
വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു
കന്നഡ നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു. 35 വയസായിരുന്നു. ബാങ്കോക്കിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് സ്പന്ദനയുടെ അന്ത്യം. ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ സ്പന്ദനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാളെ ബംഗളൂരുവിൽ എത്തിക്കുമെന്നാണ് സൂചന. വിവരം അറിഞ്ഞതിന് പിന്നാലെ പിതാവ് ബികെ ശിവറാം അടക്കമുള്ള അടുത്തബന്ധുക്കൾ ബാങ്കോക്കിലേക്ക് തിരിച്ചിട്ടുണ്ട്.
ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയായിരുന്നു സ്പന്ദനയുടെ മരണം. കിസ്മത്, അപൂർവ എന്നീ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ട് വയസായ ശൗര്യ ഏക മകനാണ്.