ummen-chandi-sivaji-jaganathan-kpcc

ഉമ്മന്‍ചാണ്ടിയുടെ ഭൗതീക ശരീരത്തില്‍ ഈനാട് മലയാളം ചീഫ് എഡിറ്റര്‍ ശിവജി ജഗനാഥന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു

സ്വന്തം ലേഖകന്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതീക ശരീരത്തില്‍ ഈനാട് മലയാളം ചീഫ് എഡിറ്റര്‍ ശിവജി ജഗനാഥന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് വെള്ളയമ്പലത്തെ കെ.പി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോഴാണ് ഈനാട് മലയാളത്തിനു വേണ്ടി ചീഫ് എഡിറ്റര്‍ റീത്ത് വെച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ജനകീയനും, സമാനതകളില്ലാത്ത നേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. എതിര്‍ക്കുന്നവരെപ്പോലും സ്നേഹത്തോടെ ചേര്‍ത്തു നിര്‍ത്തിയ മനുഷ്യന്‍. ജനവികാരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനും, അതില്‍ വിജയിക്കാനും കഴിഞ്ഞ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി.

അദ്ദേഹത്തെപ്പോലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും ജീവിക്കാനും കഴിയുന്ന രാഷ്ട്രീയനേതാക്കളുടെ അഭാവം കേരളത്തിലെ പൊതുജീവിതത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നേതൃശേഷിയുടെ കാര്യത്തില്‍ വേറിട്ട വ്യക്തിത്വമായിരുന്നു ഉമ്മന്‍ചാണ്ടി. ജീവിതകാലം മുഴുവന്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. പൊതുസേവനം നടത്തി സഫലമായ ജീവിതം നയിച്ച ഒരു നേതാവെന്ന നിലയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സവിശേഷ സ്ഥാനമുണ്ടെന്നും ഈനാട് മലയാളം ചീഫ് എഡിറ്റര്‍ ശിവജി ജഗനാഥന്‍ അനുസ്മരിച്ചു.

ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളിലും അവിടെ നിന്നും സ്‌പെന്‍സര്‍ ജംഗ്ഷനിലെ സെന്റ്‌ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തിഡ്രലില്‍ പ്രാര്‍ത്ഥനയ്ക്കും എത്തിച്ചു. ജനസാഗരത്തെ സാക്ഷിയാക്കിയുള്ള വിലാപയാത്ര രാത്രി പത്തു മണിയോടെയാണ് കെ.പി.സി.സി ആസ്ഥനത്ത് എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളായ ഭാര്യ മറിയാമ്മാ ഉമ്മന്‍, മക്കളായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും മൃതദേഹത്തോടൊപ്പം അനുഗമിച്ചിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി. സുബോധന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ എന്നിവര്‍ ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി.

തുടര്‍ന്ന് ഇവര്‍ക്കൊപ്പം മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എം.പി, തെന്നല ബാലകൃഷ്ണപിള്ള, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ചേര്‍ന്ന് ഭൗതീക ശരീരത്തില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. വിങ്ങലടക്കി നിന്ന പുരുഷാരത്തില്‍ നിന്നും ‘ ഇല്ലാ ഇല്ല മരിക്കുന്നില്ല, ഉമ്മന്‍ചാണ്ടി മരിക്കുന്നില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ’ എന്ന മുദ്യാവാക്യം മുഴങ്ങിക്കേട്ടു കൊണ്ടിരുന്നു. കൃഷിമന്ത്രി പി. പ്രസാദ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കെ.പി.സി.സിയിലും എത്തി അന്തിമോപചാരം അര്‍പ്പിച്ചു. എം.പിമാരായ ശശിതരൂര്‍, അടൂര്‍ പ്രകാശ്, ജെബിമേത്തര്‍, ശ്രീകണ്ഠന്‍, എം.കെ. രാഘവന്‍, ടി.എന്‍. പ്രതാപന്‍, രാജ്‌മോഹനന്‍ ഉണ്ണിത്താന്‍ എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ കെ.പി.സി.സിയില്‍ ഉണ്ടായിരുന്നു.

എം.എല്‍.എമാരായ എം. വിന്‍സെന്റ് ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ്, മാത്യു കുഴല്‍നാടന്‍, ടി. സിദ്ദീഖ്, ടി.ജെ വിനോദ് എന്നിവരും വിലാപയാത്രയില്‍ ഒപ്പമുണ്ടായിരുന്നു. മുന്‍മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, പന്തളം സുധാകരന്‍, ഡി.സി,സി പ്രസിഡന്റ് പാലോട് രവി, ശരത്ചന്ദ്രപ്രസാദ്, എം. ലിജു, പി.ജെ. കുര്യന്‍, വര്‍ക്കല കഹാര്‍, വി.എസ്. ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, എം.ബി സജു, ശാസ്തമംഗലം മോഹന്‍, തമ്പാനൂര്‍ സതീഷ്, ശാസ്തമംഗലം ഗോപന്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാനും തങ്ങളുടെ നേതാവിനെ അവസാനമായി കാണാനും എത്തിയിരുന്നു.

മുന്‍ മന്ത്രി തോമസ് ഐസക് എ.കെ. ബാലന്‍, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, അഡിഷണല്‍ അസ്വക്കേറ്റ് ജനറല്‍ കെ.പി ജയചന്ദ്രന്‍, സൂര്യ കൃഷ്ണ മൂര്‍ത്തി, ചലച്ചിത്ര താരം കുഞ്ഞാക്കോ ബോബന്‍ ക്രൈസ്തവ മേലധ്യക്ഷന്‍മാരും കെ.പി.സി.സി ആസ്ഥാനത്തെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Leave a Reply

Your email address will not be published.

died-ummen-chandi sister Previous post ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു
ummenchandi-kpcc-aicc-mallikarjuna-khargea Next post അന്ത്യയാത്രയും ജനസാഗരത്തിന് നടുവിലൂടെ; ജനനായകൻ ഉമ്മൻ ചാണ്ടിയെ യാത്രയാക്കാൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച പുതുപ്പള്ളിയിലെത്തും