
തെലങ്കാന സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ സര്‍ക്കാര്‍ ഏറ്റെടുത്തു, KSRTCയെ ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ മന്ത്രീ
- കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെപ്പോലെയാണ് കേരളത്തിലെ അവസ്ഥ
സ്വന്തം ലേഖകന്‍
മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറും കണ്ടു പഠിക്കണം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെയും ഗതാഗതമന്ത്രി പി. അജയ് കുമാറിനെയും പൂവിട്ട് പൂജിക്കണം. നട്ടെല്ലുള്ള സര്‍ക്കാര്‍ ഇങ്ങനെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കിക്കൊടുത്തിരിക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുസര്‍ക്കാര്‍, തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ ലയിപ്പിച്ചു നിയമം പാസാക്കിയിരിക്കുകയാണ്. ഈ തീരുമാനം മൂലം തെലങ്കാന സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 3000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.

എന്നിട്ടും, പൊതുഗതാഗതത്തെയും, ജീവനക്കാരെയും സംരക്ഷിക്കാനെടുത്ത ധീരമായ തീരുമാനമാണ് അഭിനന്ദനമര്‍ഹിക്കുന്നത്. സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ലയിപ്പിക്കല്‍) ബില്‍ 2023 പൈലറ്റ് ചെയ്തത് തെലങ്കാന ഗതാഗത മന്ത്രിയാണ്. ടി.എസ്.ആര്‍.ടി.സിയെ സര്‍ക്കാരില്‍ ലയിപ്പിക്കാന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഗതാഗത മന്ത്രി പി. അജയ് കുമാര്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവന്നത്. ഡീസല്‍ വിലയിലും മറ്റ് ചിലവുകളിലും അസാധാരണമായ വര്‍ധനവ് മൂലം ആര്‍.ടി.സിക്ക് കനത്തനഷ്ടം നേരിടുകയാണ്. എല്ലാ ദിവസവും യാത്രയ്ക്കായി നിരവധി ആളുകള്‍ ആശ്രയിക്കുന്നതിനാല്‍ താങ്ങാനാവുന്ന പൊതുഗതാഗതം ലഭ്യമാക്കാന്‍ സര്‍ക്കാരിന് ജനങ്ങളോട് സാമൂഹിക ബാധ്യതയുണ്ട്.

അതിനാല്‍, ജീവനക്കാരെ സര്‍ക്കാരിലേക്ക് ലയിപ്പിക്കാനും കോര്‍പ്പറേഷനെ ലയിപ്പിച്ച് അതിനെ കൂടുതല്‍ ശക്തിപ്പെടുത്തും. അതിന് മതിയായ ബജറ്റ് വിഹിതം നല്‍കാനും ഞങ്ങള്‍ തീരുമാനിച്ചുവെന്നാണ് നിയമം പാസാക്കിയതിനു ശേഷം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞത്. ആര്‍.ടി.സി ജീവനക്കാരുടെ ക്ഷേമത്തെക്കുറിച്ചും ആര്‍.ടി.സി ആസ്തികളുടെ സുരക്ഷയെക്കുറിച്ചുമുള്ള ഭയം അകറ്റിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം ഭരണ-പ്രതിപക്ഷ മെമ്പര്‍മാരുടെ കൈയ്യടിക്കു വഴിമാറുകയായിരുന്നു. ആര്‍.ടി.സിയെ സംസ്ഥാന സര്‍ക്കാരില്‍ ലയിപ്പിക്കുന്നതിന് ബി.ആര്‍.എസ് സര്‍ക്കാര്‍ നേരത്തെ അനുകൂലമായിരുന്നില്ല എങ്കിലും കോര്‍പ്പറേഷന് വര്‍ധിച്ചുവരുന്ന നഷ്ടം മൂലമാണ് തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായതെന്ന് അദ്ദേഹം വിശദീകരിച്ചു. അന്തിമതീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മന്ത്രിസഭ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ടി.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 1500 കോടി രൂപ അനുവദിക്കുന്നുണ്ട്. ഗവര്‍ണര്‍ ഇത്രയധികം വ്യക്തതകള്‍ തേടുകയും അറിഞ്ഞോ അറിയാതെയോ ഇത്രയും ലളിതമായ ഒരു പ്രക്രിയ വൈകിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ടി.സിയുടെ ആസ്തികള്‍ വില്‍ക്കുകയോ ലേലം ചെയ്യുകയോ ചെയ്യുമെന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. സര്‍ക്കാരിന് അത്തരം പദ്ധതികളൊന്നുമില്ലെന്ന് ഉറപ്പുനല്‍കി. വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും തലവനായി ഗതാഗത, റോഡ്, കെട്ടിട വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ കോര്‍പ്പറേഷന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഗതാഗത മന്ത്രി പി. അജയ് കുമാര്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന നിലയില്‍ ജീവനക്കാര്‍ പൊതു സേവനങ്ങളിലേക്ക് ലയിക്കും.

