
വന്ദേഭാരത് വരും, മോദിയുടെ ഓണസമ്മാനം
കെ. റെയിലും മഞ്ഞക്കുറ്റിയും പറിച്ചോടുന്നവരെ നോക്കി പ്രധാനമന്ത്രി വന്ദേഭാരത് പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍
കെ. റെയിലിന്റെ മഞ്ഞക്കുറ്റിയും പറിച്ച് ഓടുന്ന കേരളത്തെ നോക്കി പ്രധാനമന്ത്രി നരേന്ദ്രമോദി, ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി പ്രഖ്യാപിക്കാന്‍ പോവുകയാണ്. ആ പ്രഖ്യാപനത്തിനു വേണ്ടിയാണ് ഇനി കരളീയരുടെ കാത്തിരിപ്പ്. യാത്രാ ക്ലേശം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന വലിയ നടപടിയായിട്ടാണ് രണ്ടാമത്തെ വന്ദേ ഭാരതിനെ കേരള ജനത കാണുന്നത്. കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി കാണിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും നന്ദി പറയുകയാണ് ഓരോ യാത്രക്കാരും. ഒരു വന്ദേ ഭാരത് ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കേന്ദ്രത്തിന് നേരത്തെ കത്തയച്ചിരുന്നു. കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലാകും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ”കേരളീയര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്.

വിഷുക്കൈനീട്ടമായി കേന്ദ്രം നല്കിയ വന്ദേഭാരത് എക്സ്പ്രസിനെ കേരളം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേരളത്തിന് ആദ്യം ലഭിച്ച വന്ദേഭാരതില്‍ യാത്രചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്ദ്ധയാണുണ്ടായിട്ടുള്ളത്. കൂടുതല്‍ ട്രെയിനുകള്‍ ലഭ്യമാക്കിയാല്‍ യാത്രക്കാരുടെ എണ്ണവും അതു പോലെ വര്‍ദ്ധിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വന്ദേഭാരത് കേരളത്തിലേക്ക് എത്താന്‍ പോകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സര്‍വീസ് തിരുവനന്തപുരം -കാസര്‍കോട് ആണെന്നാണ് റെയില്‍വേ പറയുന്നത്. വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് എത്തിയിട്ടുണ്ട്.

അതേസമയം മംഗളൂരു-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു, തിരുനെല്‍വേലി-ചെന്നൈ, കോയമ്പത്തൂര്‍ -തിരുവനന്തപുരം റൂട്ടുകളിലും വന്ദേഭാരത് സര്‍വീസ് വേണമെന്ന ആവശ്യമുയരുന്നുണ്ട്. എന്നാല്‍, ഈ അവശ്യങ്ങള്‍ റെയില്‍വേ എങ്ങനെ പരിഗണിക്കുമെന്നത് കാത്തിരുന്ന് കാണണം. അതേസമയം, റെയില്‍വേ മേഖല പൂര്‍ണമായി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 8000 വന്ദേഭാരത് കോച്ചുകള്‍ നിര്‍മിക്കാന്‍ ഇന്ത്യന്റെയില്വേ തീരുമാനിച്ചിട്ടുണ്ട്. ഒരു വന്ദേ ഭാരത് ട്രെയിനിന് സാധാരണയായി 16 കോച്ചുകളാണുള്ളത്. ചിലയിടങ്ങളില്‍ ഇത് എട്ട് കോച്ചുകളുമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ഏകദേശം 200 മുതല്‍ 1000 കോച്ചുകള്‍ വരെ നിര്‍മ്മിക്കും. 16 കോച്ചുകളുള്ള ഒരു ട്രെയിന്‍ സാധാരണ 130 കോടി രൂപയാണ് ചിലവ് വരുന്നത്.

വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് സ്ലീപ്പര്‍ ഉള്ള 3200 കോച്ചുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാനുള്ള അധികാരമുണ്ട്. നിലവില്‍ എല്ലാ വന്ദേ ഭാരതിലും ഇരിപ്പിടങ്ങള്‍ മാത്രമേയുള്ളു. പുതിയതായി ഐ.സി.എഫില്‍ 1,600 കോച്ചുകളും മറ്റ് രണ്ട് ഉല്പാദന കമ്പനികളായ എം.സി.എഫ്-റായ്ബറേലി, ആര്.സി.എഫ്-കപൂര്‍ത്തല എന്നിവിടങ്ങളില്‍ 800 കോച്ചുകളും നിര്‍മ്മിക്കും. 2030-31 ഓടെ ഓരോ വര്‍ഷവും ഈ ട്രെയിനുകള്‍ നിരത്തിലിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ 25 വന്ദേ ഭാരത് സര്‍വീസുകളാണ് ഇന്ത്യയിലാകെ ഉള്ളത്. ഈ വര്‍ഷം ഇത് 75ലേക്ക് എത്തും. പദ്ധതി പ്രകാരം ഈ വര്‍ഷം 700 കോച്ചുകളും 2024-25 ആകുമ്പോഴേക്കും 1000 എണ്ണവും നിര്‍മ്മിക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പര്‍ പതിപ്പ് 2024ന്റെ തുടക്കത്തോടെ പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കോട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കേരളത്തിലേക്ക് വീണ്ടും വന്ദേ ഭാരത് ട്രെയ്നുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം, കേരളത്തിന്റെ കെ. റെയില്‍ തത്ക്കാലം വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാന തടസ്സം കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതാണ്. തല്ക്കാലം പദ്ധതിയുമായി മുന്നോട്ട് പോകുന്നില്ല. എന്നാല്‍, ഒരു കാലം ഇതിന് അനുമതി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറയുന്നു. ഒന്നും ഏശാതിരിക്കുമ്പോള്‍ കൂടുതല്‍ വാശിയോടെ ഇറങ്ങുകയാണ് കേന്ദ്രം. കെ റെയിലിനെ എതിര്‍ത്തവര്‍ വന്ദേ ഭാരത് വന്നപ്പോള്‍ കാണിച്ചത് എന്താണ്?. ജന മനസാണ് വന്ദേ ഭാരത് വന്നപ്പോള്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. റെയില്‍ ഇടത് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രം ഇപ്പോള്‍ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാല്‍, കേരളത്തില്‍ മോണോ റെയില്‍ തൊട്ട് ലൈറ്റ് മെട്രോയും, മെട്രോ റെയിലും ഹൈസ്പീഡ് റെയിലും കെ. റെയിലുമൊക്കെ ചര്‍ച്ച ചെയ്ത് തളര്‍ന്നിരിക്കുകയാണ് എല്ലാരും. ഇതിന്റെയൊക്കെ പേരില്‍ പഠനങ്ങള്‍ നടത്തിയും, ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടു തയ്യാറാക്കിയും, കണ്‍സട്ടിംഗ് കമ്പനിയെ നിയോഗിച്ചും, സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചും, സര്‍വ്വെ നടത്തിയും, കല്ലിട്ടും, വഴക്കുകൂടിയുമൊക്കെ നഷ്ടപ്പെടുത്തിയത് കോടികളാണ്. നഷ്ടപ്പെട്ട കോടികളെ കുറിച്ച് ഒരാളുപോലും പിന്നീട് പറഞ്ഞു കേട്ടില്ല. ജനങ്ങളുടെ നികുതിപ്പണം ചോരുന്നത് ഇങ്ങനെയൊക്കെയാണ്. എത്ര കോടി രൂപയാണ് ഇങ്ങനെ ചോര്‍ന്നിട്ടുള്ളതെന്ന ഒരു കണക്ക് എടുത്താല്‍ കേരളത്തിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ വലുതായിരിക്കും അത്.