
വേണാടിന്റെ വൈകിയോട്ടം, നിസ്സഹായരായ യാത്രക്കാരുടെ വിലാപങ്ങൾ ജനപ്രതിനിധികളിലേയ്ക്ക്
എറണാകുളം ജില്ലയിലേക്ക് ജോലിസംബദ്ധമായ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് 16301/02 വേണാട് എക്സ്പ്രസ്സ്. എന്നാൽ വേണാട് പതിവായി അരമണിക്കൂറിലേറെ വൈകിയാണ് ഇപ്പോൾ കോട്ടയം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ എത്തിച്ചേരുന്നത്. ഇതുമൂലം റെയിൽ മാർഗം തിരുവനന്തപുരത്ത് നിന്ന് കോട്ടയം ജില്ലയിൽ 09.00 മണിയ്ക്ക് മുമ്പ് ഓഫീസ് സമയം പാലിക്കുകയെന്നത് അസാധ്യമായി തീർന്നിരിക്കുകയാണ്. അതുപോലെ കേരളത്തിന്റെ ഐ റ്റി ഹബ്ബ് എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയിലെ ജീവനക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചു കൊണ്ടിരുന്ന ട്രെയിനായിരുന്നു വേണാട്. എന്നാൽ സ്ഥിരമായി 09.45 ന് ശേഷമാണ് വേണാട് ഇപ്പോൾ തൃപ്പൂണിത്തുറയിൽ എത്തിച്ചേരുന്നത്. എല്ലാ ഓഫീസുകളും പഞ്ചിങ് കർശനമാക്കിയിട്ടുണ്ട്. 10 മണിയ്ക്ക് ഓഫീസിൽ എത്തിച്ചേരാൻ കഴിയാതെ വരികയും പകുതി സാലറിയും ജോലിയും വരെ നഷ്ടമാകുന്ന സാഹചര്യമാണ് ഇപ്പോളുള്ളത് . യാതൊരു നിവർത്തിയുമില്ലാത്ത സ്ത്രീജനങ്ങൾ പലരും ജോലി ഉപേക്ഷിക്കാൻ പോലും നിർബന്ധിതരായി തീർന്നിരിക്കുകയാണ്.

06.58 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ്സിൽ യാത്രചെയ്യുന്നതിന് സ്റ്റേഷനിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്നത് സ്ത്രീകളെയും വിദ്യാർത്ഥികളെയും കൂടുതൽ നിസഹായരാക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ നിന്ന് പ്രാദേശിക ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പേ പാലരുവി കടന്നുപോകുന്നതിനാൽ വേണാട് മാത്രമാണ് ഏക ആശ്രയം. ഈ സാഹചര്യത്തിൽ വേണാട് പതിവായി വൈകുന്നതിനാൽ ജോലിസ്ഥലങ്ങളിൽ കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവപ്പെടുന്നത്.. വേണാടിൽ ഇപ്പോൾ ഒരു ദിവസം പോലും വിശ്വസിച്ച് യാത്ര ചെയ്യാൻ സാധിക്കുന്നില്ല. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അതിസാധാരണ കുടുംബങ്ങളിൽ നിന്നുള്ള നല്ലൊരു ശതമാനം യാത്രക്കാരും ജോലി നഷ്ടമാകുമെന്ന ഭയം മൂലം വലിയ സാമ്പത്തിക ബാധ്യത സഹിച്ചുകൊണ്ട് ബസിനെ ആശ്രയിക്കുകയാണ്. രോഗബാധിതരായ മാതാപിതാക്കൾക്കുള്ള മരുന്നും ഭക്ഷണവും കുട്ടികളെ സ്ക്കൂളിൽ അയക്കാനും മറ്റുമുള്ള വീട്ടുജോലികൾ പൂർത്തിയാക്കി ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം ഭാഗത്തുള്ള സ്ത്രീകൾ പുലർച്ചെ 05.30 നോ അതിന് മുമ്പോ വീടുകളിൽ നിന്ന് ഇപ്പോൾ യാത്രതിരിക്കുകയാണ്. വേണാട് വൈകുന്നത് മൂലം രണ്ടുമണിക്കൂറുകൾക്ക് മുമ്പേയെത്തുന്ന പാലരുവി, മെമു സർവീസുകളെയാണ് ഗത്യന്തരമില്ലാതെ സ്ത്രീകളും വിദ്യാർത്ഥികളും ആശ്രയിക്കുന്നത്.

വേണാട് കൃത്യസമയം പാലിച്ചാൽ യാത്രക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുന്നതാണ്. തൃപ്പൂണിത്തുറയിൽ എറണാകുളം ജംഗ്ഷനിലേയ്ക്ക് 40 മിനിറ്റാണ് വേണാടിന് റെയിൽവേ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അരമണിക്കൂറിലേറെ വൈകിയോടുന്ന വേണാട് എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ കൃത്യസമയം രേഖപ്പെടുത്തുന്നു. ഇങ്ങനെ കൃത്രിമമായി സമയക്രമം പാലിക്കുന്നതായി അവകാശപ്പെടുന്നത് മൂലം യാത്രക്കാരുടെ രോദനം റെയിൽവേ കേട്ടതായി ഭാവിക്കുന്നില്ല.

