
മനസാക്ഷിയുടെ കോടതിയില്‍ വിജയിച്ച ഒരേ ഒരാള്‍
എ.എസ്. അജയ്‌ദേവ്
ആള്‍ക്കൂട്ടത്തെ തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്താന്‍ മാന്ത്രികത കൈയ്യിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയെന്ന പുതുപ്പള്ളിക്കാരന്‍ യാത്രയായിരിക്കുകയാണ്. 79 വയസ്സുവരെ ജനങ്ങള്‍ക്കിടയില്‍ നിന്നൊരു മനുഷ്യസ്‌നേഹിയുടെ, ഒറ്റയ്ക്കുള്ള അന്ത്യയാത്ര. കണ്ണുകളെല്ലാം ഈറനണിഞ്ഞു പോകുന്നു. കാതുകളെല്ലാം കേള്‍ക്കുന്നത്, സമാനതകളില്ലാത്ത ആശ്വാസത്തിന്റെ വാക്കുകള്‍ നിറച്ച ആ മനുഷ്യന്റെ വാക്കുകള്‍. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയുള്ള യാത്രയായിരുന്നു അത്.

രോഗത്തെയും രോഗിയെയും മറന്നുപോയൊരു യാത്ര. ഒടുവില്‍ രോഗം രോഗിയെ കറക്കിയടിച്ച് നിലയില്ലാക്കയത്തിലേക്ക് വലിച്ചെറിയുമ്പോഴും തെളിഞ്ഞു വരുന്നത് ആ പുഞ്ചിരിയാണ്. മണ്ണിനെയും മനസ്സിനെയും വേദനിപ്പിക്കാതെയുള്ള നേര്‍ത്തൊരു പുഞ്ചിരി. ആ ചിരിയിലൊതുക്കിയ രാഷ്ട്രീയവും, സ്‌നേഹവുമെല്ലാം മലയാളികള്‍ അറിഞ്ഞിട്ടുണ്ട്, ആസ്വദിച്ചിട്ടുണ്ട്. ജോലികള്‍ ഇനിയും തീര്‍ക്കാനുണ്ടെങ്കിലും, ഇതുവരെ ചെയ്തതെല്ലാം വൃത്തിക്കും വെടിപ്പിനും ചെയ്തുവെന്ന ആശ്വാസത്തോടെ ആ മനുഷ്യന്‍ സ്വര്‍ഗയാത്ര ചെയ്യട്ടെയെന്ന പ്രാര്‍ത്ഥനകളാണ് ഓരോരുത്തരില്‍ നിന്നും ഉയരുന്നത്.

മനസാക്ഷിയുടെ കോടതിയില്‍ വിജയിച്ചു വന്ന ഒരേയൊരാള്‍. അതാണ് ഉമ്മന്‍ചാണ്ടിയെന്ന ഭരണാധികാരിയും ജനനായകനും. രാഷ്ട്രീയം തലയ്ക്കു പിടിച്ചിരുന്നെങ്കിലും അധികാരം അയാളെ മത്തു പിടിപ്പിച്ചില്ല. മഖ്യമന്ത്രിയായപ്പോഴും, എം.എല്‍.എ ആയപ്പോഴും, മന്ത്രിപദത്തിലിരിക്കുമ്പോഴും അദ്ദേഹം തികഞ്ഞ ഒരു കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ തന്നെയായിരുന്നു. ഖദര്‍ധാരിയുടെ അച്ചടക്കവും, എളിമയും, കരുതലും എന്നുമുണ്ടായിരുന്നു. വേഷത്തെയും ഭാഷയെയും ദേശത്തെയും മറികടക്കുന്ന ഇടപെടലുകള്‍ക്ക് മറ്റൊരു പേരുണ്ടെങ്കില്‍ അതിനെ ഉമ്മന്‍ചാണ്ടിയെന്നു വിളിക്കണം. ആക്രമങ്ങളും-ആരോപണങ്ങളും-വ്യക്തിഹത്യകളും അദ്ദേഹം പ്രതിരോധിച്ചത് യോശുക്രിസ്തുവിന്റെ വഴിയിലൂടെയാണ്. പദവികളൊന്നും അദ്ദേഹത്തെ ഭരിച്ചില്ല.

