Suresh-gopi-malayalam-cinema-stardum

ഫ പുല്ലേ, ഭയമാണോടാ, എന്ന് സുരേഷ്‌ഗോപി

എ.എസ്.അജയ്‌ദേവ്‌

സുരേഷ്‌ഗോപിയെ ഭയക്കുന്നതാരാണ്. എന്തിനാണ് അദ്ദേഹത്തെ ഇങ്ങനെ ഭയന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. രാഷ്ട്രീയം നിത്യവൃത്തിക്കുവേണ്ടി കൊണ്ടുനടക്കുന്നവരെപ്പോലെ സുരേഷ്‌ഗോപിയെ കണ്ടവര്‍ക്ക് തെറ്റി. അദ്ദേഹത്തിന്റെ വരുമാന സ്രോതസ്സ് അഭിനയമാണ്. രാഷ്ട്രീയത്തില്‍ അദ്ദേഹം അഭിനയിക്കുന്നില്ല. ജീവിക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ടവരെയും, അശരണരെയും അയാള്‍ ചേര്‍ത്തു പിടിക്കുന്നുണ്ട്. കഴിയുന്ന ദൂരത്തോളം അദ്ദേഹത്തിന്റെ സഹായ ഹസ്തങ്ങള്‍ നീളുന്നുണ്ട്. ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെ ആയിരിക്കണമെന്ന് കൃത്യവും വ്യക്തവും ശക്തവുമായി അദ്ദേഹം മലയാളികള്‍ക്ക് കാട്ടിത്തരുന്നുണ്ട്. കേന്ദ്രസഹമന്ത്രിയെന്ന സ്ഥാനം ഉപയോഗിച്ച് അഹങ്കരിക്കാനോ, ആട്ടിപ്പായിക്കാനോ, കുതിര കയറാനോ അദ്ദേഹം തയ്യാറായിട്ടില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. അങ്ങനെ സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സുരേഷ് ഗോപിയെ ഭയക്കുന്നതെന്തിനാണ്.

കേന്ദ്ര രാഷ്ട്രീയം വിട്ട് സുരേഷ്‌ഗോപി കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കണമെന്നാണ് ഭൂരിപക്ഷം മലയാളികളും മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്. വേദനിക്കുന്നവരെ കണ്ടറിഞ്ഞ് സഹായം എത്തിക്കുന്ന ഒരാളെങ്കിലും കേരളത്തിലുണ്ടാകണം. അല്ലാതെ രാഷ്ട്രീയം കളിച്ച് വെളുക്കെ ചിരിക്കുന്ന നിരവധി പേരുണ്ട്. അതിലൊരു വ്യത്യസ്തത ഉണ്ടാകണമെങ്കില്‍ സുരേഷ് ഗോപി തന്നെ വരണം. സംസ്ഥാന ബി.ജെ.പിക്കും ഇത് കൂടുതല്‍ ഗുണം ചെയ്യും. സംസ്ഥാന രാഷ്ട്രീയത്തില്‍ കാണിക്കാന്‍ കൊള്ളാവുന്ന ഒരു രാഷ്ട്രീയ നേതാവു പോലും ഇല്ലാത്ത അവസ്ഥയിലാണ് ബി.ജെ.പി ഇപ്പോള്‍. ഇതിനൊരു മാറ്റം വരണമെങ്കില്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിച്ച് സുരേഷ് ഗോപി ഉണ്ടാകണം. ബി.ജെ.പി രാഷ്ട്രീയം സിനിമകളെപ്പോലും പ്രതികൂലമായി ബാധിച്ചൊരു കാലം സുരേഷ്‌ഗോപിക്ക് ഉണ്ടായിരുന്നു. ഒരാളുപോലും സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കാറില്ല. ആരോടും പരാതി പറയാനില്ലാത്ത അവസ്ഥ. അമ്മയില്‍ അംഗത്വമുണ്ടായിട്ടു പോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതി. ഇതെല്ലാം തരണം ചെയ്താണ് തൃശ്ശൂരില്‍ മത്സരിച്ച് തോറ്റതും.

