
പദ്ധതി ആലോചിക്കുമ്പോൾ തന്നെ വൻ മത്സ്യത്തെ കണ്ടെത്തും; പിണറായിക്ക് ഗൾഫിൽ ബെനാമി ബിസിനസുണ്ടെന്ന് സ്വപ്ന സുരേഷ്
മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. അതിന്റെ ആവശ്യത്തിനായാണ് ഇടയ്ക്കിടെ ഗൾഫിൽ പോകുന്നതെന്നും, കേരളത്തിൽ തുടങ്ങിയ എല്ലാ ‘കെ’പദ്ധതികളും ‘വി’ പദ്ധതികളാണെന്നും ഒരു ചാനൽ അഭിമുഖത്തിൽ സ്വപ്ന ആരോപിച്ചു.”പദ്ധതി ആലോചിക്കുമ്പോൾ തന്നെ അതിൽ താൽപര്യമുള്ള വൻ മത്സ്യത്തെ കണ്ടെത്തി അവരിൽനിന്നു മുൻകൂറായി പണം കൈപ്പറ്റും. കടലാസു പദ്ധതിയാണെന്ന് തിരിച്ചറിയുമ്പോൾ, അവർക്ക് എതിർക്കാൻ ധൈര്യമുണ്ടാകില്ല. ശിവശങ്കറിന്റെ നേതൃത്വത്തിൽ ഐടി വകുപ്പിലാണ് ഇത്തരത്തിലുള്ള കൂടുതൽ പദ്ധതികളുണ്ടായത്. ക്ലിഫ് ഹൗസിലെ വട്ടമേശചർച്ചയിൽ താനും പങ്കാളിയായിട്ടുണ്ട്. ദുബായിലും ചർച്ച നടന്നിട്ടുണ്ട്. താൻ ഉണ്ടായിരുന്ന ഒരു ചർച്ചയിലും വീണ പങ്കെടുത്തിട്ടില്ല.”സ്വപ്ന സുരേഷ് പറഞ്ഞു.”വീണയുടെ എക്സാലോജിക് സൊലൂഷൻസ് കമ്പനിയെ സഹായിക്കാനായി തന്നെ ബംഗളൂരുവിൽ നിയമിക്കാൻ ശിവശങ്കർ ആലോചിച്ചിരുന്നു. എന്നാൽ കുട്ടികൾ തിരുവനന്തപുരത്തു പഠിക്കുന്നതിനാൽ താൻ അതിന് തയ്യാറായില്ല. തന്നെയും കെ ഫോണിനു വേണ്ടി ഒരാളെയും നേരിട്ടെടുക്കാൻ പ്രൈസ് വാട്ടർകൂപ്പേഴ്സ് സമ്മതിക്കാതിരുന്നതോടെ ഔറംഗാബാദ് കേന്ദ്രീകരിച്ച് വിഷൻ ടെക്നോളജീസ് എന്ന പേരിൽ ഒരു കടലാസു കമ്പനി റജിസ്റ്റർ ചെയ്താണ് ജോലിക്കെടുത്തത്. ഇപ്പോൾ അങ്ങനെയൊരു കമ്പനിയില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വൈകാതെ വെളിപ്പെടുത്തും”- സ്വപ്ന അറിയിച്ചു.