technical-university-digital-university-kerala

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയ്ക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്

ഇൻഡോറിൽ നടക്കുന്ന 26-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിൽ വച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഗവേഷകരും, ജിഎസ്ടി വകുപ്പ് പ്രതിനിധികളും ചേര്‍ന്ന് ഇന്ന് അവാർഡ് ഏറ്റുവാങ്ങി.

സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നികുതി പാലിക്കൽ ഉറപ്പാക്കുന്ന കേരള ജിഎസ്ടി വകുപ്പിനായി വികസിപ്പിച്ച എ.ഐ അടിസ്ഥാനമാക്കിയുള്ള ലക്കി ബിൽ ആപ്പിന് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയ്ക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ആപ്പ് വികസിപ്പിച്ച ഗവേഷക സംഘവും ഇൻഡോറിൽ നടക്കുന്ന 26-ാമത് ഇ-ഗവേണൻസ് ദേശീയ സമ്മേളനത്തിൽ വച്ച് വെള്ളിയാഴ്ച അവാർഡ് ഏറ്റുവാങ്ങി. “അക്കാദമിക്/ ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണം” എന്ന വിഭാഗത്തിലാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി സിൽവർ അവാർഡ് കരസ്ഥമാക്കിയത്.

“ജിഎസ്ടി പ്രക്രിയയിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ സംഘം വികസിപ്പിച്ച എ.ഐ അധിഷ്ഠിത സൊല്യൂഷൻ ലക്കി ബിൽ ആപ്പിന് ഇന്ന് ദേശീയ ഇ-ഗവേണൻസ് അവാർഡ് ലഭിക്കുന്നതിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റിയ്ക്ക് ഏറെ അഭിമാനമുണ്ട്. ലക്കി ബില്ലിന്റെ ഈ പുത്തന്‍ ആശയം ഇപ്പോൾ രാജ്യത്തുടനീളം സ്വീകരിക്കപ്പെടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്” ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

അക്കാദമിക്/ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണം” എന്ന വിഭാഗത്തിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന സർവ്വകലാശാലയ്ക്ക് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ ആകുന്നത്. “ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിതമായി രണ്ട് വർഷത്തിനുള്ളിൽ ഈ അവാർഡ് ലഭിച്ചു എന്ന വസ്തുത പ്രായോഗിക ഗവേഷണത്തിലൂടെയും സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിലൂടെയും സംസ്ഥാനത്തെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകാനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഇ-ഗവേണൻസ് സംരംഭങ്ങൾ നടപ്പിലാക്കുന്നതിലെ മികവ് അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇ-ഗവേണൻസ് അവാർഡ് നൽകുന്നത്. ഉപഭോക്താക്കള്‍ ബില്ലുകൾ ചോദിച്ചു വാങ്ങുക എന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ഒരു സംരംഭമാണ് ലക്കിബിൽ ആപ്പ്. കേരളത്തിലെ വ്യക്തികൾക്ക് അവരുടെ ജിഎസ്ടി ബില്ലുകൾ സൗകര്യപ്രദമായി അപ്‌ലോഡ് ചെയ്യുന്നതിനും നികുതി പാലിക്കൽ ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ശ്രമങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനുമുള്ള ഒരു ഔദ്യോഗിക പ്ലാറ്റ്‌ഫോമായി ഇത് പ്രവർത്തിക്കുന്നു.

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഡോ. മനോജ് കുമാർ ടി.കെ ആണ് പ്രോജക്ട് കോർഡിനേറ്റർ. ശ്രീജിത്ത് ജി, അമൽ കെ ജെ എന്നിവർ നേതൃത്വം നൽകുന്ന പദ്ധതിയുടെ പ്രിൻസിപ്പൽ കോർഡിനേറ്റർ പ്രൊഫ. സനിൽ പി നായർ ആണ്. സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഷാഹുൽ ഹമ്മദ്, മൻസൂർ എന്നിവരാണ് ആപ്പ് ഡെവലപ്മെന്റ് ടീമിന്റെ ഡൊമെയ്ൻ വിദഗ്ധർ.

“ഇന്ന് വരെ 125000-ല്‍ അധികം ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ള സിസ്റ്റത്തിലേക്ക് 1700000-ത്തിന് മുകളിൽ ബില്ലുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, കൂടാതെ ലക്കി ബിൽ ഡ്രോ വിജയികൾക്ക് 11000-ല്‍ ഏറെ സമ്മാനങ്ങൾ വിതരണം ചെയ്തു. ലക്കി ബിൽ സംവിധാനത്തിന്റെ സഹായത്തോടെ നിരവധി ലംഘനങ്ങൾ കണ്ടെത്തി. ലക്കിബിൽ അവതരിപ്പിച്ചതിന് ശേഷം 2022 ജൂണിലെ വരുമാനത്തേക്കാൾ 2023 ജൂണിൽ കേരളം 26% വർധന രേഖപ്പെടുത്തി. കേന്ദ്ര ജിഎസ്ടി വകുപ്പ്, ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിനായി ലക്കി ബിൽ മോഡൽ – “മേരാ ബിൽ-മേരാ അധികാര് യോജന” – സ്വീകരിച്ചു. ഹരിയാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ആസാം, പുതുച്ചേരി, ദാദ്ര നഗർ ഹവേലി & ദാമൻ & ദിയു എന്നീ സംസ്ഥാനങ്ങളിൽ പ്രാരംഭ ഘട്ടത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നു എന്ന് പ്രൊഫ. സനിൽ പി നായർ പറഞ്ഞു.

Leave a Reply

Your email address will not be published.

ksrtc-antony-raju-transport-minister Previous post കെഎസ്ആർടിസി ജീവനക്കാർക്ക് 20,000 രൂപ അഡ്വാൻസ് നൽകാനാകുമെന്ന് പ്രതീക്ഷ: മന്ത്രി ആൻ്റണി രാജു
rahul-gandhi-bharath-jodo-yathra Next post ബിജെപിയും ആർഎസ്എസും പരത്തുന്ന വിദ്വേഷത്തിനെതിരായ പോരാട്ടമായിരുന്നു ഭാരത് ജോഡോ യാത്ര: രാഹുൽ ഗാന്ധി