ചെയ്യാനേറെയുണ്ടെന്നും, ചെയ്യേണ്ടതെല്ലാം പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയാണെന്നുമുള്ള ബോധവും ബോധ്യവുമാണ് അദ്ദേഹത്തെ നയിച്ചതും ഭരിച്ചതും. ഒരു ദിവസത്തിന്റെ 24 മണിക്കൂറില്‍ തന്നെക്കുറിച്ച് ചിന്തിക്കാന്‍ ഒരു സെക്കന്റുപോലും മാറ്റിവെയ്ക്കാത്ത ഭരണാധികാരി.
മുടിവെട്ടാന്‍ സമയം കണ്ടെത്താത്ത, ചെരുപ്പ് തേഞ്ഞില്ലാതായാലും മാറ്റാന്‍ സമയം കണ്ടെത്താത്ത, ഖദര്‍ ഷര്‍ട്ട് കീറിപ്പറിഞ്ഞാലും മാറ്റിയിടാന്‍ സമയം കണ്ടെത്താത്ത ഒരു മനുഷ്യന്റെ വിര്‍പ്പിന്റെ വിലകൂടിയാണ് ഇന്നത്തെ കേരളവും, ജനതയും. ആര്‍ക്കും തന്റെയടുത്തു വരാന്‍ എപ്പോഴും കഴിയുമെന്നതിന്റെ വലിയ ഉദാഹരണമാണ് സോളാര്‍ കേസ്. ഒരു ഭരണാധികാരി വിശ്വസിക്കുന്നത്, തന്റെ അടുത്തു വരുന്നവര്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുക എന്നാണ്.

എന്നാല്‍, വരുന്നയാള്‍ തട്ടിപ്പുകാരനാണോ അതോ നല്ലയാളാണോയെന്ന് ഭരണാധികാരിക്ക് അറിയാന്‍ സാധിക്കില്ല. അതാണ് പിന്നീട് സോളാര്‍ കമ്മിഷനു മുമ്പിലും, പ്രതിപക്ഷ പാര്‍ട്ടിയുടെ ദയയില്ലാത്ത ആക്രമണങ്ങള്‍ക്കും ഇരയാകേണ്ടിവന്നത്. സോളാര്‍ കേസിന്റെ മറപിടിച്ച് പ്രതിപക്ഷത്തിന്റെ നേതാക്കള്‍ വിളിച്ചു കൂവിയതെല്ലാം കേരളത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഇന്നുമുണ്ട്. ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയക്കാരനെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന്റെ വജ്രറായുധമായിരുന്നു അത്. അധികാരം വിട്ടൊഴിയണമെന്ന് ആക്രോശിക്കുമ്പോഴും നിയമം നിയമത്തിന്റെ വഴിയേ പോകണമെന്ന് നിഷ്‌ക്കര്‍ഷിച്ചതും ഉമ്മന്‍ചാണ്ടിതന്നെ. അങ്ങനെയാണ് സോളാര്‍ക്കമ്മിഷന്‍ നിയമിക്കപ്പെട്ടതും. തന്നെ ശിക്ഷിക്കണമെന്ന് വാദിച്ചവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു കമ്മിഷന്റെ നിയമനം.

ശത്രുവിന്റെ ലക്ഷ്യം തന്റെ പതനമാണെന്ന് അറിഞ്ഞിട്ടും, രാഷ്ട്രീയ ശത്രുവിന്റെ അവകാശത്തിനു വേണ്ടി നിലകൊണ്ട ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം കമ്മിഷനോട് പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്തു. അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ വാക്കാണ്, മനസ്സാക്ഷി കോടതിയില്‍ താന്‍ തെറ്റുകാരനല്ലെന്ന്. ആ മനസാക്ഷി കോടതിയില്‍ മാത്രമല്ല, കേരളത്തിലെ എല്ലാ ജനങ്ങളുടെയും മനസ്സില്‍ ഉമ്മന്‍ചാണ്ടി നിരപരാധി തന്നെയാണ്. ആ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്ന് കേരളത്തിന്റെ അധികാരം പിടിച്ചടിക്കിയവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ് ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന്‍ തെറ്റുകരല്ലെന്ന്.

