
ജനകീയ ട്രെയിനായി വന്ദേ ഭാരത്
കേരളത്തിന്റെ വന്ദേ ഭാരത് തമിഴ്‌നാട് തട്ടാനൊരുങ്ങുന്നു, തടയിടാന്‍ മനസ്സില്ലെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത്, ട്രെയിന്‍ കൂടുതല്‍ ജനകീയമാകാന്‍ പോകുന്നു. വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന്റെ ആലോചനയിലാണ് റെയില്‍വേ. യാത്രക്കാര്‍ വളരെ കുറവുള്ള റൂട്ടുകളില്‍ ഓടുന്ന വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്കുകളാണ് കുറയ്ക്കാന്‍ ആലോചിക്കുന്നത്. ചെറിയ ദൂരങ്ങളിലേക്കുള്ള സര്‍വ്വീസുകളില്‍ യാത്രക്കാര്‍ക്ക് താങ്ങാനാകുന്ന നിരക്ക്മാറ്റമാകും നടത്തുകയെന്നാണ് സൂചന. അതേസമയം, വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതാണ് കേരളം. എന്നിട്ടും, കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ നോട്ടമിട്ട് കരുക്കള്‍ നീക്കുന്ന തമിഴ്‌നാടിന്റെ ഇടപെടല്‍ തടയാന്‍ ഒരു നടപടിയും എടുക്കാതിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യയിലെ മറ്റിടങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന വന്ദേഭാരതില്‍ യാത്രക്കാര്‍ കുറയുന്നതിന് കാരണം ടിക്കറ്റ് നിരക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഡോര്‍-ഭോപാല്‍, ഭോപാല്‍-ജബല്‍പൂര്‍, നാഗ്പൂര്‍-ബിലാസ്പൂര്‍ എക്‌സ്പ്രസ്സുകള്‍ അടക്കമുള്ള ചില സര്‍വ്വീസുകളുടെ നിരക്കിലാവും മാറ്റമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭോപാല്‍-ജബല്‍പൂര്‍ വന്ദേഭാരത് സര്‍വ്വീസിന്റെ ഒക്യുപെന്‍സി നിരക്ക് 29 ശതമാനമാണ്. ഇന്‍ഡോര്‍-ഭോപാല്‍ വന്ദേഭാരതില്‍ ഇത് 21 ശതമാനമായി കുറയുന്നു. എ.സി ചെയര്‍ ടിക്കറ്റ് 950 രൂപയും, എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ ടിക്കറ്റ് 1525 രൂപയുമാണ് ഈ സര്‍വ്വീസുകള്‍ക്ക് ഈടാക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് സേവനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് റെയില്‍വേ വിശദമാക്കുമ്പോഴും കേരളം വേറിട്ടുനില്‍ക്കുന്നത് റെയില്‍വേ മന്ത്രാലയം കാണാതെ പോകരുതെന്നേ പറയാനുള്ളൂ. നാഗ്പൂര്‍ ബിലാസ്പൂര്‍ പാതയിലും യാത്രക്കാര്‍ കുറവാണ്. ഇവിടെയും ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട്. അഞ്ച് മണിക്കൂര്‍ 30 മിനിറ്റാണ് ഈ പാതയിലെ വന്ദേ ഭാരത് സര്‍വ്വീസിന് ആവശ്യമായി വരുന്നത്. നിരക്ക് കുറഞ്ഞാല്‍ ഒക്യുപെന്‍സിയില്‍ വലിയ മാറ്റം വരുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. നിലവില്‍ 55 ശതമാനമാണ് ഒക്യുപെന്‍സിയാണുള്ളത്. ചെയര്‍ കാറിന് 1075ഉം എക്‌സിക്യുട്ടീവ് ക്ലാസിന് 2045രൂപയുമാണ് ഈ പാതയിലെ നിരക്ക്. ഭോപാല്‍ ജബല്‍പൂര്‍ പാതയില്‍ 32 ശതമാനമാണ് ഒക്യുപെന്‍സി. എന്നാല്‍ ജബല്‍പൂരില്‍ നിന്നുള്ള തിരികെ യാത്രയ്ക്ക് 36 ശതമാനം ഒക്യുപെന്‍സിയുണ്ട്. വൈദ്യുതീകരണം പൂര്‍ത്തിയായ സംസ്ഥാനങ്ങളിലായി 46 വന്ദേഭാരത് സര്‍വ്വീസുകളാണ് രാജ്യത്ത് നിലവിലുള്ളത്.

