
വിവാദങ്ങളുടെ കലാകാരന്: കാക്കിക്കുള്ളിലെ കലാഹൃദയം പുറത്തെടുക്കാന്‍ ടോമിന് തച്ചങ്കരി വരുന്നു
ഈ മാസം 31 വിരമിക്കുന്ന ടോമിന് തച്ചങ്കരിയുടെ ആദ്യ സിനിമ KSRTCയെ കുറിച്ചുള്ള ഹാസ്യ സിനിമയാണ്
എ.എസ്. അജയ്ദേവ്
മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ വഴിയേ ഡി.ജി.പി ടോമിന് ജെ. തച്ചങ്കരിയും സിനിമയിലേക്ക് ഇറങ്ങുന്നു. ഈമാസം അവസാനം പോലീസ് കുപ്പായം അഴിക്കുന്നതോടെ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. പുതിയ കഥയോ, കവിതയോ ഒന്നുമല്ല, തന്റെ സര്‍വ്വീസ് കാലത്തെ അനുഭവങ്ങള്‍ തന്നെ സിനിമയാക്കാനാണ് അദ്ദേഹത്തിന് ആഗ്രഹം. അത്രയേറെ സംഭവ ബഹുലമായ കഥകള്‍ സര്‍വ്വീസിലിരിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ടെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകണം. ആദ്യ സിനിമ കെ.എസ്.ആര്.ടി.സിയെക്കുറിച്ചുള്ള ആക്ഷേപ ഹാസ്യമായിരിക്കുമെന്നും തച്ചങ്കരി വെളിപ്പെടുത്തിക്കഴിഞ്ഞു. ആക്ഷേപിക്കാനും, ഹാസ്യം പറയാനും പറ്റിയ വകുപ്പ് കേരളത്തില്‍ വേറെയില്ലെന്ന് നേരിട്ടറിയാവുന്ന വ്യക്തി കൂടിയാണ് തച്ചങ്കരി.

തബലകൊട്ടിയാണ് KSRTC എം.ഡി. പദത്തില്‍ കയറിയത്. പിന്നീട്, ഇറക്കിവിടും പോലെയാണ് അദ്ദേഹം തടി കേടാകാതെ കയിച്ചിലാക്കിയത്. ഡി.ജി.പി പദവിയുണ്ടെങ്കിലും കേരളത്തിന്റെ ഡി.ജി.പിയാകാന്‍ കഴിയാത്തതിന്റെ ദുഖം ഉള്ളിലൊതുക്കിക്കൊണ്ടാണ് ഈ 31ന് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ തന്നെ കലാരംഗത്ത് സജീവമായിരുന്ന ടോമിന് തച്ചങ്കരി സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുകയാണ്. പാട്ടെഴുതിയും സംഗീതം നല്‍കിയുമെല്ലാം ഇതിനകം കയ്യടി നേടിയിട്ടുണ്ട്. വിരമിച്ച ശേഷം സര്‍വീസ് അനുഭവങ്ങളെല്ലാം ചേര്‍ത്ത് ആത്മകഥയെഴുതുകയാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പതിവ്. എന്നാല്‍ അല്പം വ്യത്യസ്തമായ വഴി സ്വീകരിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. കാക്കിക്കുപ്പായം ഊരിയാല്‍ സിനിമാക്കാരന്റെ കുപ്പായം അണിയും. കഥയും തിരക്കഥയും സംഗീതവും തുടങ്ങി അഭിനയം വരെ ആലോചനയിലുണ്ട്.

