
കേരളത്തിന് ഒരു വന്ദേഭാരത് കൂടി അനുവദിക്കും; മോദിയുടെ ഓണസമ്മാനമാണിതെന്ന് സുരേന്ദ്രൻ
സംസ്ഥാനത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പു നൽകിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ട്രെയിൻ ആവശ്യപ്പെട്ടു താൻ കത്തയച്ചതിനെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കാസർകോട് – തിരുവനന്തപുരം റൂട്ടിലാണ് ഈ ട്രെയിൻ സർവീസും വരിക.‘‘കേരളീയർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നൽകിയ വന്ദേഭാരത് എക്സ്‌പ്രസിനെ കേരളം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ ട്രെയിനിലുള്ള തിരക്കിനെ തുടർന്നാണ് കേന്ദ്ര സർക്കാർ അതേ റൂട്ടിൽ രണ്ടാമത്തെ വന്ദേ ഭാരതും അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ട് കത്ത് നൽകിയതിനെ തുടർന്നു കേന്ദ്രം അടിയന്തരമായി ഈ വിഷയത്തിൽ നടപടി എടുക്കുകയായിരുന്നു.’’– സുരേന്ദ്രൻ വ്യക്തമാക്കി.ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് എന്നാണു തിരുവനന്തപുരം – കാസർകോട് ആണെന്നാണ് റെയിൽവേ പറയുന്നത്. വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് എത്തിയിട്ടുണ്ട്. അതേസമയം മംഗളൂരു – തിരുവനന്തപുരം, എറണാകുളം – ബെംഗളൂരു, തിരുനെൽവേലി – ചെന്നൈ, കോയമ്പത്തൂർ – തിരുവനന്തപുരം റൂട്ടുകളിലും വന്ദേഭാരത് സർവീസ് വേണമെന്ന ആവശ്യമുയരുന്നുണ്ട്.