
സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾ വേണ്ട; നിരോധനം ഏർപ്പെടുത്തി താലിബാൻ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ ബ്യൂട്ടിപാർലറുകൾ നടത്തുന്നത് നിരോധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ബ്യൂട്ടിപാർലർ നടത്താനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജർ അറിയിച്ചു. നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. താലിബാന്റെ ഈ നിലപാടിനെതിരെ സ്ത്രീകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ‘പുരുഷന്മാർക്ക് ജോലിയില്ല. അന്നന്നത്തെ അന്നത്തിനുവേണ്ടിയാണ് പല സ്ത്രീകളും പാർലറുകളിൽ പണിയെടുക്കാൻ നിർബന്ധിതരാകുന്നത്’ മേക്കപ്പ് ആർട്ടിസ്റ്റായ റെയ്ഹാൻ മുബാരിസ് പറഞ്ഞു.
അധികാരത്തിലെത്തിയശേഷം സ്കൂൾ, സർവകലാശാലാ വിദ്യാഭ്യാസനിഷേധമുൾപ്പെടെ കടുത്ത മനുഷ്യാവകാശലംഘനമാണ് സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ താലിബാൻ നടത്തുന്നത്. സന്നദ്ധ സംഘടനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതും സിനിമ തിയേറ്റർ, പാർക്ക്, മറ്റ് പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ പോകുന്നതും താലിബാൻ നേരത്തെ വിലക്കിയിരുന്നു.