വന്ദേഭാരതിന് വേണ്ടി പുതുക്കിയ സമയക്രമം നടപ്പിലാക്കിയതാണ് വേണാടിലെ യാത്രക്കാരെ കൂടുതൽ ബാധിച്ചത്. വന്ദേഭാരത് വരുന്നതിന് മുമ്പ് 05.15 ന് ആയിരുന്നു തിരുവനന്തപുരത്ത് നിന്ന് വേണാട് പുറപ്പെട്ടുകൊണ്ടിരുന്നത്. ഇപ്പോൾ 05.20 ന് വന്ദേഭാരതും 05.25 ന് വേണാടും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ചുമിനിറ്റ് വ്യത്യാസത്തിൽ പലപ്പോഴും വേണാടിന് പുറപ്പെടാനുള്ള സിഗ്നൽ ലഭിക്കാറില്ല. വന്ദേഭാരത് കോട്ടയമെത്തുമ്പോൾ വേണാട് പകുതി ദൂരം പോലും ഓടിയെത്തുന്നില്ല. ഇന്റർസിറ്റി നൽകുന്ന അമിത പ്രാധാന്യം കാരണം കായംകുളം ജംഗ്ഷനിൽ വേണാട് ആദ്യമെത്തിയാലും ഇന്റർസിറ്റി സ്റ്റേഷനിൽ കയറിയ ശേഷമാണ് സിഗ്നൽ നൽകുന്നത്. തീർത്തും അപ്രാപ്യമായ ഒരു സമയക്രമം ലോക്കോ പൈലറ്റുമാരിൽ അടിച്ചേൽപ്പിക്കുന്നത് മൂലം സ്റ്റേഷനുകളിൽ യാത്രക്കാർ പൂർണ്ണമായും കയറാനോ ഇറങ്ങാനോ അവസരം നൽകാതെ സിഗ്നൽ നൽകുകയും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുമുണ്ട്. വേണാട് വൈകുന്നത് മൂലം മാനസികമായും ശാരീരികമായും വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് യാത്രക്കാർ ജോലി സ്ഥലങ്ങളിൽ എത്തുന്നത്.

അതിരൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിന് ട്രെയിൻ നമ്പർ 16302 വേണാട് എക്സ്പ്രസ്സ് ഇരട്ടപാതയ്ക്ക് മുമ്പ് ഉണ്ടായിരുന്ന സമയക്രമമായ 05.05 ലേയ്ക്ക് പുന ക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അങ്ങനെയാണെങ്കിൽ 05.20 ന് പുറപ്പെടുന്ന വന്ദേഭാരതിന് വേണ്ടി ഇടയിൽ പിടിച്ചിട്ടാൽ പോലും വേണാട് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, കോട്ടയം, തൃപ്പൂണിത്തുറ, സ്റ്റേഷനുകളിലടക്കം കൃത്യസമയം പാലിക്കുന്നതാണ്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി എറണാകുളം വരെയുള്ള ബഹുഭൂരിപക്ഷം ആളുകൾ ഉപജീവന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന വേണാട് എക്സ്പ്രസ്സ് കൃത്യസമയം പാലിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ അടിയന്തിര മായി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിക്കുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ. അറിയിച്ചു. വേണാട് കടന്നുപോകുന്ന ലോക്സഭാമണ്ഡലങ്ങളിലെ ജനപ്രതിനിധികൾക്കും രാജ്യസഭാ എം പി മാർക്കും റെയിൽവേ മന്ത്രിയ്ക്കും സംസ്ഥാന കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകുന്നുണ്ട്. LHB കോച്ചുകൾ നൽകിയതിലൂടെ വേണാടിന് എന്നും ഒരു പ്രത്യേക പരിഗണന നൽകുന്ന റെയിൽവേ ഈ പ്രശ്നത്തിനും ഉടനടി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
പ്രധാന സ്റ്റേഷനുകളിൽ ഇന്ന് വേണാട് എത്തിച്ചേർന്ന സമയവും ബ്രായ്ക്കറ്റിൽ യഥാർത്ഥ സമയക്രമവും
കൊല്ലം – 07:00 (06:34)
കരുനാഗപ്പള്ളി – 07:32(07:05)
കായംകുളം – 07:47 (07:18)
ചെങ്ങന്നൂർ – 08:20(07:42)
തിരുവല്ല – 08:31(07:53)
ചങ്ങനാശ്ശേരി -08:42 (08:03)
കോട്ടയം – 09:01(08:22)
ഏറ്റുമാനൂർ – 09:17(08:37)
പിറവം – 09:37(08:58)
തൃപ്പൂണിത്തുറ : 09:56 (09:19)