
തൊപ്പി ഒരു പാഠം: തെറ്റുന്ന വഴികളെല്ലാം ചെന്നെത്തുന്നത് സോഷ്യല്‍ മീഡിയകളില്‍
എ.എസ്. അജയ്‌ദേവ്
യുവത്വങ്ങളെ ആനന്ദത്തിലാറാടിക്കാന്‍ എന്തൊക്കെ ചേരുവകള്‍ ഉപയോഗിക്കണമെന്ന് ഇന്ന് സോഷ്യല്‍ മീഡിയകള്‍ കൃത്യവും വ്യക്തവുമായി പറഞ്ഞു കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിവര വിജ്ഞാനങ്ങള്‍ക്കു വേണ്ടിയല്ല, മറിച്ച് മോശമാകാനും മോശമാക്കാനും വേണ്ടിയുള്ള കാര്യങ്ങളാണ് ഇന്റര്‍നെറ്റിലൂടെ കൂടുതല്‍ അന്വേഷിക്കുന്നത്. നമ്മുടെ കൗമാര പ്രായക്കാരുടെ സ്ഥിര ബുദ്ധിക്കു തന്നെ കോട്ടം സംഭവിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. സോഷ്യല്‍ മീഡിയകളിലെ ഇടപെടലുകള്‍ ശരിയായ രീതിയില്‍ അല്ലെങ്കില്‍, നാളത്തെ സമൂഹം സ്ഥരിബുദ്ധി ഇല്ലാത്തവരുടേതായി മാറും. ലോകത്താകമാനം നടക്കുന്ന ക്രൈമുകളില്‍ തൊണ്ണൂറു ശതമാനവും നടക്കുന്നത് ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന വഴിവിട്ട അറിവുകളില്‍ നിന്നുമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിലും ഇന്റര്‍നെറ്റിന്റെ ഇടപെടലില്‍ നിരവധി ക്രിമിനലുകളെ വാര്‍ത്തെടുത്തിട്ടുണ്ട്.

പാമ്പിനെ കൊണ്ട് കൊത്തിച്ച് ഭാര്യയെ കൊല്ലുക. മന്ത്രവാദം നടത്താന്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും കുരുതി കൊടുക്കുക, എന്നിട്ട് ആത്മാവ് മുകളിലേക്ക് പോകുന്നുണ്ടോയെന്ന് നോക്കിയിരിക്കുക തുടങ്ങിയ കൊലപാതക പരമ്പരകളെല്ലാം ഇന്റര്‍നെറ്റ് പഠനത്തിന്റെ ബാക്കി പത്രമാണ്. ഒരു തുള്ളി രക്തം പോലും പൊടിയാതെ മനുഷ്യ ശറീരത്തെ കഷ്ണങ്ങളാക്കാനുള്ള ക്രിമിനലുകളുടെ പഠനവും ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇങ്ങനെ കൊലപാതകത്തിന് നൂതനാശയങ്ങളും തെളിവുകള്‍ പരമാവധി ഇല്ലാതെ കൊല നടത്തുന്നതിനും സോഷ്യല്‍ മീഡിയകള്‍ സഹായിക്കുന്നുണ്ട്. ഇതിന്റെ മറ്റൊരു മുഖമാണ് തൊപ്പിയും, കുപ്പിയും, പോലുള്ള യൂ ട്യൂബര്‍മാര്‍. എന്തു ചെയ്താലും കാണാന്‍ ആളുണ്ടെന്ന് മനസ്സിലാക്കിയാല്‍ പിന്നെ എന്തും ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് വീണു പോകുന്നവരാണ് ഇത്തരക്കാര്‍.

നോക്കൂ, തൊപ്പി എന്നൊരു യൂ ട്യൂബറെ പോലീസ് പിടിക്കാനുണ്ടായ സാഹചര്യം എന്താണ്. അയാള്‍ക്ക് സത്യത്തില്‍ എന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് അയാള്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത്. ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അയാളുടെ മാനസിക നില ഇപ്പോഴും തെറ്റിപ്പോയിട്ടില്ല. എന്നാല്‍, മനോരോഗത്തിനും മനുഷ്യനുമിടയിലൂടെയുള്ള അപകടം പിടിച്ച വഴിയിലൂടെയാണ് അയാള്‍ നടക്കുന്നതെന്ന് വ്യക്തം. പുളിച്ച തെറികളും…അള്ളാണെ…മുത്തേ…ലൊട്ടേ…ഇതൊക്കെയാണ് ഹൈലൈറ്റ്. ഫാന്‍സിന് തൊപ്പി എന്നും പൊളിയാണ്. പവറാണ്, പവര്‍ പായ്ക്കാണ്. ആരാണീ തൊപ്പി?. ചെറുപ്പം മുതലേ ഹൈപ്പര്‍ ആക്ടിവിസവും റിബല്‍ സ്വഭാവവും പ്രകടിപ്പിക്കുന്ന പയ്യന്‍.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗെയിം കളിക്കാന്‍ പണം ചോദിച്ചിട്ട് ഉപ്പ കൊടുത്തില്ല. നാട്ടിലെ കടയില്‍ കയറി പണം വാരി ഓടി. കുട്ടിയെ നാട്ടുകാര്‍ പിടിച്ചുകെട്ടി റോഡിലൂടെ നടത്തി. ഇതുകണ്ട് ഉമ്മ ബോധം കെട്ട് വീണു. പിന്നെ ഉപ്പ അവനോട് മിണ്ടിയില്ല. ഉപ്പ പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് അവനെ പുറത്താക്കി. ഉമ്മ അവനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. അവിടെ കൂട്ടുകാരും അധ്യാപകരും കളിയാക്കി. ഒറ്റപ്പെടുത്തി. പിന്നെ പഠിത്തം നിര്‍ത്തി.

