vandhana-mbbs-doctor-

ഡോ. വന്ദന കൊലക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും; പ്രതി ബോധപ്പൂർവം കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പ്രതി സന്ദീപ് ബോധപ്പൂർവം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജൻ വന്ദന ദാസിനെ മെയ്‌ 10 നാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്.

പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസില്‍ ഏറ്റവും നിർണായകമാണ്. പ്രതി സന്ദീപ് വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുന്ന ദൃക്സാക്ഷി മൊഴിയുണ്ട്. സന്ദീപിന്‍റെ വസ്ത്രത്തിൽ നിന്ന് വന്ദനാ ദാസിന്‍റെ രക്തക്കറ കണ്ടെത്തിയിരുന്നു.  ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.

കഴിഞ്ഞ ദിവസം, പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. മനഃപൂർവമുള്ള കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിലുണ്ടായതാണെന്നുമുള്ള പ്രതിയുടെ വാദം തള്ളിയ കോടതി, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം അംഗീകരിക്കുകയായിരുന്നു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം തീരുമാനം. 

കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. ഹൗസ് സർജനായിരുന്നു ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ ബിരുദം നൽകാൻ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഗവേണിങ്‌ കൗൺസിൽ യോഗം തീരുമാനമെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

thamanna-bahubali-chumbanam Previous post ‘ചുംബന രംഗങ്ങളിലും മറ്റും അഭിനയിക്കില്ലെന്ന നിബന്ധന വേണ്ടെന്ന് വച്ചു’; മുന്‍പ് ചെയ്ത ചിത്രങ്ങളില്‍ ചിലത് ഒഴിവാക്കാമായിരുന്നുവെന്ന് തമന്ന
murder-puzhayil-chadi-marichu Next post കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ സംഭവം; ദർശനയുടെ ഭർത്താവും കുടുംബവും പോലീസിൽ കീഴടങ്ങി