്രശ്‌നമാണ്. സ്വര്‍ണ്ണക്കടത്ത് പ്രതിയായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടാണെന്ന് പറയാന്‍ എങ്ങനെ തോന്നി?. യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോള്‍ സ്വപ്‌നാ സുരേഷിനെ കോണ്‍സുലേറ്റിനൊപ്പമം കണ്ടിട്ടുള്ളതല്ലാതെ തനിച്ചോ, അനൗദ്യോഗിക കാര്യങ്ങള്‍ക്കോ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. കൂടാതെ, സ്വര്‍ണ്ണക്കടത്തുമായി തനിക്കും തന്റെ ഓഫീസിനും ഒരു ബന്ധവുമില്ലെന്നും സുവ്യക്തമായി പറഞ്ഞിട്ടുണ്ട്.

തന്നെ വലിച്ചിഴയ്ക്കുന്നത് പാര്‍ട്ടിയെ ഇല്ലാതാക്കാനും, തന്നെ കരിവാരി തേയ്ക്കാനുമുള്ള ഗൂഢ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം സമൂഹത്തിന്റെ മുമ്പിലുള്ളപ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്നും കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ വന്ന വിശ്വനാഥ പെരുമാള്‍ സ്വപ്‌നയെ മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടാക്കുന്നത്. മുഖ്യമന്ത്രി സ്വപ്‌നത്തില്‍പ്പോലും സ്വപ്നയെ കുറിച്ച് ഇങ്ങനെ ചിന്തിച്ചിട്ടില്ലെന്നുറപ്പാണ്. അവാസ്തവമായ കാര്യങ്ങള്‍ മൈക്കുകെട്ടി വിളിച്ചു പറയുന്നവര്‍ക്കെതിരേ കേസെടുക്കുക തന്നെ വേണം. ഇനി ഇക്കാര്യത്തില്‍ സ്വപ്‌നാ സുരേഷിന്റെ പ്രതികരണമാണ് പ്രധാനം. സ്വപ്‌ന നടത്തുന്ന പത്ര സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് എല്ലാവിധ ബഹുമാനങ്ങളും നല്‍കിക്കൊണ്ട് ‘ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍’ എന്നു വിളിച്ചാണ് തുടങ്ങുന്നത്. അതിനു ശേഷം പറയുന്നതെല്ലാം മുഖ്യമന്ത്രിയെ മണ്ണിട്ടു മൂടാനുള്ള കാര്യങ്ങളാണെന്നേയുള്ളൂ.

പക്ഷെ, വിശ്വനാഥ പെരുമാള്‍ പറയുന്നതു പോലെ ഗേള്‍ഫ്രണ്ട് ആകാന്‍മാത്രം മുഖ്യമന്ത്രിയുമായുള്ള ബന്ധം വളര്‍ന്നിരുന്നോയെന്ന് സ്വപ്‌നാ സുരേഷ് തന്നെ പറയേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഐടി. സെക്രട്ടറി ശിവശങ്കരനുമായി ഭാര്യാ-ഭര്‍തൃ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സ്വപ്‌നതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കരനും ഇക്കാര്യം പാതി സമ്മതിച്ച മട്ടായിരുന്നു. ലൈഫ് മിഷന്‍ അഴിമതി കരാറിലെ സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തല്‍ കേരളത്തില്‍ പൊട്ടിച്ചെറിയുടെ വക്കെത്തിയതാണ്. എന്നാല്‍, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു പ്രതിപക്ഷം വാ പോയ കോടാലി പോലെ ഉള്ളതു കൊണ്ട് ഇടതുപക്ഷം പിടിച്ചു നിന്നു.

പിന്നീട് വന്നത് അഴിമതികളുടെ കുത്തൊഴുക്കായിരുന്നു. ഈ ഒഴുക്കില്‍ നിന്നും ഒരു തുണ്ട് പ്രതിഷേധം പോലും നടത്താന്‍ പാങ്ങില്ലാതെ പോയവരുടെ ഭൂതകാലത്തിലുമുണ്ടായിരുന്നു ഒരു പാവം മുഖ്യമന്ത്രിയും, അദ്ദേഹത്തെ കുരുക്കിയ സോളാര്‍ പ്രതിയും. അന്ന്, പ്രതിപക്ഷത്തിരുന്ന ഇന്നത്തെ ഭരണക്കാര്‍ ഉമ്മന്‍ചാണ്ടിക്കെതിരേ ലൈംഗീകാരോപണം വരെ നിര്‍ദാക്ഷണ്യം ഉന്നയിച്ചിട്ടും ആ മനുഷ്യന്‍ ഒരാളെയും ഉപദ്രവിക്കാന്‍ തയ്യാറായില്ല എന്നതാണ് ചരിത്രം. ഇന്ന് സ്വപ്ന സുരേഷ് ഗേള്‍ ഫ്രണ്ടാണോ എന്നു ചോദിച്ചപ്പോള്‍ പരാതി കൊടുക്കാനും കേസെടുക്കാനും ആളും അര്‍ത്ഥവുമൊക്കെ ഉണ്ടായി എന്നത് എത്ര വിചിത്രമായിരിക്കുന്നു.

കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ലൈഫ് മിഷന്‍ പദ്ധതി. എന്നാല്‍, പാര്‍പ്പിട പദ്ധതിക്ക് വിദേശ ഫണ്ട് ലഭ്യമായപ്പോള്‍ മുതല്‍ പദ്ധതി തലതിരിഞ്ഞു. പിന്നീടുണ്ടായതെല്ലാം അണ്ടര്‍ വേള്‍ഡ് സംഭവങ്ങളാണ്. മുഖ്യമന്ത്രിയുടെ ഐ.ടി. സെക്രട്ടറി ഇപ്പോള്‍ ജയിലിലാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി. വിളിപ്പിക്കുകയും ചെയ്തു. സ്വപ്‌നാ സുരേഷ് അടക്കം പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മീറ്റിംഗിനെ കുറിച്ച് സ്വപ്‌ന പരസ്യമായി പറഞ്ഞിട്ടുമുണ്ട്. അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലും ഇതുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിനെ വഴി തെറ്റിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൊണ്ടുപോയെന്നും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും ഭാര്യയും മകളും കോണ്‍സുലേറ്റും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സവ്പ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ വിശ്വനാഥ പെരുമാളിന് സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയിച്ചു പോകും. ആ സംശയം കൊണ്ടായിരിക്കും ആണ്ടവന്‍ പെരുമാളിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് വിശ്വനാഥന്‍ മുഖ്യമന്ത്രിക്കെതിരേ ഈ ആരോപണം തട്ടിവിട്ടത്. ഇനി എങ്ങാനും ഇത് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഗുണം ചെയ്താലോ എന്നും ചിന്തിച്ചിട്ടുണ്ടാകും.

Leave a Reply

Your email address will not be published.

mazha-school-avadhi-teachers Previous post കനത്ത മഴ : പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
school-christian-bajrang-dal-teacher Next post സ്കൂളിൽ ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടു; പ്രിൻസിപ്പലിനെ മർദിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