vinayakan-mammootty-malayalam cinema-award-umman-chandi

തിരിച്ചടിക്കാന്‍ ഒരുങ്ങി വിനായകന്‍

വിനായകനെ മാത്രം വേട്ടയാടാന്‍ ആരും വരണ്ടെന്ന് ഇടതു സൈബര്‍ പോരാളികള്‍, ഒന്നും ചെയ്യണ്ടെന്ന് ചാണ്ടി ഉമ്മന്‍

സ്വന്തം ലേഖകന്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ വീടിനു നേരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി കൊടുക്കാനൊരുങ്ങി വിനായകന്‍. പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു എന്ന് ആരോപിച്ച് വിനായകന്‍ പൊലീസില്‍ പരാതി നല്‍കും. കലൂരിലെ ഫ്‌ളാറ്റിലെ ജനല്‍ ചില്ലകള്‍ തകര്‍ത്തു എന്നാണ് വിനായകന്റെ പരാതി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ളാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വാക്കാല്‍ മാത്രമാണ് വിനായകന്‍ പരാതി നല്‍കിയിരിക്കുന്നത്. എഴുതി നല്‍കിയിട്ടില്ല, ഉടന്‍ തന്നെ പരാതി നല്‍കുമെന്നാണ് വിവരം. അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്നാണ് വിനായകന്റെ ആവശ്യം.

കഴിഞ്ഞ ദിവസം വിനായകന്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ആരാണ് ഈ ഉമ്മന്‍ചാണ്ടി, എന്തിനാണ് മൂന്നുദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് വിനായകന്‍ ഫെയ്സ്ബുക് ലൈവിലൂടെ ഉന്നയിച്ചത്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ വീഡിയോ പിന്‍വലിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ ഫെയ്സ്ബുക് ലൈവിലൂടെ അപമാനിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണ് സെന്‍ട്രല്‍ എ.സി.പി സി. ജയകുമാറിന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. വികാരം വ്രണപ്പെടുത്തി മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും പ്രകോപനപരമായ പ്രസ്താവന നടത്തിയതിനുമാണ് കേസ്. ഇതിനുപുറമെ നാല് പരാതികളും എറണാകുളം നോര്‍ത്ത് പൊലീസിന് ലഭിച്ചു. ഇതിന് പിന്നാലെയാണ് വീട് ആക്രമിച്ചതിന്റ പേരിലുള്ള പരാതിയും വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ലൈവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കം നടത്തുകയാണ് കേസ് നല്‍കിയതിലൂടെ വിനായകന്‍.

രണ്ടു കേസുകളും പോലീസ് പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇരു വിഭാഗത്തില്‍ നിന്നും പോലീസ് മൊഴി എടുക്കും എന്ന് അറിയിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വിനായകന്റെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. അന്തരിച്ച ഉമ്മന്‍ചാണ്ടിക്ക് ജയ് വിളിച്ച് കൊണ്ടാണ് പ്രവര്‍ത്തകര്‍ ഇവിടെ എത്തിയത്. ആക്രമണം തുടര്‍ന്ന ഇവരെ പൊലീസും ഫ്ളാറ്റിലെ സുരക്ഷ ജീവനക്കാരും ചേര്‍ന്നാണ് മാറ്റിയത്. അതേസമയം, സി.പി.എമ്മിന്റെ സോഷ്യല്‍ മീഡയയിലെ കേരളാ സൈബര്‍ വിംഗ് എന്ന ഗ്രൂപ്പ് വിനായകന് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. മുരുകന്‍ കടവില്‍ എന്ന സഖാവ് കേരളാ സൈബര്‍ വിംഗില്‍ ഇട്ട പോസ്റ്റ് ഇങ്ങനെയാണ്;
‘ വിനായകന്റെ പ്രതികരണത്തില്‍ തെറ്റുണ്ടെങ്കില്‍ ആ തെറ്റ് ഇതിനു മുന്‍പേ പറഞ്ഞവര്‍ ആദ്യം തിരുത്തട്ടെ. രക്ത സാക്ഷികള്‍ ചത്തു പോയി എന്നുപറഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സഖാവ് കുഞ്ഞനന്തന്‍ ചത്തുവെന്ന് ആഘോഷിച്ച് പോസ്റ്റും കമന്റും ഇട്ടവര്‍, മരണം ആരെയും വിശുദ്ധനാക്കുന്നില്ല എന്ന പി.ടി. തോമസ് വചനം ഇതൊക്കെ, തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ വിനായകനെ മാത്രം വേട്ടയാടാന്‍ ആരും വരണ്ട.’

