
സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട്, പൊതുപ്രവർത്തകർക്ക് ജാഗ്രത വേണം: മുല്ലപ്പള്ളി രാമചന്ദ്രൻ
മോൻസണുമായുള്ള സുധാകരന്റെ ബന്ധത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട് എന്ന ബോധം പൊതു പ്രവർത്തകർക്ക് വേണം. സുധാകരൻ മോൺസൻ്റെ അടുത്ത് പോയതിൽ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ എഐസിസി നേതൃത്വം ഇടപെടണം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. കേരളത്തിലെ പ്രശ്നം എന്ന പേരിൽ കേന്ദ്ര നേതാക്കൾ മാറി നിൽക്കരുത്. കേരളത്തിൽ മുമ്പും കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമാണ് തർക്കങ്ങൾ. അതെല്ലാം പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് വിവാദം ഒറ്റപ്പെട്ട സംഭവമായി കരുതേണ്ടതില്ല. ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ നിലയിലായെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മോന്സണ് മാവുങ്കലിന്റെടുത്തേക്ക് ചികിത്സയ്ക്ക് താന്‍ മാത്രമല്ല സിനിമാതാരങ്ങളും പൊലീസ് ഓഫീസര്‍മാരും പോയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ പ്രതികരിച്ചിരുന്നു. സിനിമാ നടന് ദേവനെ അവിടെ കണ്ടിട്ടുണ്ട്. ഉന്നതരായ മറ്റു പലരെയും അവിടെ കണ്ടിട്ടുണ്ട്. നാട്ടുവൈദ്യങ്ങളില് വിശ്വസിക്കുന്നയാളാണ് താന്‍. വയനാട്ടിലെ കേളുവൈദ്യര്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സകൊണ്ടു തനിക്ക് ഏറെ ഗുണം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോന്‍സന്റെയടുത്തു പോയത്. അയാള്‍ ചെയ്ത കാര്യങ്ങള്‍ നിയമത്തിന് മുന്പില് അതീവ ഗുരുതരമായ തെറ്റുകളാണ്. അതിനെയൊന്നും ന്യായീകരിക്കാന്‍ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.