തെരഞ്ഞെടുപ്പില്‍ തോറ്റുപോയ സിനിമാനടന്‍മാര്‍ ആരും പിന്നീട് ജനങ്ങളിലേക്കിറങ്ങി സധൈര്യം തന്റെ രാഷ്ട്രീയം പറയുകയോ, സാമൂഹിക പ്രവര്‍ത്തനം നടത്തുകയോ ചെയ്ത ചിരിത്രം കേരളത്തിലില്ല. എന്നാല്‍, അതിനെല്ലാം മറുപടിയെന്നോണം സുരേഷ്‌ഗോപി തോറ്റിട്ടും വിജയിച്ചവനെപ്പോലെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി. സഹായിച്ചു. ടിവി ഷോകള്‍ നടത്തി. അതില്‍ വന്ന പാവപ്പട്ടവരെ ചേര്‍ത്തു പിടിച്ചു. കാശിന് കാശായിട്ടും, ആളിന് ആളായിട്ടും, ധൈര്യത്തിന് ധൈര്യമായുമൊക്കെ ആ ആറടിപൊക്കക്കാരന്‍ ഉയര്‍ന്നു നിന്നു. മറ്റൊരു നടനും അവകാശപ്പെടാന്‍ ഇല്ലാത്തതരം സ്‌നേഹം കേരളത്തിന്റെ മണ്ണില്‍ അയാളൊഴുക്കി. തൃശ്ശൂരിനെ എടുക്കാന്‍ പോയപ്പോള്‍, തരില്ലെന്നു പറഞ്ഞ ജനത്തെ ഒരു വാക്കു കൊണ്ടുപോലും പുലഭ്യം പറയാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍, രാഷ്ട്രീയ ഭേദമന്വേ സുരേഷ്‌ഗോപിക്ക് വോട്ടു ചെയ്തവര്‍ നിരവധിയുണ്ട്. സന്‍മനസ്സുള്ള സുരേഷ് ജയിച്ചു വരണമെന്ന് ആഗ്രഹിച്ച കമ്യൂണിസ്റ്റുകാരും, കോണ്‍ഗ്രസ്സുകാരുമുണ്ട്. അത്, അയാളുടെ രാഷ്ട്രീയ വിജയമായല്ല, നല്ല മനുഷ്യന്റെ തോല്‍വി ആഗ്രഹിക്കാത്തതു കൊണ്ടാണ്. ഇനിയും കേരളത്തിന് സുരേഷ് ഗോപിയെന്ന സന്‍മസ്സുകാരന്റെ സഹായം ആവശ്യമാണ്.


നിങ്ങളെന്ന നന്‍മ മരം കേരളത്തില്‍ ശിഖരങ്ങള്‍ വിരിച്ച് തണല്‍ നല്‍കുന്നുണ്ടെന്ന് പറയാന്‍ തന്നെ മലയാളിക്ക് അഭിമാനമാണ്. കമ്മിഷണര്‍ സിനിമയിലെ ചൂടന്‍ ഭരത് ചന്ദ്രനെപ്പോലെയും സമ്മര്‍ ഇന്‍ ബദ്‌ലഹേമിലെ തണുപ്പന്‍ ഡെന്നിസിനെപ്പോലെയും സുരേഷ് ഗോപി ഇവിടെ ഉണ്ടാകണം. തൃശ്ശൂരിനെ എടുക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി തന്നെയാണ് താങ്കളെന്ന് തെളിയിക്കണം. ബി.ജെ.പി രാഷ്ട്രീയം വിട്ട് എ.കെ.ജി സെന്ററിനു മുമ്പില്‍ ബാലെ നടത്തിയ ഭീമന്‍ രഘുവിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് രാഷ്ട്രീയവും, ഇടതുപക്ഷക്കാരനെന്ന ലേബലില്‍ സിനിമാ അഭിനയവും. കേരളത്തിലെ സിനിമാ മേഖല ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ലഹരിക്കടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതിന് തെളിവാണിത്. കലാമൂല്യമുള്ള സിനിമയോ, കഴിവുള്ള നടീ-നടന്‍മാരോ അല്ല മലയാള സിനിമയ്ക്ക് ഇന്ന് വേണ്ടത്. ഇടതുപക്ഷ യൂണിയന്‍ മെമ്പര്‍ഷിപ്പോ, ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയോ ചെയ്യുന്നവര്‍ക്ക് കൈ നിറയെ അവസരം. അതാണ് സിനിമാ രാഷ്ട്രീയം. സിനിമാ ടൂറിസം എന്ന പുതിയ ആശയം പോലും ടൂറിസംവകുപ്പ് നടപ്പാക്കിക്കഴിഞ്ഞു. അപ്പോള്‍ സിനിമാമേഖലയില്‍ എത്രത്തോളം രാഷ്ട്രീയം കലര്‍ന്നിരിക്കുന്നൂ എന്ന് മനസ്സിലാകും.

