
ഏക സിവില്‍ കോഡ്,
പച്ചക്കൊടി വീശി
ഖുറാന്‍ സുന്നത്ത് സൊസൈറ്റി
കൊലചെയ്യപ്പെട്ട ചേകന്നൂര്‍ മൗലവിയാണ് ഏക സിവില്‍ കോഡിനായി ആദ്യ രക്തസാക്ഷിയായ ധീരനായ രാജ്യസ്‌നേഹി
സ്വന്തം ലേഖകന്‍
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് ഖുറാന്‍ സുന്നത്ത് സൊസൈറ്റി. അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളാണ് ശരിഅത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാല്‍ ശ്രമിക്കുന്നത്. ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കുന്നത് ശരിഅത്ത് നിയമങ്ങളെ അടിച്ചേല്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുള്‍ ജലീല്‍ പറയുന്നു. ലോകത്തെ മിക്ക മുസ്ലീം രാജ്യങ്ങളും ശരിഅത്ത് അടിസ്ഥാനമാക്കിയ വ്യക്തി നിയമത്തെ ഉപേക്ഷിക്കുകയോ കാലാനുസൃതമായി മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള മുസ്ലീം വ്യക്തി നിയമം മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്നതാണ്. ഇതിന് സമഗ്രമായ പൊളിച്ചെഴുത്ത് അനിവാര്യമാണ്. മുസ്ലീം വ്യക്തി നിയമം അള്ളാഹുവിന്റെ നിയമമാണെന്ന ഇസ്ലാമിക പുരോഹിതരുടെ വാദം ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അബ്ദുള്‍ ജലീല്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിനെ തളളിപ്പറയുന്ന സി.പി.എം നിലപാട് ഇ.എം.എസിനെ തള്ളിപ്പറയുന്നതിന് സമാനമാണ്. പ്രീണന രാഷ്ട്രീയമാണ് സി.പി.എം കൈക്കൊണ്ടിരിക്കുന്നതെന്നും ഖുറാന്‍ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 1970 കളില്‍ തന്നെ ഖുറാന്‍ സുന്നത്ത് സൊസൈറ്റി സ്ഥാപകനായ ചേകന്നൂര്‍ മൗലവി ശരിഅത്തിന്റെ പൊളിച്ചെഴുത്ത് അവശ്യപ്പെട്ടിരുന്നു. മദ്രസകളില്‍ തെറ്റായ മതപഠനമാണ് നടക്കുന്നത്. അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന പ്രകൃത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളിയും അഞ്ച് നേരം നിസ്‌കാരവും അനിസ്ലാമികമെന്ന നിലപാടാണ് ചേകന്നൂര്‍ മൗലവി സ്വീകരിച്ചത്.

ചേകന്നൂര്‍ മൗലവിയാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ സ്ഥാപകനും പ്രചാരകനും. ഇസ്ലാമിലെ കമ്യൂണിസ്റ്റുകാരനെന്നോ, ഭൗതിക വാദിയെന്നോ ചേകന്നൂര്‍ മൗലവിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടാകില്ല. കാരണം, ഇസ്ലാമിലെ മനുഷിക മൂല്യമില്ലാത്ത ഒന്നും അംഗീകരിക്കാനോ നടപ്പാക്കാനോ ചേകന്നൂര്‍ സമ്മതിച്ചിരുന്നില്ല. ഇത് മുസ്ലീംഗങ്ങള്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു. മൗലവിയുടെ തിരോധാനവും കൊലപാതകവും കഴിഞ്ഞി് കാലങ്ങള്‍ എത്ര പിന്നിട്ടിരിക്കുന്നു. എന്നിട്ടും അദ്ദേഹം തുടങ്ങിവെച്ച പ്രസ്ഥാനം ഇപ്പോഴും പോരാട്ടം തുടരുന്നു എന്നതാണ് വസ്തുത. അതിന് പ്രത്യക്ഷോദാഹരണമാണ് ഏകീകൃത സിവില്‍ കോഡ് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് വേണമെന്ന് ചേകന്നൂര്‍ മൗലവിയും ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ പല മത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍, അവരുമായുണ്ടായ ആശയ സംഘട്ടനങ്ങള്‍ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാക്കി. പിന്നീട്, 1970ല്‍ കോഴിക്കോട് തുടങ്ങിയ മുസ്ലിം ആന്‍ഡ് മോഡേണ്‍ ഏജ് സൊസൈറ്റിയുടെ സ്ഥാപക അംഗവും പ്രധാനപ്പെട്ട പ്രവര്‍ത്തകനുമായി. ഇതുമായി മുന്നോട്ടു പോകുമ്പോഴും ഇസ്ലാം വിരുദ്ധ നിലപാടുകള്‍ തന്നെയായിരുന്നു ഉയര്‍ത്തിപ്പിച്ചതും ചര്‍ച്ചചെയ്തു കൊണ്ടിരുന്നതും. ഘട്ടം ഘട്ടമായി ചേകന്നൂര്‍ മൗലവിയുടെ രാഷ്ട്രീയവും മതവും സാമൂഹിക ഇടപെടലുകളും ഇസ്ലാം വിരുദ്ധത നിറഞ്ഞതാണെന്ന് മുദ്രകുത്തപ്പെട്ടു.

