
ടൈറ്റനെ മറക്കുക; 2050 ഓടെ 1000ത്തിലധികം പേരെ ശുക്രനിലേക്ക് അയക്കുമെന്ന് ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ചതിന്റെ നടുക്കം മാറുന്നതിനു മുൻപ് അടുത്ത പദ്ധതി പ്രഖ്യാപിച്ച് ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലേർമോ സോൺലൈൻ. 2050 ഓടെ 1000ത്തിലധികം പേരെ ശുക്രനിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. “ഓഷ്യൻഗേറ്റിനെ മറക്കുക, ടൈറ്റനെ മറക്കുക, സ്റ്റോക്ക്ടണിനെ മറക്കുക, മാനവികത ഒരു വലിയ വഴിത്തിരിവിന്റെ വക്കിലാണ്. അതിനെ എതിർക്കാതിരിക്കുക. കാരണം ഒരു സ്പീഷിസ് എന്ന നിലയിൽ നമ്മുടെ വളർച്ചയെ അത് ബാധിക്കും”- ഗില്ലേർമോ സോൺലൈൻ വ്യക്തമാക്കി..ശുക്രനിലേക്ക് മനുഷ്യനെ അയക്കുന്നത് ഗില്ലേർമോ സോൺലൈനിന്റെ തന്നെ മറ്റൊരു കമ്പനിയായ ഹ്യൂമൻസ് 2 വീനസ് എന്നായിരിക്കുമെന്നാണ് റിപ്പോർട്ട്. 2020 ലാണ് ഹ്യൂമൻസ് 2 വീനസ് കമ്പനി സ്ഥാപിച്ചത്. ശുക്രനിൽ മനുഷ്യവാസം ഒരുക്കുക എന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം. 2050 ഓടെ ശുക്രന്റെ അന്തരീക്ഷത്തിൽ 1000 പേർ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശുക്രന്റെ അന്തരീക്ഷത്തിൽ നിന്ന് 30 മൈൽ ഉയരത്തിൽ മനുഷ്യവാസം സാധ്യമാണ്. ഇവിടെ ചൂടും മർദവും കുറവാണെന്നും ഗുരുത്വാകർഷണം ഭൂമിയുടേതിന് സമാനമാണെന്നും ഗില്ലേർമോ സോൺലൈൻ പറഞ്ഞു.ജൂൺ 16 നാണ് സമുദ്രനിരപ്പിൽ നിന്ന് 12,500 അടി താഴെയുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അഞ്ചുപേരുമായി ടൈറ്റൻ യാത്ര തിരിച്ചത്. ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയാണ് ടൈറ്റൻ സബ്മെർസിബിൾ. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് 700 കിലോമീറ്റർ അകലെ വെച്ചാണ് മുങ്ങിക്കപ്പൽ അപ്രത്യക്ഷമായത്. ബ്രിട്ടിഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് സ്കൂബാ ഡൈവർ പോൾ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകത്തിൻറെ ഉടമസ്ഥരായ സ്റ്റോക് ടൺ റഷ് എന്നീ യാത്രക്കാരാണ് പേടകം പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്.