
വാടകക്കൊലയാളികളെ ഉപയോഗിച്ച് കാമുകനെ വെട്ടിക്കൊന്നു; കാമുകിയും പിതാവും അടക്കം എട്ടുപേർ അറസ്റ്റിൽ
മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ അച്ഛനും മകനും മകളും ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയ്യാസാമിപ്പട്ടി സ്വദേശി ബാലഗുരു, മകൾ ദേവിക, മകൻ ദുരൈമുരുകൻ എന്നിവരെയും 5 വാടക കൊലയാളികളെയുമാണ് അറസ്റ്റ് ചെയ്തത്.ശക്തിവേലും ദേവികയും തമ്മിൽ പ്രണയത്തിലായിരുന്നു. രണ്ടുപേരും ഒരേ സമുദായക്കാരാണെങ്കിലും ദേവികയുടെ പിതാവായ ബാലഗുരു, പ്രണയത്തെ എതിർക്കുകയും ശക്തിവേലിനെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്തു. സുഹൃത്തായ സത്യയുടെ സഹായത്തോടെ മധുരയിൽ നിന്നുള്ള വാടക കൊലയാളികളെ ഇതിനായി ഏർപ്പാടാക്കി.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന വ്യാജേന ശക്തിവേലിനെ കൃഷിയിടത്തിലേക്കു വിളിച്ചുവരുത്തിയ ബാലഗുരു വാടക കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തി. ശക്തിവേലിന്റെ മൃതദേഹവും ഇയാൾ വന്ന വാഹനവും ഇവർ അടുത്തുള്ള കനാലിൽ തള്ളി. മകൾ ദേവികയും, മകൻ ദുരൈമുരുകനും ഇതിനു കൂട്ടുനിന്നിരുന്നു.കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബാലഗുരുവും മക്കളും അറസ്റ്റിലായത്. ഇയാളിൽ നിന്ന് പണം വാങ്ങാനെത്തിയപ്പോഴാണ് വാടകക്കൊലയാളികൾ പൊലീസിന്റെ പിടിയിലായത്.