vd-satheesan-udf-congress

മഹാമൗനത്തിന്റെ മാളങ്ങളിലൊളിച്ച മുഖ്യമന്ത്രി; സംവാദത്തിന് പിണറായി വിജയനെ വെല്ലുവിളിച്ച് വിഡി സതീശൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വികസനം അടക്കം ഏതു വിഷയത്തിലും സംവാദമാകാം. മുഖ്യമന്ത്രി ഒന്നു സംസാരിച്ചു കിട്ടിയാൽ മതി. അദ്ദേഹം വാ തുറന്നിട്ട് ഇപ്പോൾ ആറു മാസമായി. മുഖ്യമന്ത്രിയെയും കുടുംബത്തെയും പറ്റി ഗുരുതരമായ 6 ആരോപണങ്ങൾ പുറത്തുവന്നിട്ടും വാ തുറക്കാത്തയാൾ നയിക്കുന്ന പാർട്ടിയാണോ ഞങ്ങളെ സംവാദത്തിനു വിളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.‘‘എല്ലാ 5 വർഷം കഴിയുമ്പോഴും മണ്ഡലത്തിൽ എന്താണു ചെയ്തതെന്നു ജനങ്ങളെ അറിയിക്കുന്ന ഒരു ലഘുപുസ്തകം ഉമ്മൻ ചാണ്ടി പുറത്തിറക്കാറുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓരോ പ‍ഞ്ചായത്തിലും എന്തൊക്കെയാണു ചെയ്തതെന്നു അതിൽ പറയുന്നുണ്ട്. 25 വർഷമായി പുറത്തിറക്കുന്ന ഈ രേഖ ഞങ്ങളുടെ പക്കലുണ്ട്. വിസ്മയകരമായ വികസനം നടന്നിട്ടുള്ള സ്ഥലമാണു പുതുപ്പള്ളി”- സതീശൻ വ്യക്തമാക്കി.”ഉമ്മൻ ചാണ്ടിയുടെ ഓർമകളെ കളങ്കപ്പെടുത്താനും, പ്രതിക്കൂട്ടിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിനെ രക്ഷിക്കാനുമുള്ള കെണിയാണ് ഇടതുപക്ഷം ഉയർത്തുന്ന വികസന ചർച്ച. ആ കെണിയിൽ ഞങ്ങൾ വീഴില്ല. ഉമ്മൻ ചാണ്ടി എന്തു ചെയ്തെന്ന ചോദ്യത്തിന് എല്ലാ വീടുകളിലും എത്തിക്കുന്ന മറുപടിയാണ് ഈ പുസ്തകം. തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അജൻഡ സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ ഓഫിസിലിരുന്ന് ആരും നിശ്ചയിക്കേണ്ട. അത് ഞങ്ങൾ ഞങ്ങൾ നിശ്ചയിക്കും. ഇതിനനുസരിച്ച് വേണമെങ്കിൽ അവർക്കു വരാം”- അദ്ദേഹം കൂട്ടിച്ചേർത്തു.”മുഖ്യമന്ത്രിയോടുള്ള സംവാദത്തിനു പ്രതിപക്ഷ നേതാവെന്ന നിലയിൽ ‍ഞാൻ തയാറാണ്. അദ്ദേഹം അത്രയൊന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി ആദ്യമൊരു വാർത്താസമ്മേളനം നടത്തട്ടെ. മഹാമൗനത്തിന്റെ മാളങ്ങളിലൊളിച്ച മുഖ്യമന്ത്രിയെയാണ് ഞങ്ങൾ വെല്ലുവിളിക്കുന്നത്. മാസപ്പടി ആരോപണത്തെപ്പറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് എന്താണറിയുക? അദ്ദേഹമല്ല വാങ്ങിയത് എന്നിരിക്കെ എന്തിനാണ് മറുപടി പറയുന്നത്? യുഡിഎഫ് നേതാക്കളെപ്പറ്റി ആക്ഷേപമുണ്ടായപ്പോൾ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങൾക്കു മുന്നിൽവന്ന് അവർക്കു പറയാനുള്ളതു പറഞ്ഞു.””മുഖ്യമന്ത്രിയെക്കുറിച്ചും കുടുംബത്തെപ്പറ്റിയും ആരോപണം ഉയരുമ്പോൾ മറുപടി പറയേണ്ടത് അവർ തന്നെയാണ്. അല്ലാതെ ഗോവിന്ദനല്ല. നാലാം നിരയിലുള്ള നേതാക്കൾ പുതുപ്പള്ളിയിലെ റോഡിനെപ്പറ്റിയും മറ്റും ചർച്ചയ്ക്കു വിളിച്ചാൽ ഞങ്ങളെ കിട്ടില്ല. പുതുപ്പള്ളിയെപ്പറ്റിയല്ല, കേരളത്തെക്കുറിച്ച് ചർച്ച ചെയ്യാം. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമെന്നു ഗോവിന്ദൻ ആദ്യം പറഞ്ഞിരുന്നു. ജനം വിലയിരുത്തട്ടെ’’– സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published.

dog-byte-baby-guruvayoor Previous post ഗുരുവായൂരിൽ നാലുവയസുകാരന് നേരെ തെരുവുനായ ആക്രമണം
earphone-ear buds-sound Next post ഇയര്‍ഫോണ്‍ വൃത്തിയാക്കാറുണ്ടോ?; ഓര്‍മപ്പെടുത്താന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