പുതിയ നിയമങ്ങള്‍ രൂപീകരിക്കുന്നത് വരെ ടി.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള സേവന നിയമങ്ങള്‍ പ്രാബല്യത്തില്‍ തുടരും. ഈ തീരുമാനം മൂലം സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 3000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെങ്കിലും ജീവനക്കാരുടെ സുരക്ഷയും ജനങ്ങളുടെ സഞ്ചാരവുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കരാര്‍, ഔട്ട്സോഴ്സിംഗ് തൊഴിലാളികള്‍ നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി അവരുടെ സേവനം തുടര്‍ന്നും നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മുടിഞ്ഞ് കുത്തുപാളയെടുത്തപ്പോള്‍ തെലങ്കാന ഭരണാധികാരികള്‍ നോക്കു കുത്തിയായി നിന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണിത്.

സ്വന്തമായി നിലനില്‍പ്പില്ലാത്ത പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനാണെന്ന് തിരിച്ചറിഞ്ഞുള്ള ഇടപെടല്‍ മാതൃകാപരമാണെന്ന് പറയാതെവയ്യ. ഇവിടെ, കേരളത്തിലും നിയമസഭാ സമ്മളനം നടക്കുന്നുണ്ട്. നിയമസഭയിലും സഭയ്ക്ക് പുറത്തും വായെടുത്താല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കള്ളന്‍മാരെന്നു പറയാനല്ലാതെ മറ്റെന്താണ് മന്ത്രി ആന്റണി രാജു ചെയ്യുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെപ്പോലെയാണ് കേരളത്തിലെ അവസ്ഥ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എല്‍.ഡി.എഫിന്റെ പ്രകടന പത്രികയിലും രണ്ടം പിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രകടന പത്രികയിലും കെ.എസ്.ആര്‍.ടി.സിയെ നവീകരിക്കലും, കടമില്ലാത്ത കെ.എസ്.ആര്‍.ടി.സിയെയും അവതരിപ്പിച്ചിരുന്നു. ധമന്ത്രി തോമസ് ഐസക്കിന്റെ കണക്കിലെ കളികളും താത്വികമായ അവലോകനങ്ങളും പരിഷ്‌ക്കരണ റിപ്പോര്‍ട്ടുകളുമെല്ലാം വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയതു മാത്രം മിച്ചം.

കേരളത്തിലെ ആനവണ്ടികള്‍ കിതച്ചോടാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും ഒന്നും നേരേചൊവ്വേ കൊടുക്കാറില്ല. കോടതിയുടെ കണ്ണില്‍ പൊടിയിട്ടും ജീവനക്കാരെ പറ്റിച്ചും ഗതാഗതവകുപ്പിന്റെയും സര്‍ക്കാരിന്റെയും മുന്നോട്ടു പോക്ക് കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യ തൊഴുത്തില്‍ കെട്ടാന്‍ വേണ്ടിയാണ്. കേരളത്തിലെ സര്‍ക്കാരിന്റെ തലയില്‍ ഇടിത്തീ വീണതു പോലെയാണ് തെലങ്കാന നിയമസഭ ടി.ആര്‍.ടി.സിയെ ഏറ്റെടുത്ത നിയമം പാസാക്കിയിരിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍, ഭരണകര്‍ത്താക്കള്‍ ധീരരാണെങ്കില്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ചോരച്ചാലുകള്‍ നീന്തിക്കയറിയവരാണെന്ന് ആത്മ ബോധമുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും കോര്‍പ്പറേഷനെയും സര്‍ക്കാര്‍ ഏറ്റെടുക്കണം. പൊതു ഗതാഗതത്തെയും-ജീവനക്കാരെയും യാത്രക്കാരെയും ഒരുപോലെ സംരക്ഷിക്കണം. കഴിയുമോ സര്‍ക്കാരേ തെലങ്കാന സര്‍ക്കാര്‍ പാസാക്കിയ നിയമം പോലൊന്ന് കേരള നിയമസഭിലും അവതരിപ്പിച്ച് പാസാക്കാന്‍.