
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് വ്യാവസായിക പരിശീലനം നൽകാൻ യു.ജി.സി
യുവതലമുറയിൽ നൈപുണിവികസനവും തൊഴിൽരംഗത്തെ പരിചയസമ്പത്തും ഉറപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് വ്യാവസായിക പരിശീലനം നൽകാൻ യു.ജി.സി. വ്യവസായമേഖലയിൽ ഗവേഷണങ്ങളിലേക്കും പുതിയ കണ്ടുപിടിത്തങ്ങളിലേക്കും വിദ്യാർഥികളെ നയിക്കുകയാണ് ലക്ഷ്യമെന്ന് യു.ജി.സി. പുറത്തിറക്കിയ മാർഗനിർദേശത്തിലുണ്ട്. നിർദേശങ്ങളിൽ ഈ ജൂലായ് 31-വരെ feedbackugc1@gmail.com എന്ന മെയിലിൽ പൊതുജനാഭിപ്രായം അറിയിക്കാം.
ക്ലസ്റ്ററുകളും സെല്ലുകളുമായി പ്രവർത്തനം
പദ്ധതി നടത്തിപ്പിന്റെ ആദ്യപടി സംസ്ഥാനതലത്തിൽ സർവകലാശാലകളും വ്യവസായശാലകളും ചേർന്ന് ക്ലസ്റ്ററുകൾ തയ്യാറാക്കുകയാണ്. ക്ലസ്റ്ററുകൾക്ക് കീഴിൽ സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള ചെറുകിട, ഇടത്തര, സൂക്ഷ്മ സംരംഭങ്ങൾ, വ്യവസായവകുപ്പ് ഓഫീസുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ‘ഇൻഡസ്ട്രി റിലേഷൻ സെല്ല്’ രൂപവത്കരിക്കണം. വൈസ് ചാൻസലർമാർ, വ്യവസായവിദഗ്ധർ, സർക്കാർ പ്രതിനിധികൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ സെല്ലിൽ അംഗങ്ങളാകും. വ്യവസായശാലകളും സർവകലാശാലകളും തമ്മിലുള്ള ഏകോപനമാണ് സെല്ലിന്റെ ചുമതല. ക്ലസ്റ്ററിലെ ഏതെങ്കിലും ഒരു സർവകലാശാല കേന്ദ്രീകരിച്ചാകും സെല്ല് പ്രവർത്തിക്കുക.
പഠനവും പ്രായോഗികതയും
ക്ലസ്റ്ററുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിലെ പ്രധാന പ്രശ്നങ്ങൾ സെല്ല് കണ്ടെത്തണം. അവ പരിഹരിക്കാൻ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തണം. ഇതിനാവശ്യമായ ഗവേഷണങ്ങൾ സർവകലാശാലയിലും നിർമാണപ്രവർത്തനങ്ങൾ വ്യവസായശാലയിലും നടത്താം. വിദ്യാർഥികൾക്ക് നിർദേശങ്ങൾ നൽകാൻ അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ സാങ്കേതിക-വ്യവസായ വിദഗ്ധരെ ഉൾപ്പെടുത്താം. പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസായി വിദഗ്ധരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ക്ഷണിക്കാം. ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ ആധാരമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കണം. മെഷീനുകളുടെ ഉപയോഗം പരിചയപ്പെടുത്തണം. വ്യവസായവുമായി ബന്ധപ്പെട്ടുള്ള പുതിയ കോഴ്സുകൾ ആരംഭിക്കാം. ബിരുദ, ബിരുദാനന്തര കോഴ്സുകളിലുള്ള പ്രോജക്ടും സെമിനാറുകളും വ്യവസായശാല കേന്ദ്രീകരിച്ച് ചെയ്യാം. ആർട്സ്, സയൻസ്, എൻജിനിയറിങ് കോഴ്സുകളുടെ ഇന്റേൺഷിപ്പിനും അപ്രറ്റൈസ്ഷിപ്പിനും ഇത് ഉപയോഗപ്പെടുത്താം. വിശദവിവരങ്ങൾക്ക് www.ugc.gov.in.