
ഇപ്പോൾ ഇതാണ് ഏറ്റവും വലിയ സംഭവം, ചന്ദ്രയാൻ പോലും ഒന്നുമല്ല’ ; വീണയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദത്തിൽ പ്രതികരിച്ച് എം.എ ബേബി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എം.എ.ബേബി. മാധ്യമങ്ങൾക്ക് ഇപ്പോൾ ഇതാണ് ഏറ്റവും വലിയ സംഭവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രയാൻ പോലും ഇതിനു മുന്നിൽ ഒന്നുമല്ല എന്ന നിലയിലാണ് കാര്യങ്ങൾ. ഇത്തരത്തിലുള്ള ബാലിശമായ ശൈല മാധ്യമങ്ങളുടെ അന്തസ്സിനു നിരക്കുന്നതല്ലെന്ന് ബേബി അഭിപ്രായപ്പെട്ടു.
കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്നയാളുടെ ബന്ധുവാണ് ഈ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ലാത്ത സ്ഥലത്താണ് ബന്ധപ്പെട്ട അതോറിറ്റി അത്തരമൊരു പരാമർശം നടത്തിയതെന്നും ബേബി ചൂണ്ടിക്കാട്ടി.
‘‘സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റും അതു സംബന്ധിച്ച് വിശദീകരിച്ചതാണ്. കേന്ദ്രസർക്കാർ അവർക്ക് വശംവദരാകാത്ത പാർട്ടികളെയും രാഷ്ട്രീയ നേതാക്കളെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടാനുള്ള ശ്രമം ഇന്ത്യയിലെമ്പാടും നടത്തുകയാണ്. അതിന്റെ ഭാഗമാണ് ഇതും. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്നയാളുടെ ബന്ധുവാണ് ഈ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് അങ്ങനെയൊരു പരാമർശം നടത്തേണ്ട ഒരു കാര്യവും ഇല്ലാത്തിടത്താണ് പറഞ്ഞിരിക്കുന്നതെന്ന് റിപ്പോർട്ട് വായിച്ചാലറിയാം. ഇത് അവരുടെ പരിഗണനയ്ക്കു വരേണ്ട വിഷയമല്ല. അവിടെത്തന്നെ കള്ളി വെളിച്ചത്തായി. നികുതി കൊടുത്തിട്ടുണ്ടോ, സേവനം നൽകിയിട്ടുണ്ടോ എന്നതൊക്കെ ആർക്കും പരിശോധിക്കാവുന്നതേയുള്ളൂ.
ഒരുകൂട്ടം മാധ്യമങ്ങൾ എല്ലാ ദിവസവും വൈകുന്നേരം അങ്ങനെയാണോ ഇങ്ങനെയാണോ എന്നൊക്കെ ചോദിക്കുകയാണ്. വേറൊരു വിഷയവും ചർച്ച ചെയ്യാനില്ല. ആളുകൾ പരിഹസിക്കുകയാണ്. അത്രയേ അതിനെക്കുറിച്ചു പറയാനുള്ളൂ. നിങ്ങൾക്ക് ഇതാണ് ലോകത്തിലെ ഏറ്റവും വലിയ സംഭവം. ചന്ദ്രയാൻ പോലും ഇതിനു മുന്നിൽ ഒന്നുമല്ല. ആ നിലയിലാണ്. മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള ബാലിശമായ ശൈലികൾ, അത് മാധ്യമങ്ങളുടെ അന്തസ്സിനു നിരക്കുന്നതല്ല എന്നു മാത്രമേ പറയുന്നുള്ളൂ.
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ആണെങ്കിൽ പോലും, ജനങ്ങൾ ചർച്ച ചെയ്യേണ്ട അജൻഡ അവർക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ ഇടതു മുന്നണി വിജയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, വിവിധ വകുപ്പുകളുടെ മന്ത്രി, പ്രതിപക്ഷ നേതാവ്, ദീർഘകാലം എംഎൽഎ എന്നിങ്ങനെ 53 വർഷം വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ നിർവഹിച്ച ഉമ്മൻ ചാണ്ടിക്ക്, മറ്റു മണ്ഡലങ്ങളിൽ അവിടങ്ങളിലെ എംഎൽഎമാർ കൊണ്ടുവന്ന വികസനത്തിനു തത്തുല്യമായ വികസനം പുതുപ്പള്ളിയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. ഇതാണ് ഇന്ന് പുതുപ്പള്ളി മണ്ഡലവും കേരളവും ചർച്ച ചെയ്യുന്നത്. അത് എൽഡിഎഫിന് വളരെ അനുകൂലമാകും. സ്ഥാനാർഥിയെന്ന നിലയിൽ ജെയ്ക് സി.തോമസ് വലിയ തോതിൽ ജനങ്ങളെ ആകർഷിച്ചിട്ടുണ്ട്. എൽഡിഎഫിന് അനുകൂലമായ വളരെ നല്ല മാറ്റം ആ മണ്ഡലത്തിലുണ്ട്.
യുഡിഎഫിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കോൺഗ്രസിന്റെ ഒരു നേതാവ് മരണമടഞ്ഞതിന്റെ അന്തരീക്ഷം നിലനിൽക്കുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നു തന്നെ സ്ഥാനാർഥി വരുന്നതിന്റെ ചില സഹതാപ ഘടകങ്ങൾ പ്രവർത്തിക്കുമെന്ന കണക്കുകൂട്ടലുണ്ട്. ഒരുവിഭാഗം മാധ്യമങ്ങൾ അത്തരം ചില പ്രവണതകൾ വോട്ടർമാർക്കിടയിൽ വളർത്തിയെടുക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. പക്ഷേ, അതു പഴയതുപോലെ ഫലിക്കുന്നില്ല എന്നുള്ള സൂചനകളും വരുന്നുണ്ട്. എന്തായാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫലം അറിയാമല്ലോ’’ – എം.എ.ബേബി പറഞ്ഞു.