സമാനമായ വേര്‍തിരിവുകളും പ്രതികരണങ്ങളും ചലച്ചിത്ര മേഖലയില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. വിനായകന്‍ പറഞ്ഞില്‍ തെറ്റില്ലെന്നും തെറ്റുണ്ടെന്നും പറയുന്നവര്‍. അതേസമയം, വിനായകന്റെ ഫെയ്‌സ്ബുക്ക് ലൈവിനെ കുറിച്ച് ചാണ്ടി ഉമ്മനോട് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൃത്യവും വ്യക്തവുമായ ഉത്തരമാണ് ലഭിച്ചത്. ‘ അപ്പച്ചനുണ്ടായിരുന്നെങ്കില്‍, എന്തായിരിക്കും സംഭവിക്കുക, വിനായകന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിനെ വലിയ പ്രശ്‌നമാക്കണ്ട. കേസ് കൊടുതതിട്ടുണ്ടെങ്കില്‍ അതൊന്നും ചെയ്യാതിരിക്കുക. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അതിനെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നുമാണ് ചാണ്ടിഉമ്മന്‍ പറഞ്ഞത്. അതേസമയം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മമ്മൂട്ടിയുടെ പ്രതികരണം അത്രയേറെ ജനകീയമായിരിക്കുകയാണ്. 13 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം എത്തിയിരിക്കുന്നത്. എന്നാല്‍ ആഘോഷങ്ങളില്‍ നിന്നെല്ലാം ബോധപൂര്‍വ്വം മാറി നില്‍ക്കുകയാണ് മമ്മൂട്ടി. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ് കോഴ്‌സില്‍ പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് സെറ്റിലെത്തിയത്. അവാര്‍ഡ് വിവരമറിഞ്ഞ് മാധ്യമങ്ങള്‍ അന്വേഷിക്കുന്നതായി നിര്‍മാതാവ് ആന്റോ ജോസഫിന്റെ വിളിയെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞു ‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല.

അത് മാധ്യമങ്ങളെ അറിയിക്കണം’. ഇതായിരുന്നു മഹാനടന്റെ പ്രതികരണം. ഓരോ വ്യക്തിത്വങ്ങള്‍ മരണപ്പെടുമ്പോഴാണ് അയാള്‍ സമൂഹത്തില്‍ എത്രത്തോളം വലിയമനുഷ്യനായിരുന്നു എന്ന് മനസ്സിലാകുന്നത്. അതുപോലെത്തന്നെ അയാളെ കുറിച്ച് സമൂഹത്തില്‍ ഉണ്ടാകുന്ന വ്യത്യസ്ത അഭിപ്രായങ്ങളും. അഭിപ്രായങ്ങള്‍ പറയാനുള്ളത് തന്നെയാണ്. പക്ഷെ, അത് പറയുമ്പോള്‍ ഭാഷ, മാന്യവും പക്വവുമായിരിക്കണം എന്നു മാത്രം. അത് ആരെക്കുറിച്ചായാലും. വിനായകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല, പക്ഷെ, പറയുന്ന അഭിപ്രായം സമൂഹത്തില്‍ ഭൂരിപക്ഷത്തിന് മുറിവേല്‍ക്കുന്നതാണെങ്കില്‍ അത് ഒഴിവാക്കുകയോ, മറ്റൊരു വേളയില്‍ പറയുകയോ ചെയ്യുകയോ ആയിരുന്നു വേണ്ടത് എന്ന അഭിപ്രായക്കാരാണ് ഏറെയും. എന്തും വിളിച്ചു പറയാനാകുന്ന ഒരിടമായി സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളെ ദുരുപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. വരും തലമുറയുടെ ആയുധമാണ് സോഷ്യല്‍ മീഡിയ. അവരെ വഴിതെറ്റിക്കാനും നേര്‍വഴി നടത്താനും സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. അവിടെ നമ്മള്‍ ജാഗരൂകരായിരിക്കണം. പ്രത്യോകിച്ച് സമൂഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന രാഷ്ട്രീയക്കാരും ചലച്ചിത്ര പ്രവര്‍ത്തകരും.

Leave a Reply

Your email address will not be published.

cpm-puthuppally-veed-election Previous post പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്നേക്കും; ചര്‍ച്ചചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
manippooori-issue-maythi-kukk Next post സ്ത്രീസുരക്ഷയില്‍ പരാജയം: സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച രാജസ്ഥാനിലെ മന്ത്രി മണിക്കൂറുകള്‍ക്കകം പുറത്തായി