
വാക്കുകൾക്കതീതമായ ഒരുമ ഞങ്ങളിലുണ്ട്; കുഞ്ഞൂഞ്ഞ് എന്ന ഭർത്താവിനെ കുറിച്ച് ഭാര്യ മറിയാമ്മ എഴുതിയത്
ഉമ്മൻചാണ്ടി ഇതുവരെ ആരുടെയെങ്കിലും ഒരു കുറ്റം പറയുന്നത് താനോ മക്കളും ഇതുവരെ കെട്ടിട്ടില്ലെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. സാധാരണ ഭർത്താക്കന്മാരിൽ നിന്ന് വിഭിന്നമായി സ്വന്തം ആരോഗ്യവും കുടുംബവും നോക്കാതെ അദ്ദേഹം ആൾക്കൂട്ടത്തിൽ നിന്ന് ഊർജ്ജം കണ്ടെത്തുകയായിരുന്നുവെന്നും അവർ ഓർമിച്ചു. സാമാജികനായി 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയെ ആദരിക്കാൻ നിയമസഭ പുറത്തിറക്കിയ പുസ്തകത്തിലാണ് അദ്ദേഹവുമായുള്ള ജീവിതത്തെകുറിച്ച് ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞിരിക്കുന്നത്.മറിയാമ്മ ഉമ്മൻ എഴുതിയ ലേഖനത്തിന്റെ പൂർണരൂപംഒരു വ്യക്തിയെന്ന നിലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഉൽകൃഷ്ഠൻ. 46 വർഷങ്ങൾക്കുമുൻപ് കൃത്യമായി പറഞ്ഞാൽ 1977 മേയ് 30ന് ഞങ്ങൾ ഒരേ തോണിയിൽ യാത്ര തുടങ്ങി. എല്ലാ തരത്തിലും വേറിട്ട വിവാഹവട്ടങ്ങൾ ധനുമാസ കുളിർ പേറിനിൽക്കുന്ന ഒരു പ്രഭാതത്തിൽ ഞങ്ങൾ തമ്മിൽ കണ്ടു. ചെറുക്കന്റെ അച്ഛന്റെ സഹോദരിയായ അമ്മിണി അമ്മാമ്മയുടെ വീട്ടിൽ പള്ളത്ത് ഒറ്റയ്ക്ക് ജീപ്പ് ഓടിച്ച് വീടിന്റെ വരാന്തയിൽ കൂടി മുണ്ടും മടക്കിക്കുത്തി (മുറിയിൽ വന്നപ്പോൾ മടക്കിക്കുത്ത് നിവർത്തിയിട്ടിരുന്നു). ആ ആൾ വന്നു. അലസമായ മുടിയിഴകൾ നീണ്ടമൂക്ക്, നല്ല പൊക്കം, കണ്ണുകൾ തമ്മിൽ ഉടക്കിയില്ല. എനിക്കങ്ങനെ നോക്കുവാൻ ഒരിക്കലും പറ്റിയിട്ടില്ല. കെട്ടാൻ പോകുന്ന പെണ്ണിനെ കാണാൻ വന്ന ചെറുക്കൻ ആദ്യം കാണുന്ന പെണ്ണിനെ കെട്ടുമെന്ന് ആദർശമുള്ള ചെറുപ്പക്കാരൻ. അങ്ങനെ ഒരു സ്ത്രീയെ നിരാശപ്പെടുത്തില്ല എന്ന ഉൽകൃഷ്ടമായ ചിന്ത.ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടോ എന്ന ചോദ്യം ഇന്നും മറുപടി കിട്ടാതെ അവശേഷിക്കുന്നു. പാന്റിടാത്ത ഇരുനിറമുള്ള ഒറ്റമുണ്ട് ധരിച്ച നാടൻ ചെറുപ്പക്കാരൻ. സ്വപ്ന രാജകുമാരനായിരുന്നില്ല. പക്ഷേ ആ നീണ്ടമൂക്കും നല്ല പൊക്കവും സൗമ്യത നിറഞ്ഞ സംസാരവും. ഞാനിഷ്ടപ്പെട്ട വിവാഹ കമ്പോളത്തിൽ ഉമ്മൻചാണ്ടിക്ക് നല്ല മാർക്കറ്റായിരുന്നു. അതിനുശേഷം