ummen-chandi-narendra-modi-rahul-gandhi

കേരളത്തിന്റെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ച നേതാവെന്ന് പ്രധാനമന്ത്രി; ജനങ്ങൾക്ക് നൽകിയ സേവനത്തിലൂടെ ഓർമിക്കപ്പെടുമെന്ന് രാഹുൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. കേരളത്തിന്റെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ച നേതാവിനെയാണ് നഷ്ടമായതെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘ഞങ്ങൾ രണ്ടു പേരും രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ച കാലത്തും, പിന്നീട് ഡൽഹിയിലേക്ക് മാറിയപ്പോഴും അദ്ദേഹവുമായി ഇടപെട്ട നിമിഷങ്ങൾ ഞാൻ ഓർത്തെടുക്കുന്നു. ഈ വിഷമഘട്ടത്തിൽ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കൾക്കുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു’– ഉമ്മൻചാണ്ടിയുടെ കൂടെയുള്ള ചിത്രം പങ്കിട്ടായിരുന്നു മോദി ട്വീറ്റ് ചെയ്തത്.

ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ സാധാരണക്കാരുടെ ഇടയിൽ വലിയ സ്വാധീനമുള്ള കോൺഗ്രസ് നേതാവിനെയാണ്  നഷ്ടമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങൾക്കു നൽകിയ സേവനത്തിലൂടെ അദ്ദേഹം എന്നെന്നും ഓർമിക്കപ്പെടുമെന്നും രാഹുൽ പറഞ്ഞു.  ഉമ്മൻചാണ്ടിയുടെ കൈപിടിച്ച് നടക്കുന്ന ചിത്രവും രാഹുൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ അതികായനും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ഖാർഗെ പറഞ്ഞു. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും ദേശീയ രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മസമർപ്പണവും ജനസേവനവും എക്കാലവും ഓർമിക്കപ്പെടുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

temple-law-mobile-phone-restriction-prayers Previous post ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം പാടില്ല; നിരോധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ
oommen-chandy-janasambarkkam-kerala Next post പൊതു അവധി: ബാങ്കുകളും ഹൈക്കോടതിയും പ്രവര്‍ത്തിക്കില്ല