
ഉറക്കമില്ലാത്ത ഉമ്മന്‍ ചാണ്ടി
(ഓര്‍മ്മക്കുറിപ്പുകള്‍)
ഉറക്കം ഉമ്മന്‍ ചാണ്ടിക്കെന്നും പ്രശ്‌നമായിരുന്നു. കണ്ണിലേക്ക് അരിച്ചിറങ്ങുന്ന ഉറക്കത്തെയും കാത്ത് എത്രയോ രാത്രികള്‍ ഉമ്മന്‍ ചാണ്ടി കണ്ണടച്ച് കിടന്നിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം തന്നെയാണ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ പൊതുതാല്‍പര്യത്തിനപ്പുറമായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് എ ഗ്രൂപ്പ് എന്ന വികാരം. പല എ ഗ്രൂപ്പ് നേതാക്കളും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചപ്പോഴും ഉമ്മന്‍ ചാണ്ടി, പക്ഷെ പരിഭവിച്ചില്ല. വെളുപ്പിന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിനില്‍ കയറുന്ന ഉമ്മന്‍ ചാണ്ടിയുടെ കൈയില്‍ നോട്ടുബുക്കും പേനയുമുണ്ടാകും. പരിചയക്കാരോട് സംസാരിക്കാതിരിക്കുമ്പോഴൊക്കെ ഉമ്മന്‍ ചാണ്ടി എഴുതുകയായിരിക്കും.

കോണ്‍ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ യോഗത്തിന്റെ മിനിട്‌സ് അല്ലെങ്കില്‍ പുതിയ ആശയങ്ങള്‍ ഒക്കെ നോട്ടുബുക്കില്‍ സ്വന്തം മുടി പോലെ വഴങ്ങാത്ത അക്ഷരങ്ങളില്‍ കുത്തിക്കുറിക്കും. പിന്നെയേ ഉള്ളൂ പത്രവായന. പത്രങ്ങള്‍ അരിച്ചുപെറുക്കും. എതിര്‍ വാര്‍ത്തകള്‍ക്കെതിരെ ആരോടും പരിഭവം പറയാറുമില്ല. അസഹിഷ്ണുത ഉമ്മന്‍ ചാണ്ടിക്ക് അന്യമായിരുന്നു. പത്രവായനക്കപ്പുറം AK ആന്റണിയെ പോലെ ആഴത്തിലോ പരപ്പിലോ ഉള്ള പുസ്തക വായനയൊന്നും ഉണ്ടായിരുന്നില്ല. ജനങ്ങളാണെന്റെ പുസ്തകങ്ങള്‍ എന്ന് ഇടക്കിടെ പറയുമായിരുന്നു. യഥാര്‍ത്ഥ പുസ്തകങ്ങള്‍ വായിക്കാതിരിക്കാനുള്ള അടവാണിതെന്ന് കവയിത്രി സുഗതകുമാരി ഒരിക്കല്‍ മുഖത്ത് നോക്കി പറഞ്ഞപ്പോഴും ഉമ്മന്‍ ചാണ്ടി ചിരിച്ചതേയുള്ളു.

ആള്‍ക്കൂട്ടം അമിതമായപ്പോള്‍ മുഖ്യമന്ത്രിയുടെ ആപ്പീസിനെ ‘ചന്തയാകരുത് ‘ എന്ന് പലരും ഉപദേശിച്ചു. ഒക്കെ അവഗണിക്കുകയാണ് അദ്ദേഹം ചെയ്തത്. ഉമ്മന്‍ ചാണ്ടി ഇരിക്കാറില്ല, നില്‍പ് ഉറയ്ക്കാറുമില്ല. ഒരു കാലിട്ട് ഇളക്കിയുള്ള നില്‍പ്പും ആക്കവും തൂക്കവുമനുസരിച്ച് ആളുകളുടെ തോളില്‍ തട്ടി മൂലകളിലേക്കുള്ള നടപ്പും അടക്കം പറച്ചിലുകളുമൊക്കെ ഉമ്മന്‍ ചാണ്ടിക്ക് മാത്രം സ്വന്തം. ജനക്കൂട്ടത്തിനിടയില്‍ നിന്നും ഒരു ഭ്രാന്തന്‍ കയറി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നിട്ടും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനൊന്നും അദ്ദേഹം തയാറായില്ല.

കടുത്ത രാഷ്ട്രീയ ശത്രുത ഉണ്ടായിരുന്നപ്പോഴും K കരുണാകരനുമായി വ്യക്തിപരമായി ഇടയാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രദ്ധിച്ചു. ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗങ്ങളിലെ ചര്‍ച്ചകള്‍ ഉമ്മന്‍ ചാണ്ടി ചോര്‍ത്തിയിരുന്നത് ആര്യാടനിലൂടെയാണ്. PP തങ്കച്ചനോട് ഒരിക്കല്‍ ലീഡര്‍ ഗ്രൂപ്പ് യോഗത്തിനു ശേഷം ഉറക്കെ പറഞ്ഞു: വൈകുന്നേരം ചര്‍ച്ചകളൊക്കെ അതേപടി ആര്യാടന് പറഞ്ഞു കൊടുക്കുന്നതില്‍ ഒരമാന്തവും കാണിക്കരുത്. കുത്തുകൊണ്ട് ഒന്ന് പുളഞ്ഞെങ്കിലും PP തങ്കച്ചന്‍ ചോര്‍ത്തുന്നതോ ആര്യാടന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതോ ഒരിക്കലും നിര്‍ത്തിയില്ല. മുഖ്യമന്ത്രിയായിരിക്കെ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചപ്പോള്‍ ഉറക്കമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ പ്രശ്‌നം. വെളുപ്പിന് മാത്രമേ നന്നായി ഉറങ്ങാനാകൂ എന്ന് അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു. അതുപോലെ ഒരു വെളുപ്പാന്‍ കാലത്തെ ഉറക്കത്തിനിടയിലാകണം അനന്തമായ ഉറക്കത്തിലേക്ക് ഉമ്മന്‍ ചാണ്ടി വഴുതിവീണത്.
കടപ്പാട്,
ആര്‍. അജിത് കുമാര്‍ (എം5 ചാനല്‍ CEOയും, മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും)