അതിവേഗം ബഹുദൂരം കേരളത്തെ കൊണ്ടുപോകാന്‍ നിതാന്ത ശ്രമം നടത്തിയ ജനകീയനായ മുഖ്യമന്ത്രി കൂടിയാണ് ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റിലെ തന്റെ മുറിയും, കെ.പി.സി.സിയിലെ തന്റെ കസേരയും, നിയമസഭയിലെ കസേരയും. സെക്രട്ടോറിയറ്റ് നടയിലെ സമരപ്പന്തലും ഒരുപോലെ കാണുന്ന വ്യക്തി. അധികാരക്കസേരയില്‍ തൂങ്ങിപ്പിടിക്കുന്ന അതിമോഹിയല്ലാത്ത ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ കേരളത്തിലെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികളുടെ തുടക്കം ഓര്‍ത്താല്‍ മതിയാകും. കണ്ണൂര്‍ എയര്‍പ്പോര്‍ട്ട്, കൊച്ചി എയര്‍പ്പോര്‍ട്ട്, വിഴിഞ്ഞം സീ പോര്‍ട്ട്, കൊച്ചി മെട്രോ, ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട വികസനം, ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനം, സൈബര്‍ സിറ്റി കോഴിക്കോട്, ാേകാഴിക്കോട് ബൈപാസ്, കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ്, കളിയാക്കാവിള ബൈപാസ്, കഴക്കൂട്ടം ബൈപാസ്, ഗെയില്‍ പൈപ്പ് ലൈന്‍, കാരുണ്യ പദ്ധതി, ഐ.ഐ.ടി പാലക്കാട്, തുഞ്ചത്ത് എഴുത്തച്ഛന്‍ സര്‍വകലാശാല, എ.പി.ജെ ടെക് സര്‍വകലാശാല, കെ.ആര്‍. നാരായണന്‍ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലൊക്കെ ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ കൈയ്യൊപ്പുണ്ടാകും.

ഇതെല്ലാം പ്രാവര്‍ത്തികമായത് ഏതെങ്കിലും കാലത്തായിരിക്കും. ഇതെല്ലാം ഉദ്ഘാടനം ചെയ്യുകയോ, അതിന്റെ ക്രെഡിറ്റ് എടുക്കുകയോ ചെയ്യുന്നത് മറ്റാരെങ്കിലുമായിരിക്കും. എന്നാല്‍, ഈ പദ്ധതികളുടെയെല്ലാം തുടക്കക്കാരനും, ദീര്‍ഘ വീക്ഷണത്തോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്തതും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനാണെന്ന് മറക്കാനാവില്ല. ജനസമ്പര്‍ക്ക പരിപാടിയുടെ വ്യാപ്തി എന്തായിരുന്നുവെന്ന് കേരളത്തിലെ ഗ്രാമങ്ങളിലെ പാവങ്ങള്‍ പറയും. അശരണരും, നിരാലമ്പരുമെല്ലാം ആശ്രയിച്ചത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയാണ്. ഒരുതുള്ളി വെള്ളം കുടിക്കാന്‍ പോലും മറന്നിരുന്ന് ജനങ്ങള്‍ക്കൊപ്പം സംവദിച്ച മുഖ്യമന്ത്രി ഉണ്ടായിരുന്നു നമുക്ക്. സമയവും, കാലവും, ഭക്ഷണവും ഒന്നും പ്രശ്‌നമാക്കാത്ത ഒരു ജനനായകന്‍. അതാണ് പുതുപ്പള്ളിയുടെ വിശ്വസ്തനായ കുഞ്ഞൂഞ്ഞ്.
