
മണിവീണ നാദത്തിൽ, പുള്ളുവൻ പാട്ടിലലിഞ്ഞ് കണ്ണശയിൽ വേറിട്ട സംഗീതദിനാചരണം
ജനാർദ്ദനൻ ആശാൻ മീട്ടിയ മണിവീണ നാദം, അനിലിൻ്റെ പുള്ളുവൻപാട്ട്, ശ്രീകുമാരൻ നായരുടെ തോറ്റംപാട്ടിലെ ഗണപതി സ്തുതി, കരുണാകര പണിക്കരും ശിഷ്യൻ കുമാറും തീർത്ത ചെണ്ടയിലെ ഉഗ്രതാളം… പാരമ്പര്യ, അനുഷ്ഠാന കലയുടെ താളത്തിലും പാട്ടിലുമലിഞ്ഞ് കണ്ണശ സ്കൂളിലെ വിദ്യാർത്ഥികൾ.

ലോകസംഗീത ദിനമായ ഇന്നലെ ഒരു മണിക്കൂർ നേരം പേയാട് കണ്ണശ മിഷൻ സ്കൂൾ അങ്കണത്തിൽ സംഗീതമഴ പെയ്തിറങ്ങുകയായിരുന്നു. ഒപ്പം താളമിട്ട് കുട്ടികൾ ഇതുവരെ കേൾക്കാത്ത സംഗീതം ആസ്വദിച്ചു. അന്യം നിന്നുപോയ പാരമ്പര്യ കലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു സ്കൂൾ ലക്ഷ്യമിട്ടതെന്ന് മാനേജർ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക ശ്രീദേവി എന്നിവർ പറഞ്ഞു.

വേറിട്ട വാദ്യോപകരണങ്ങളുമായി സ്കൂളിലെത്തിയ നാട്ടിലെ കലാകാരന്മാരെ ഉപഹാരം നൽകി ആദരിച്ചു. ജനാർദ്ദനൻ ആശാൻ തൻ്റെ ഉപാസനാ വാദ്യോപകരണമായ മണിവീണയിൽ ഒന്ന് സ്കൂളിലെ ചരിത്ര മ്യൂസിയത്തിന് സമ്മാനിച്ചാണ് മടങ്ങിയത്.

ചിത്രം: പേയാട് കണ്ണശമിഷൻ ഹൈസ്കൂളിൽ നടന്ന സംഗീത ദിനാചരണം