
അപരിചിതരായ രണ്ട് പെൺകുട്ടികളെ കെട്ടിപ്പിടിച്ചു ചുംബിച്ചു; ഇന്ത്യൻ ഷെഫിന് സിംഗപ്പൂരിൽ തടവുശിക്ഷ
രണ്ട് പെൺകുട്ടികളെ ഉപദ്രവിച്ച ഇന്ത്യൻ ഷെഫിന് സിംഗപ്പൂരിൽ തടവുശിക്ഷ. പ്രതി സുശിൽ കുമാർ മൂന്നുമാസവും നാല് ആഴ്ചയും തടവുശിക്ഷ അനുഭവിക്കണം. മൂന്നുമാസത്തിന്റെ ഇടയിലാണ് ഇയാൾ രണ്ടുപെൺകുട്ടികളെ ഉപദ്രവിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് രണ്ടിനാണു ആദ്യസംഭവം നടന്നത്. റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ അനുവാദമില്ലാതെ യുവാവ് കെട്ടിപ്പിടിക്കുകയും കവിളിൽ ചുംബിക്കുകയുമായിരുന്നു. തുടർന്ന് ഒന്നിച്ചുള്ള നിരവധി ഫോട്ടോകൾ ഇയാൾ തന്റെ ഫോണിൽ പകർത്തുകയും കുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങുകയും ചെയ്തു.
പണം ആവശ്യമുണ്ടെങ്കിൽ തന്നെ വിളിക്കാമെന്ന് ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. പ്രതികരിക്കാൻ കഴിയാതിരുന്ന പെൺകുട്ടി വീട്ടിലെത്തി വിവരങ്ങൾ പറയുകയും തുടർന്ന് പരാതി കൊടുക്കുകയുമായിരുന്നു. അതിനിടെ ഫോണിലൂടെ കുട്ടിയെ ബന്ധപ്പെടാനും ഇയാൾ ശ്രമിച്ചു. പരാതി കൊടുത്തതിനു പിറ്റേ ദിവസം തന്നെ യുവാവ് പിടിയിലായെങ്കിലും ജാമ്യം കിട്ടി.
നവംബർ എട്ടിനും യുവാവ് സമാനമായ കുറ്റകൃത്യം ചെയ്തു. ലിഫ്റ്റ് കാത്തുനിൽക്കുകയായിരുന്ന 19 കാരിയുടെ കയ്യിൽ പിടിക്കുകയും ലിഫ്റ്റിൽ കയറിയതിനു പിന്നാലെ ചുംബിക്കുകയും ചെയ്തു. പേടിച്ചുപോയ പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ലിഫ്റ്റിൽ നിന്നുള്ള സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. രണ്ടു സംഭവങ്ങൾക്കും പിന്നാലെ നവംബർ എട്ടിന് യുവാവ് അറസ്റ്റിലായി. സംഭവങ്ങളിൽ പശ്ചാത്താപമുണ്ടെന്ന് യുവാവ് അറിയിച്ചെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല. ചെയ്ത കാര്യത്തിൽ പശ്ചാത്താപം ഉണ്ടായിരുന്നെങ്കിൽ യുവാവ് ഒരേ കുറ്റകൃത്യം രണ്ടുതവണ ആവർത്തിക്കില്ലെന്നായിരുന്നു ജില്ലാ ജഡ്ജി വിധി പ്രസ്താവിക്കവേ പറഞ്ഞത്.