ഒരു അഞ്ചുമാസം നീണ്ടുനിന്ന അതിതീവ്രമായ എന്റെ പ്രണയം. അങ്ങേത്തലയ്ക്കൽ അങ്ങനെയായിരുന്നോ എന്നറിയുമായിരുന്നില്ല. എഴുത്തിലും ടെലിഫോൺ വിളിയിലും മുൻകൈ എടുത്തതിൽ നിന്ന് എന്നോട് താത്പര്യമുണ്ടെന്ന് മനസിലാക്കിയിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന്റെ ശബ്ദത്തെയും കൈപ്പടയേയും ഒരുപാട് പ്രണയിച്ചു. ആ ചുരുങ്ങിയ കാലയളവുകൊണ്ട് മരണംവരെയും നീളുന്ന ആ സ്നേഹാഗ്നി ജ്വാല പടർന്ന് കൊണ്ടേയിരിക്കുന്നു. വാക്കുകൾക്കതീതമായ ഒരുമ ഞങ്ങളിൽ ഉണ്ട്.ഉമ്മൻചാണ്ടിയെന്ന ഭർത്താവിനെക്കുറിച്ച് ഞാൻ പരസ്യമായി ഈയടുത്ത നാളുകളിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതിനുശേഷം കുഞ്ഞൂഞ്ഞ് എന്ന ഭർത്താവിനെക്കുറിച്ച് ഞാനൊന്നു തിരിഞ്ഞുനോക്കി. അതെന്നെ അദ്ഭുതപ്പെടുത്തി. ചുറ്റുപാടും കണ്ട എല്ലാ ഭർത്താക്കന്മാരെയും രണ്ട് മൂന്നുനാല് തലമുറകളിലെ ,ഞാനൊന്ന് അപഗ്രഥിച്ചു. താരതമ്യേന എന്റെ ഭർത്താവ് ഒരു ശ്രേഷ്ഠൻ തന്നെ. നിസ്വാർത്ഥൻ.വിവാഹത്തിലൂടെ ഒരു ഭാര്യയ്ക്ക് സ്ത്രീക്കുണ്ടാകുന്ന പറിച്ചുനടീൽ എളുപ്പമാക്കുവാൻ പറ്റുന്ന കാര്യങ്ങളാണ് വിവാഹത്തിന് മുൻപേ എന്നോട് അറിയിച്ചുകൊണ്ടിരുന്നത്. കരുതലിന്റെ ഒരു ഹൃദയം ഞാൻ അദ്ദേഹത്തിൽ കണ്ടു. വിവാഹത്തിന്റെ ആദ്യ നാളുകളിൽ എല്ലാ വാരാന്ത്യത്തിലും എന്നെ എന്റെ വീട്ടിൽ കൊണ്ടുവിടുമായിരുന്നു. അത് എന്റെ ഗൃഹാതുരത്വം മാറ്റാനായിരുന്നു. എന്റെ അമ്മയേയും സഹോദരങ്ങളെയും ബന്ധുക്കളെ എല്ലാം സ്നേഹത്തോടും ആദരവോടുംകൂടി മാത്രമേ കണ്ടിട്ടുള്ളു. ഏതവസരത്തിലും അദ്ദേഹം ആത്മാർത്ഥത തുളുമ്പി നിന്നിരുന്നു. എല്ലാ പെരുമാറ്റത്തിലും സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും പോലെ അവരെയൊക്കെ സ്നേഹിച്ചു. സ്ത്രീധനമോ സ്വത്തോ ആഭരണമോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കൊടുത്തിട്ടുമില്ല. വാങ്ങിച്ചിട്ടില്ലെന്ന് അദ്ദേഹം കൊട്ടിഘോഷിച്ചിട്ടുമില്ല. വർഷങ്ങൾക്കുശേഷം എന്റെ സ്വത്തിന്റെ അവകാശം മുഴുവൻ എന്റെ സഹോദരന് എന്നെക്കൊണ്ട് എഴുതിക്കൊടുപ്പിക്കുകയും ചെയ്തു.