മിക്ക വന്ദേഭാരത് ട്രെയിനുകളും ഫുള്‍ ഒക്യുപെന്‍സിയിലാണ് സര്‍വ്വീസ് നടത്തുന്നതെന്നും റെയില്‍വേയുടെ വിലയിരുത്തല്‍.
അതേസമയം, കേരളത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്ന ആരോപണം ശക്തമായിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷന് അനുവദിച്ച ട്രെയിന്‍ കേരളത്തില്‍ തൊടാതെ നാഗര്‍കോവില്‍ നിന്നും തിരുനെല്‍വേലി വഴി മധുരയിലേക്ക് സര്‍വീസ് നടത്താനുള്ള നീക്കവുമായി തമിഴ്‌നാട് മുന്നോട്ടു പോവുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തര ഇടപെലുണ്ടായില്ലെങ്കില്‍ രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് നഷ്ടമാവുമെന്നുറപ്പാണ്. തമിഴ്‌നാടിന് ഇപ്പോള്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളുണ്ട്. ചെന്നൈയില്‍ നിന്ന് മൈസുരിലേക്കും, കോയമ്പത്തൂരിലേക്കും. മൂന്നാമത്തെ വന്ദേഭാരത് ചെന്നൈയില്‍ നിന്ന് തിരുപ്പതിയിലേക്കും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകും. ചെന്നൈയില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വിജയവാഡയിലേക്കു നാലാമത്തെ വന്ദേഭാരത് അനുവദിക്കുന്ന കാര്യവും റെയില്‍വേയുടെ സജീവ പരിഗണനയിലാണ്. അതിനൊപ്പമാണ് തിരുവനന്തപുരം ഡിവിഷന് ലഭിച്ച ട്രെയിന്‍ കൂടി തട്ടിയെടുക്കാന്‍ നീക്കം നടക്കുന്നത്.

തിരുവനന്തപുരം ഡിവിഷനു ലഭിച്ച ആദ്യ വന്ദേഭാരത് ഇപ്പോള്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുന്നുണ്ട്. കന്യാകുമാരി ജില്ലയും തിരുനെല്‍വേലി ജില്ലയിലെ മേലേപാളയം വരെയും തിരുവനന്തപുരം ഡിവിഷനു കീഴിലുളളതാണ്. ഡിവിഷന് അനുവദിച്ച ഒരു ട്രെയിന്‍ കേരളത്തില്‍ ഓടുമ്പോള്‍ രണ്ടാമത്തേത് മുഴുവനായി തമിഴ്‌നാടിനിരിക്കട്ടെ എന്നാണ് ദക്ഷിണ റെയില്‍വേയിലെ ചില ഉദ്യോഗസ്ഥരുടെ നിലപാട്. ജൂണ്‍ അവസാനത്തോടെ, വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകള്‍ നല്‍കിക്കഴിഞ്ഞു. ജൂലായ് മുതല്‍ തിരക്കേറിയ റൂട്ടുകളില്‍ ഒന്നിലധികം വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കുമെന്നാണു റെയില്‍വേ അറിയിച്ചിരുന്നത്.

എറണാകുളം-ബെംഗളൂരു, തിരുവനന്തപുരം- സേലം റൂട്ടുകളിലും വന്ദേഭാരത് സര്‍വീസ് വേണമെന്ന ആവശ്യം ഉയര്‍ന്നതാണ്. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിക്കു പുറമേ എറണാകുളം, മംഗളൂരു, നാഗര്‍കോവില്‍ ഡിപ്പോകളിലും ഒരുങ്ങുന്നുണ്ട്. വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതാണ് കേരളം. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ ശരാശരി ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് ശരാശരി 176 ശതമാനവും. തൊട്ട് പിന്നിലുള്ള ഗാന്ധി നഗര്‍ മുംബയ് വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം മാത്രമാണ്.

ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിന്‍ 18 എന്നറിയപ്പെടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്. ഒരു ഇന്ത്യന്‍ സെമി ഹൈ സ്പീഡ് ഇന്റര്‍സിറ്റി ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ ട്രെയിനാണ്. 100 കോടിയാണ് ഒരു യൂണിറ്റിന്റെ നിര്‍മ്മാണ ചിലവ്. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സമാനമായ ട്രെയിനിനേക്കാള്‍ 40% കുറവ് ചെലവാണ് ഇന്ത്യന്‍ നിര്‍മ്മിത ട്രെയിന്‍ 18 നിന്.

2019 ജനുവരി 27 ന് ‘വന്ദേ ഭാരത് എക്‌സ്പ്രസ്’ എന്ന് പേരിട്ടു. 2019 ഫെബ്രുവരി 15 നാണ് ട്രെയിന്‍ യാത്രക്കായി സജ്ജമാക്കിയത്. വന്ദേ ഭാരത് എക്‌സ്പ്രസ് എന്നാല്‍ ‘ഭാരതത്തെ നമസ്‌കരിക്കുന്ന എക്‌സ്പ്രസ്’ എന്നാണ്. സന്ദര്‍ഭത്തെ ആശ്രയിച്ച്, വന്ദ് എന്നാല്‍ ‘, സ്തുതിക്കുക, ആഘോഷിക്കുക, പ്രശംസിക്കുക, ബഹുമാനം കാണിക്കുക, അല്ലെങ്കില്‍ ‘ബഹുമാനിക്കുക, ആരാധിക്കുക എന്നെല്ലാമാണ് അര്‍ത്ഥം. ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവര്‍ കോച്ച് ഉണ്ട്. ഇത് ലൈനിന്റെ ഓരോ അറ്റത്തും വേഗത്തില്‍ തിരിയാന്‍ അനുവദിക്കുന്നു. 1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ട്രെയിനിലുള്ളത്. സെന്റര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ രണ്ടെണ്ണം 52 വീതം ഇരിക്കാവുന്ന ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളും ബാക്കിയുള്ളവ 78 വീതം ഇരിക്കാവുന്ന കോച്ച് കമ്പാര്‍ട്ടുമെന്റുകളുമാണുള്ളത്. ട്രെയിനിന്റെ സീറ്റുകള്‍, ബ്രേക്കിംഗ് സിസ്റ്റം, വാതിലുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ പുറത്തുനിന്നും വാങ്ങുന്നവയാണ്.