tj.joseph-hand-cut-muslim-theevravaadi

ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: മൂന്നു പേർക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് എൻഐഎ കോടതി

ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. നാസർ, സജിൽ, നജീബ് എന്നിവർക്കാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. നൗഷാദിനും മൊയ്തീൻ കുഞ്ഞിനും മൂന്നു വർഷം വീതം തടവും വിധിച്ചു.

മുവാറ്റുപുഴ രണ്ടാർക്കര സജിൽ (36), ആലുവ കുഞ്ഞുണ്ണിക്കര എം.കെ.നാസർ (48), കടുങ്ങല്ലൂർ ഉളിയന്നൂ‍ർ കെ.എ.നജീബ് (42), ആലുവ കടുങ്ങല്ലൂർ എം.കെ.നൗഷാദ് (48), ആലുവ കുഞ്ഞുണ്ണിക്കര പി.പി.മൊയ്തീൻ കുഞ്ഞ് (60), തായിക്കാട്ടുകര പി.എം.അയൂബ് (48) എന്നിവരെയാണ് ശിക്ഷിച്ചത്. രണ്ടാം ഘട്ട വിചാരണ നേരിട്ട 11 പ്രതികളിൽ‌ 6 പേർ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ 5 പ്രതികളെ വിട്ടയച്ചു. 

കേസിൽ ആദ്യം അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ 2015 മേയിൽ പൂർത്തിയാക്കി 13 പ്രതികളെ ശിക്ഷിച്ചിരുന്നു. അതിനു ശേഷം അറസ്റ്റിലാവുകയും കീഴടങ്ങുകയും ചെയ്ത 11 പ്രതികളുടെ വിചാരണയാണ് ഇന്നലെ പൂർത്തിയാക്കിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്.

പിഎഫ്ഐയെ നിരോധിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനത്തിൽ സംഘടന നടത്തിയ ഭീകരസ്വഭാവമുള്ള കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ അധ്യാപകന്റെ കൈവെട്ടിയ കേസും എടുത്തു പറഞ്ഞിരുന്നു. കൊലപാതകശ്രമം, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനം, ഗൂഢാലോചന, ഭീകരസംഘടനയിൽ അംഗമാകൽ, ആയുധനിയമം എന്നിവയാണു സജിൽ, നാസർ, നജീബ് എന്നിവർക്കെതിരെയുള്ള പ്രധാന കുറ്റങ്ങൾ. ടി.ജെ.ജോസഫിനെ ആക്രമിച്ച സംഘത്തിലെ അംഗമായിരുന്നു സജിൽ. അക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും എം.കെ.നാസറായിരുന്നു അവരെ നിയന്ത്രിച്ച സൂത്രധാരൻ.  

കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും വിവരം നൽകിയില്ല, പ്രതികളെ സംരക്ഷിക്കൽ, ഗൂഢാലോചന എന്നിവയാണു നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്കെതിരെ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ. 

നാലാം പ്രതി ഓടക്കാലി ഷഫീഖ് (31), ആറാം പ്രതി കുറുപ്പംപടി അശമന്നൂർ അസീസ് ഓടക്കാലി (36), ഏഴാം പ്രതി തോട്ടക്കാട്ടുകര മുഹമ്മദ് റാഫി (40), എട്ടാം പ്രതി വെസ്റ്റ് വെളിയത്തുനാട് ടി.പി.സുബൈർ (സുബു–40), 10–ാം പ്രതി ചൂർണിക്കര മൻസൂർ (52) എന്നിവരെയാണു തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചത്. പ്രോസിക്യൂഷനു വേണ്ടി ആദ്യം പി.ജി.മനുവും പിന്നീടു സിന്ധു രവിശങ്കറും ഹാജരായി. 2010 ജൂലൈ നാലിനായിരുന്നു കൈവെട്ടിയത്. കൈപ്പത്തി വെട്ടിയെടുത്ത ഒന്നാം പ്രതി അശമന്നൂർ സ്വദേശി സവാദ് (33) അന്നു മുതൽ ഒളിവിലാണ്.

Leave a Reply

Your email address will not be published.

sathyagraha-strike-kpsta-teachers Previous post കെപിഎസ്ടിഎ ഇന്നും നാളെയും രാപകൽ സമരം നടത്തും
airline-sarvey-travel-buissness Next post ലോയല്‍റ്റി പോയിന്‍റുകള്‍ ചെലവഴിക്കുന്നതില്‍<br>വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് സര്‍വേ