സര്‍വീസ് അനുഭവങ്ങള്‍ ചേര്‍ത്തുള്ള സിനിമാക്കഥ എഴുത്തുവഴിയിലാണ്. കെ.എസ്.ആര്.ടി.സിയുടെ തലപ്പത്ത് ഇരുന്നപ്പോളുള്ള അനുഭവങ്ങളാണ് ആദ്യം സിനിമയാകുക. രാഷ്ട്രീയ ആക്ഷേപഹാസ്യം എന്ന രീതിയിലാവും കെ.എസ്.ആര്.ടി.സിയിലെ കഥ പറയുക. സര്‍വീസില്‍ നിന്നിറങ്ങിയ ശേഷം തിരക്കിട്ട സിനിമാചര്ച്ചകളിലേക്ക് കടക്കാനാണ് തീരുമാനം. സിനിമയ്ക്കൊപ്പം ഭാര്യയുടെ പേരിലുണ്ടായിരുന്ന റിയാന്‍ സ്റ്റുഡിയോ പുനരാരംഭിക്കാനും ആലോചനയിലുണ്ട്. എട്ടു മാസമേ ടോമിന് തച്ചങ്കരി കെ.എസ്.ആര്.ടി.സിയില്‍ ഭരണം നടത്തിയുള്ളൂ. കെ.എസ്.ആര്.ടി.സിയെ താന്‍ കാമിനിയെപ്പോലെ സിനേഹിച്ചിരുന്നുവെന്നാണ് തച്ചങ്കരി അന്ന് പറഞ്ഞിരുന്നത്. എന്നാല്‍, കാമിനിയെ ഉപേക്ഷിച്ച് പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പറയേണ്ടി വന്നു. അന്നത്തെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പോലുമറിയാതെ മന്ത്രിസഭാ യോഗ അജണ്ടയ്ക്കു പുറത്തുള്ള വിഷയമായാണ് തച്ചങ്കരിയുടെ മാറ്റം പരിഗണിച്ചത്.

തച്ചങ്കരിയുടെ കാക്കിക്കുള്ളില്‍ കഥകളുടെ കൂമ്പാരം തന്നെയുണ്ടെന്ന് ഉറപ്പായും പറയാനാകുന്നത്, അദ്ദേഹം എന്നും വിവാദ പുരുഷനായതു കൊണ്ടാണ്. കാക്കിയിട്ട റിബല്‍ എന്നു വേണമെങ്കിലും തച്ചങ്കരിയെ വിശേഷിപ്പിക്കാം. 2016ല്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ പി സദാശിവം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആയിരുന്ന ടോമിന് ജെ തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോണ്‍ മുഴക്കിയത് വലിയ വിവാദമായിരുന്നു. തച്ചങ്കരി വൈകി ചടങ്ങിനെത്തിയതാണ് സംഭവങ്ങള്‍ക്ക് കാരണമായത്. ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോണ്‍ മുഴക്കുകയും അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ദേശീയഗാനം ആലപിക്കുകയായിരുന്നു. ദേശീയഗാനം പാടുമ്പോള്‍ നിശ്ചലമായി നില്‍ക്കണമെന്നാണ് നിയമം.

അതേസമയം, പരിപാടിയിലേക്ക് വൈകിയെത്തിയ എ.ഡി.ജി.പി ദേശീയഗാനം പാടുമ്പോള്‍ പ്രോട്ടോകോള്‍ ലംഘിച്ച് അതിഥികളുടെ പവലിയനിലേക്ക് കടന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പുലിവാലായി. ട്രാന്‍സ്പോര്‍ട്ട് കമ്മിണര്‍ ആയിരിക്കെ പാലക്കാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ശരവണനില്‍ നിന്നും തവണകളായി 9 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. തച്ചങ്കരിയുടെ ഫോണ്‍ അടക്കം പരിശോധിച്ച് വിജിലന്‍സ് കേസ്ഫയല്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഗതാഗത കമീഷണര്‍ ആയിരിക്കെ തന്നെ ടോമിന് തച്ചങ്കരിയുടെ ജന്മദിനം ആര്.ടി ഓഫീസുകളില്‍ കേക്കു മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ച സംഭവം വിവാദമായിരുന്നു. സംസ്ഥാനത്തെ പല ആര്.ടി.ഒ ഓഫിസുകളിലും ലഡു വിതരണം ചെയ്ത് തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, സ്വന്തം ചിലവിലാണ് ആഘോഷങ്ങള്‍ നടത്തിയതെന്നാണ് തച്ചങ്കരിയുടെ മറുപടി.