സ്വന്തം അമ്മയ്ക്കും സഹോദരങ്ങൾക്കും അവരവർ അർഹിക്കുന്ന സ്നേഹവും കരുതലും നൽകി. ഒപ്പം തന്റെ ഭാര്യയെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാത്ത സ്വാതന്ത്ര്യത്തിൽ കൈകടത്താത്ത, എന്റെ ഒരിഷ്ടങ്ങൾക്ക് എതിര് നിൽക്കാത്ത ഒരു ശ്രേഷ്ഠ ഭർത്താവായി നിലകൊണ്ടു. അതിപ്പോഴും അങ്ങനെതന്നെ. ആ നിലപാടിൽ ഭർത്തൃഗൃഹത്തിന്റെ പൂർണ പിന്തുണയുണ്ടായിരുന്നു.എന്റെ രണ്ടാമത്തെ മകളെ ഗർഭം ധരിച്ച് നിറവയറോടെ ഞാനിരിക്കുന്ന കാലം. വഴുതയ്ക്കാട്ടെ ഒരു കൊച്ചുവീട്ടിൽ താമസം. ആ അവസരത്തിൽ എന്റെ അമ്മ അവിടെ തളർവാതം വന്നു കിടക്കുകയാണ്. ഞങ്ങളുടെ രണ്ടുപേരുടെയും വരുമാനത്തിൽ ഞങ്ങൾ ഉള്ളതുകൊണ്ട്ഓണം പോലെ കഴിഞ്ഞു. അപ്പോഴാണ് ചേട്ടന്റെ മരണം. (മൂത്ത സഹോദരിയുടെ ഭർത്താവ്) വലിയ വായിൽ ഞാൻ നിലവിളിച്ചു. എന്റെ ചുമലിൽ തട്ടി കുഞ്ഞ് എന്നോട് പറഞ്ഞ വാചകങ്ങൾ എന്റെ ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റില്ല. അമ്മാമ്മയ്ക്കു മക്കളില്ലായിരുന്നു. തിരുവല്ല ബാലികാമഠം സ്കൂളിൽ വർഷങ്ങൾ ജോലി നോക്കി വിവാഹത്തിന് ശേഷം മലേഷ്യയിലായിരുന്ന അമ്മാമ്മയ്ക്ക് സ്വന്തം വീടില്ലായിരുന്നു. അപ്പോഴാണ് കുഞ്ഞ് രക്ഷകനായി വന്നത്. ബാവേ ഞാൻ ജീവിച്ചിരിക്കുന്നതിടത്തോളംകാലം അമ്മാമ്മയ്ക്ക് ഒരു ദോഷവും വരാതെ ഞാൻ നോക്കും. അമ്മാമ്മ നമ്മുടെ കൂടെ നിൽക്കും. പിന്നീട് ഒരമ്മയായി 2005 ൽ അമ്മാമ്മ മരിക്കുന്നതുവരെ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. സ്നേഹവതിയായ നല്ലൊരു നിറവുള്ള ഒരമ്മയായി. ഞങ്ങളുടെ പിള്ളേർക്ക് മുത്തശ്ശിയായി. സ്നേഹിക്കുവാൻ മാത്രം അറിയാവുന്ന ഒരു നല്ല അമ്മ. വീട്ടിൽ വരുന്ന എല്ലാവരെയും അമ്മാമ്മ എന്തെങ്കിലും കഴിപ്പിച്ചിട്ടേ വിടുമായിരുന്നുള്ളു. വീടുമായി അടുത്തുനിന്ന എ.കെ. ആന്റണി, ഭാര്യ എൽസി ഉൾപ്പെടെ എല്ലാ രാഷ്ട്രീയക്കാർക്കും അറിയാവുന്ന അമ്മാമ്മ. എല്ലാവരുടെയും അമ്മാമ്മ. പക്ഷേ വർഷങ്ങൾക്കുമുമ്പ് ഞെരുക്കങ്ങളുടെയിടയിൽ എന്റെ ഭർത്താവ് കാണിച്ച ആ മഹാമനസ്കതയ്ക്ക് എന്ത് പേരാണിടേണ്ടത്. ഞങ്ങളുടെ നേരത്തെയുള്ള വർഷങ്ങളിൽ ഒത്തിരി ബന്ധുക്കൾ ഞങ്ങളോടൊപ്പം വീട് പങ്കിട്ടിട്ടുണ്ട്. അതിന്നും വിലപ്പെട്ട ഓർമ്മയായി അവശേഷിക്കുന്നു. കൂട്ടുകുടുംബത്തിന്റെ സന്തോഷം അലതല്ലിയ നാളുകൾ.