
യന്ത്രത്തകരാർ: കണ്ണൂരിൽ വന്ദേഭാരത് നിർത്തിയിട്ടത് ഒന്നര മണിക്കൂറോളം; പ്രയാസത്തിലായി യാത്രക്കാർ
യന്ത്രത്തകരാറിനെ തുടർന്നു കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം മുടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് 3.25ന് എത്തിയ ട്രെയിനാണു തുടർയാത്ര സാധ്യമാകാതെ ഏറെനേരം നിർത്തിയിട്ടത്. ഇതോടെ യാത്രക്കാർ പ്രയാസത്തിലായി.
കംപ്രസറിന്റെ പ്രശ്നമാണെന്നാണ് അധികൃതർ പറയുന്നത്. എടുക്കേണ്ട സമയം കഴിഞ്ഞിട്ടും പോകാതിരുന്ന ട്രെയിനിൽനിന്നു പുറത്തിറങ്ങാനാവാതെ ആളുകൾ കുഴങ്ങി. വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. അരമണിക്കൂറിനു ശേഷമാണു ഡോർ തുറന്നത്. എസി ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നില്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു. പിൻഭാഗത്തെ എൻജിൻ ഉപയോഗിച്ച് അഞ്ചുമണിയോടെ യാത്ര പുനഃരാരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.