ആരോടും കൂട്ടുകൂടാതെ മുറിയില്‍ അടച്ചിരുന്നു. ആകെയുണ്ടായിരുന്ന കൂട്ടുകാരനും ആത്മഹത്യ ചെയ്തതോടെ ഒറ്റപ്പെടലിന്റെ ഭീകരത വേട്ടയാടി. ഡിപ്രഷന്‍ മറികടക്കാന്‍ ഗെയിം കളിച്ചുതുടങ്ങി. അതുപിന്നെ ലഹരിയായി. ലൈവ് സ്ട്രീം ഗെയിമുകളില്‍ അവന്‍ രാജാവായി. അതുവഴി പണവും ആരാധകരെയും സ്വന്തമാക്കി. യഥാര്‍ത്ഥ ലോകത്ത് കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും മാത്രം അനുഭവിച്ച അവന് വെര്‍ച്വല്‍ ലോകത്തെ ആരാധകരായിരുന്നു എല്ലാം. അതായിരുന്നു അവന്റെ യഥാര്‍ത്ഥ ലോകം. അവര്‍ പറയുന്നതെല്ലാം അവന്‍ ലൈവില്‍ ചെയ്തു കാണിച്ചു. സമൂഹത്തോടുള്ള വെറുപ്പ് കാരണം കുറേ കാലം പള്ളിക്കാട്ടില്‍ കിളച്ചുവെച്ച ഖബറുകളില്‍ കിടന്ന് ആളുകളെ പേടിപ്പിച്ചു.

വ്ളോഗര്‍മാര്‍ വലിയ കാര്യമായി കരുതുന്ന യൂട്യൂബിന്റെ പ്ലേ ബട്ടണ്‍ വരെ അവന്‍ അടിച്ച് പൊട്ടിച്ചു. തോന്നുന്നതെല്ലാം ചെയ്ത് സമൂഹത്തോട് കൊഞ്ഞനം കുത്തി. ജീവിതം പൂത്തിരി പോലെ കത്തിക്കേണ്ട ഒന്നാണെന്ന് കരുതുന്നവരും സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അത്യാവശ്യം അടക്കവും ഒതുക്കവുമൊക്കെ വേണമെന്ന് കരുതുന്നവരും തമ്മിലുള്ള സ്ട്രഗിളാണ് നടന്നുകൊണ്ടിരിക്കുന്നത്.

വീട്ടുകാരെയും നാട്ടുകാരെയും പേടിച്ച് ഒതുങ്ങിയും അടങ്ങിയും കഴിയുന്നവര്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക് തൊപ്പി ഒരു സൂപ്പര്‍മാനാണ്. അവര്‍ക്ക് ചെയ്യാന്‍ കഴിയാത്തതാണല്ലോ അവന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഹീറോ ഉണ്ടാകുന്നത് പലതരത്തിലാണ്. ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് വരെ ഫാന്‍സുള്ള കാലത്ത് തൊപ്പിയൊന്നും ഒരു സംഭവമേ അല്ല. കുട്ടികള്‍ ഏതോ പാരലല്‍ ലോകത്താണെന്ന് കരുതി സമാധാനിക്കുന്നവരാണ് പലരും. സത്യത്തില്‍ അവര്‍ വിചാരിക്കുന്നത് നമ്മുടേതാണ് പാരലല്‍ ലോകമെന്നാണ്. അവരുടെ മുന്നിലുള്ള അതിവിശാലമായ ലോകമുണ്ടല്ലോ. അതാണ് ഇന്നത്തെ യഥാര്‍ത്ഥ ലോകം. ആ ലോകത്തേക്കൊന്ന് എത്തിനോക്കാന്‍ പോലും പറ്റാത്ത അന്യഗ്രഹ ജീവികളാണ് നമ്മള്‍. തോറ്റ് തൊപ്പിയിടുന്നതിന് മുമ്പ് കണ്ണുതുറന്ന് ചുറ്റുമൊന്ന് നോക്കുന്നത് നല്ലതാണ്. അവരെ ട്രീറ്റ് ചെയ്യാനുള്ള നമ്മുടെ കൈയിലെ പഴഞ്ചന്‍ പണിയായുധങ്ങളൊക്കെ മാറ്റിപ്പിടിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