1993 ജൂലൈ 29ന് ഇദ്ദേഹത്തെ കാണാതായി. മതപ്രഭാഷണത്തിനാണ് എന്ന പേരില്‍ ചിലര്‍ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ഇദ്ദേഹം കൊലചെയ്യപ്പെട്ടു എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കാന്തപുരം അബൂബക്കര്‍ മുസലിയാരുമായി ബന്ധമുള്ള സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ കൊലപാതക കേസില്‍ 10-ാമത്തെ കുറ്റാരോപിതനായി കാന്തപുരത്തെ പ്രത്യേക കോടതി ആരോപിച്ചിരുന്നു. എന്നാല്‍ കാന്തപുരത്തിനെതിരെ യാതൊരു തെളിവും കണ്ടെത്താത്ത സാഹചര്യത്തില്‍ പ്രതിയാക്കാനുള്ള പ്രത്യേക കോടതി ആവശ്യം ഹൈക്കോടതി തള്ളി. കാന്തപുരം ഈ കേസില്‍ പ്രതിയല്ലെന്ന സി.ബി.ഐ സംഘത്തിന്റെയും ഹൈക്കോടതിയുടെയും നിരീക്ഷണം സുപ്രീം കോടതി അംഗീകരിച്ചു. ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിനു ശേഷം തുടര്‍പഠനങ്ങളുമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ഖുറാന്‍ സുന്നത്ത് സൊസൈറ്റിയിലെ ഒരു വിഭാഗം ആളുകള്‍ പുതിയ പഠനങ്ങളുമായി മുന്നോട്ടു പോവുകയാണ്. പൂര്‍ണ്ണമായും ഹദീസുകള്‍ നിരാകരിച്ചു കൊണ്ട് ഖുര്‍ആനിസം എന്നപേരിലാണ് പ്രവര്‍ത്തിക്കുന്നത്.

ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടു എന്നത് തീര്‍ത്തും പാടില്ലാത്തതാണ്, അത് അനിസ്‌ളാമികം എന്ന് പറയാന്‍ രണ്ടു വട്ടം ചിന്തിക്കേണ്ടി വരില്ല. ചേകന്നൂര്‍ ചിന്തകളെ പിന്തുണച്ച കേരളത്തിലെ രണ്ടു ശക്തികളാണ് ഇടതുപക്ഷവും സംഘ പരിവാറും. അതിനു രാഷ്ട്രീയം എന്നതിനേക്കാള്‍ ആദര്‍ശം എന്ന തലം കൂടിയുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തിലും അവരാണ് ഇന്ന് അധികാരത്തില്‍. കൊലയാളികളെ പുറത്തുകൊണ്ടു വരാനും ശക്ഷിക്കാനും പറ്റിയ സന്ദര്‍ഭം ഇതിലപ്പുറം വേറെയില്ല. അതിനാല്‍ തന്നെ കൊല്ലപ്പെട്ടവന്റെ ആദര്‍ശത്തേക്കാള്‍ മറ്റു പലതും ഭരണ കൂടങ്ങളെ സ്വാധീനിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. പക്ഷെ, ഒന്നുണ്ട്. ഭൗതീക വാദത്തിന് അടിത്തറയിട്ടവന്റെ പ്രവൃത്തികള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുന്നു.

മനുഷ്യന്റെ സാമൂഹിക ജീവിത ചര്യയ്ക്ക് മതവും, മതനിയങ്ങളും, വേദാന്തങ്ങളും ഉപകരിക്കാതെ പ്രാകൃത രീതിയെ അവലംബിച്ചാല്‍ വരും തലമുറ എതിര്‍ക്കുക തന്നെ വേണം. അതാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് ഇന്ത്യ എത്തി നില്‍ക്കുന്നത്. അതിനെ പിന്തുണയ്ക്കുക മാത്രമല്ല, ചേകന്നൂര്‍ മൗലവിയുടെ മനസ്സു കൂടിയാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ തീരുമാനത്തിലൂടെ വെളിപ്പെടുന്നത്. കൊലചെയ്തവരോട് ചേകന്നൂര്‍ മൗലവിയുടെ ആത്മാവ് പറയുന്നുണ്ടാകും, നിങ്ങള്‍ക്കെന്നെ കൊല്ലാനാകും പക്ഷെ, തോല്‍പ്പിക്കാനാവില്ല എന്ന്.