സാമ്പത്തിക ബുദ്ധിമുട്ടിലും ഡെയിലി ബ്രെഡ് തന്ന് ഞങ്ങളെ നടത്തിയ ഒരു ദൈവം. പങ്കുവയ്ക്കലിന്റെ പാഠങ്ങൾ കുഞ്ഞുങ്ങളും പഠിച്ചു. ഇതിനൊക്കെ കുടുംബനാഥൻ എന്ന നിലയിൽ കുഞ്ഞ് നേതൃത്വം കൊടുത്തിരുന്നു. എന്റെ ഭർത്താവ് ആരുടെയെങ്കിലും ഒരു കുറ്റം ,രാഷ്ട്രീയ എതിരാളികളുടേതുപോലും പറഞ്ഞ് ഞാനോ മക്കളോ ഇതുവരെ കേട്ടിട്ടില്ല. Other man’s point of view മനസിലാക്കുവാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. പക്ഷേ ഇതിന്റെയെല്ലാം നടുവിൽ ഭർത്താവിന്റെ സാമീപ്യത്തിനും വാക്കുകൾക്കും വേണ്ടി അതിതീക്ഷ്ണമായി ഞാൻ ആഗ്രഹിച്ചു. എന്റെ മനസ് ഒരു വരണ്ട നിലമായിരുന്നു. ഒരു ശൂന്യത തളംകെട്ടിയിരുന്നു. ഉയർച്ചകളും താഴ്ചകളും ദുഃഖങ്ങളും സന്തോഷങ്ങളും എല്ലാം ഞങ്ങളെ തഴുകി ഒഴുകിപ്പോയി. ഉമ്മൻ ചാണ്ടി എന്ന വ്യക്തി അർഹിക്കാത്ത ഒത്തിരി നൊമ്പരങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. ഒപ്പം എനിക്കും… പക്ഷേ ദൈവം ദോഷമായിട്ടൊന്നും ചെയ്യത്തില്ല. എല്ലാം നല്ലതിനായിട്ടെന്നതായിരുന്നു ഞങ്ങളുടെ രണ്ടുപേരുടെയും വിശ്വാസം. ഒരുപാട് അവസരങ്ങളിൽ അസത്യത്തിന്റെ കൂരമ്പുകൾ ഞങ്ങളെ രണ്ടുപേരെയും തറച്ചിട്ടുണ്ട്. ഒരക്ഷരവും തമ്മിൽ ഉരിയാടാതെ ഒന്നിച്ച് സഹിച്ച നിമിഷങ്ങൾ. ഹൃദയങ്ങൾ നൊമ്പരങ്ങൾ പങ്കിട്ടു. ദൈവം ഒത്തിരി പാഠങ്ങൾ പഠിപ്പിച്ചു. ത്യാഗത്തിന്റെ സ്വയം സ്ഥാനമൊഴിയലിന്റെ അനേക മുഹൂർത്തങ്ങൾ കുഞ്ഞിന്റെ ജീവിതത്തിൽ വന്നിട്ടുണ്ട്. ഒരക്ഷരവും മിണ്ടിയിട്ടില്ല. ഒരു ഭാവവ്യത്യാസവും വീട്ടിൽ കാണിച്ചിട്ടില്ല. വിധിയെ സന്തോഷത്തോടെ ഏറ്റുവാങ്ങി ഒരു വലിയ തീരുമാനമെടുക്കുന്നതിന് മുമ്പേ എന്നോടു പറയും. എല്ലാത്തിനും ഞാൻ സമ്മതംമൂളി. എന്റെ അറിവില്ലായ്മയും ബലഹീനതയും എല്ലാം കുഞ്ഞ് ക്ഷമിച്ചിട്ടുണ്ട്. ഞാനും ഒരുപാട് ക്ഷമിച്ചു. പരസ്പരം സഹിച്ചും ക്ഷമിച്ചും സ്നേഹിച്ചും കരുതിയും മുമ്പോട്ടു പോകുന്നു. കുഞ്ഞ് സാധാരണ ഭർത്താക്കന്മാരിൽനിന്നും വിഭിന്നനായി സ്വന്തം ആരോഗ്യവും കുടുംബവും നോക്കാതെ ആൾക്കൂട്ടത്തിൽ നിന്ന് ഊർജ്ജം കണ്ടെത്തുന്നു. ഉമ്മൻചാണ്ടിയെ ഭക്ഷണം കഴിപ്പിക്കാനും വിശ്രമിപ്പിക്കാനും ഇന്നും ഞാൻ നന്നേ പാടുപെടുന്നുണ്ട്. പലപ്പോഴും അത് എന്നെ കുഴയ്ക്കാറുണ്ട്. ഏതു പുരുഷനിലും ഒരു മകൻ ഒളിഞ്ഞുകിടക്കുന്നെന്നു