ഇതിനു പിന്നാലെയാണ് മറ്റൊരു വിവാദത്തിന് തച്ചങ്കരി തിരികൊളുത്തിയത്. ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ല എന്നതായിരുന്നു അടുത്ത വിവാദം. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ രോഷമുണ്ടാക്കാനും ഇടയാക്കി. മറ്റൊരു വിവാദമായ വിജിലന്‍സ് കേസാണ്, തിരുവനന്തപുരത്തെ വാഹന ഡീലര്‍ക്ക് പിഴ ഇളവു നല്കി, മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്പനിക്കു മാത്രമായി ഒഴിവാക്കി എന്നിവയാണ് കേസിനാധാരമായ സംഭവങ്ങള്‍. ഗതാഗത കമ്മീഷണറായിരിക്കെ തച്ചങ്കരി ഇറക്കിയ പല ഉത്തരവുകളും വിവാദമായിട്ടുണ്ട്. ആറുമാസത്തെ വിവാദ ഉത്തരവുകള്‍ പരിശോധിക്കണമെന്ന പരാതി വിജിലന്‍സിനു ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതും.

പൊലിസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി ടോമിന് തച്ചങ്കരിയെ നിയമിച്ച സര്‍ക്കാര്‍ നടപടിയും വിവാദമായിരുന്നു. ഇതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ക്രമസമാധാനവും വിജിലന്‍സും ഒരാളുടെ ചുമതലയില്‍ വരുന്നത് ശരിയായ രീതിയല്ലെന്നും വിജിലന്‍സിന് പ്രത്യേക ഡയറക്ടറെ നിയമിക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. നേരത്തെ കേരള പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വകുപ്പിന്റെ അധികച്ചുമതല ഉണ്ടായിരുന്നപ്പോള്‍ വകുപ്പിന്റെ കാര്യലയ വളപ്പില്‍ നിന്നിരുന്ന ലക്ഷങ്ങള്‍ വിലയുള്ള 250 ഓളം വന്മരങ്ങള് വെട്ടിമാറ്റാന്‍ ഉത്തരവിട്ടത് വിവാദമായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് തച്ചങ്കരി ഉത്തരവിറക്കിയത്.എന്നാല്‍, പഞ്ചായത്തില്‍പ്പോലും അനുമതിക്കായി അപേക്ഷ നല്‍കാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇറക്കിയ ഉത്തരവ് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

ഇങ്ങനെ തുടങ്ങി പോലീസ് യൂണിഫോമില്‍ ഇരിക്കുമ്പോള്‍ തന്നെ സ്വന്തം കാര്യങ്ങളില്‍ നിരവധി കഥകള്‍ ഉണ്ടാക്കിയ വിവാദ പുരുഷന് സിനിമയില്‍ കാലെടുത്തു വെയ്ക്കുന്നതോടെ ഒരു കഥാപ്രസംഗം തന്നെ പ്രതീക്ഷിക്കാം. മുന്‍ഗാമിയായ ഋഷിരാജ് സിംഗ് ഇപ്പോള്‍ സംവിധാന സഹായിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. മലയാളം സിനിമാ പാട്ടുകള്‍ എഴുതി പഠിച്ച് ഋഷിരാജ് സിംഗ് പല വേദികളിലും പാടിയിട്ടുമുണ്ട്. എന്തായാലും കാക്കിയഴിച്ച ഐ.പിഎസ്സുകാരില് സിനിമയില്‍ പയറ്റാന്‍ തച്ചങ്കരിയും റെഡിയാവുകയാണ്.