സ്വതന്ത്രമായ ആവിഷ്‌ക്കാരത്തിന്റെ മാധ്യം കൂടിയാണ് സിനിമ. അതിനെ മലീമസമാക്കുന്ന തരത്തില്‍ സംഘടനകളുടെ ആധിക്യം പറയാതെ വയ്യ. നടീ-നടന്‍മാരുടെ രാഷ്ട്രീയ ചായ്‌വ് സിനിമയുടെ ഗതി തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. അങ്ങനെയൊരു നിയന്ത്രണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ചലച്രിത്ര പ്രവര്‍ത്തകരും സംഘടനകളും കൂടിയിരുന്ന് വിളിച്ചു പറഞ്ഞാലും സത്യം നിങ്ങളെ നോക്കി പല്ലിളിക്കുന്നുണ്ട്. മീടൂ ആരോപണങ്ങള്‍ വിളിച്ചു പറയുന്നതു പോലും രാഷ്ട്രീയ എതിര്‍പ്പുകളും വരും കാലത്ത് വിളിച്ചു പറഞ്ഞു തുടങ്ങും. ഇതിനെല്ലാം അറുതി വരുത്തണം. രാഷ്ട്രീയാതിപ്രസരത്തെ തടയാന്‍ കഴിവുള്ള ഭരണാധികാരിയുടെ കുറവ് കേരളത്തിലുണ്ട്. അതിന് സുരേഷ്‌ഗോപി തന്നെയാണ് നല്ലത്. എന്നാല്‍, കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്ന കാലം വിദൂരത്തിലാണ്. അതുകൊണ്ട് കേന്ദ്രമന്ത്രിസഭയിലേക്ക് പോയാലും കേരളത്തിന്റെ കാര്യത്തില്‍ സജീവ ഇടപെടല്‍ നടത്തുക തന്നെ വേണം. ഇതിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയത്. പതിവ് നടപടികള്‍ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയത്. പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രെട്ടറിമാരും മാത്രം കോര്‍ കമ്മിറ്റിയില്‍ വരുന്നതായിരുന്ന പാര്‍ട്ടിയിലെ പതിവ് രീതി.

താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര നിര്‍ദേശ പ്രകാരമാണ്. പലപ്പോഴും പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴും തന്റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. താരത്തെ മുന്‍ നിര്‍ത്തി കേരളത്തില്‍ കരുത്ത് കൂട്ടണമെന്നുള്ളത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ്. അതിന് തടസം നിന്നിരുന്നത് ഇത്രയും കാലം അദ്ദേഹം തന്നെയായിരുന്നു. സിനിമയില്‍ തിരക്കാണെന്ന് പറഞ്ഞു കൊണ്ട് സുരേഷ് ഗോപി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, നിര്‍ബന്ധമായും സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്നുള്ള നിര്‍ദേശം കേന്ദ്രം നല്‍കിയതോടെ അദ്ദേഹം വഴങ്ങി. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍കമ്മിറ്റി. അതിലേക്കാണ് യാതൊരു വിധത്തിലുള്ള മറ്റ് പദവികളും ഇല്ലാതെ സുരേഷ് ഗോപി എത്തിയത്. ഇതൊരു തുടക്കം മാത്രമായി കാണാമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന.

അടുത്ത് തന്നെ സുരേഷ് ഗോപിയെ പാര്‍ട്ടിയുടെ മറ്റൊരു സ്ഥാനം കൂടി എത്താനുള്ള സാധ്യതയുണ്ട്. പക്ഷേ, സുരേഷ് ഗോപി എത്രത്തോളം സജീവമായ പാര്‍ട്ടിയുടെ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്നുള്ളതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 2016 മുതല്‍ 2021 വരെ രാജ്യസഭാംഗമായിരുന്ന പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവാണ് സുരേഷ് ഗോപി. 1965ലെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി 1986ല്‍ ഇറങ്ങിയ ടി.പി. ബാലഗോപാലന്‍ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1994-ല്‍ റിലീസായ കമ്മീഷണര്‍ എന്ന സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പര്‍ താര പദവിയിലെത്തി.

Leave a Reply

Your email address will not be published.

kerala-cabinet-ministers-cm-secrateriate Previous post ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 % തുക പിടിക്കും
pannyan-raveendran-cpi-cpm-ldf Next post ഏകീകൃത സിവിൽ കോഡ്: സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