ഞാൻ വിശ്വസിക്കുന്നു. ഒരമ്മയുടെ സ്നേഹ വാത്സല്യ അധികാരത്തോടെ ഞാനെന്റെ ഭർത്താവിനെ ക്ഷമയോടെ മരുന്നും ഭക്ഷണവും പാനിയങ്ങളും കഴിപ്പിക്കുന്നു. അതിൽ ഞാൻ പല സൂത്രങ്ങളും പ്രയോഗിക്കാറുണ്ട്. പക്ഷേ ഭാര്യയേക്കാളും മക്കളേക്കാളും പൊതുജനത്തെ സ്നേഹിക്കുന്നുവെന്ന ചിന്തയും എന്നെ അലോസരപ്പെടുത്താറുണ്ട്. ദൈവത്തിൽ ആശ്രയവും നാട്ടുകാരിൽ നിന്നും കിട്ടുന്ന സ്നേഹോഷ്മളതയുമാണ് ആശ്വാസം പകരുന്നത്. കുഞ്ഞിനോട് പലപ്പോഴും ഞാൻ കലശൽ കൂട്ടിയിട്ടുണ്ട്. പലതും കുഞ്ഞിന്റെ ആരോഗ്യത്തെ, ദൈവാശ്രയത്തെ കരുതി വേറെ ചിലത് എനിക്ക് സമയവും സാമിപ്യവും തരാത്തതിലുള്ള പരിഭവം. പക്ഷേ തന്റെ ക്ഷമയും സൗമ്യതയും കൊണ്ട് എന്നെ അദ്ദേഹം കീഴടക്കി. പിണക്കത്തിന് മണിക്കൂറുകളുടെ ദൈർഘ്യമേയുണ്ടായിരുന്നുള്ളു. എനിക്ക് പിണങ്ങിയിരിക്കുവാൻ പറ്റില്ല. അതിന് ഞാൻ കുഞ്ഞിന്റെ നന്മകളെക്കുറിച്ച് ചിന്തിച്ചു. ദൈവകല്പന ഓർത്തു തമ്മിൽ സ്നേഹിക്കണം. ക്ഷമിക്കണം. ഭാര്യയും ഭർത്താവും ഒന്ന്. എന്നെ സ്നേഹിക്കാൻ എന്റെ കല്പന പ്രമാണിക്കും തുടങ്ങിയവ. കുഞ്ഞിന് സ്വയമേയുള്ള ക്ഷമയുടെ ഭാവത്തെ ഞാൻ ദൈവത്തോട് കുത്തിയിരുന്ന് ചോദിച്ചുവാങ്ങിച്ചു. അഭിപ്രായ വ്യത്യാസങ്ങളുടെ നടുവിൽ മനുഷ്യസ്നേഹവും മനസ്സലിവും. ഞങ്ങളെ ഒന്നിപ്പിക്കുന്നു. ഒത്തിരി ഊർജ്ജംപകർന്നുതരുന്നു. എത്ര പിണക്കത്തിലും ഒരാളുടെ വേദനയിൽ ഞങ്ങൾ പരസ്പരപൂരകങ്ങളായി പ്രവർത്തിച്ചു. അപരന്റെ ആശ്വാസത്തിൽ സന്തോഷിച്ചു. സ്നേഹം മനുഷ്യത്വം മനസ്സലിവ് ഇതാണ് ജീവിതത്തിന്റെ ഊർജ്ജം. സന്തോഷം വെളിച്ചം. ആ വെളിച്ചം ഞങ്ങളെ എന്നും വഴിനടത്തും. ഉമ്മൻചാണ്ടി എന്ന വ്യക്തി അർഹിക്കാത്ത ഒത്തിരി നൊമ്പരങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. ഒപ്പം എനിക്കും ഒരുപാട് അവസരങ്ങളിൽ അസത്യത്തിന്റെ കൂരമ്പുകൾ ഞങ്ങളെ രണ്ടുപേരെയും തറച്ചിട്ടുണ്ട്. ഒരക്ഷരവും തമ്മിൽ ഉരിയാടാതെ ഒന്നിച്ചു സഹിച്ച നിമിഷങ്ങൾ. ഹൃദയങ്ങൾ നൊമ്പരങ്ങൾ പങ്കിട്ടു. ത്യാഗത്തിന്റെയും സ്വയം സ്ഥാനമൊഴിയലിന്റെ അനേക മുഹൂർത്തങ്ങൾ കുഞ്ഞിന്റെ ജീവിതത്തിൽ വന്നിട്ടുണ്ട്. ഒരക്ഷരവും മിണ്ടിയിട്ടില്ല. ഒരു ഭാവവ്യത്യാസവും വീട്ടിൽ കാണിച്ചിട്ടില്ല. വിധിയെ സന്തോഷത്തോടെ ഏറ്റുവാങ്ങി.