
കോഴിക്കോട് സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോർഡ് എഴുതിവെച്ച സപ്ലൈകോ മാനേജറെ സസ്‌പെൻഡ് ചെയ്തു
സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡില്‍ എഴുതിവെച്ചതിന് കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ഈ ബോർഡ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് സാധനങ്ങള്‍ ഒഴിച്ച് മറ്റു 9 സബ്‌സിഡി സാധനങ്ങളും ഔട്ട്‌ലെറ്റിൽ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്.വിലവിവരപ്പട്ടികയില്‍ സാധനങ്ങള്‍ക്ക് നേരെ ഇല്ല എന്ന് ചോക്ക് കൊണ്ട് രേഖപ്പെടുത്തുകയായിരുന്നു. വിലക്കയറ്റത്തിനെതിരെ നിയമസഭയില്‍ പിസി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസില്‍ ഈ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലെ സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ലെന്നാണ് പ്രതിപക്ഷം അടക്കം ആരോപിക്കുന്നത്.എന്നാൽ സപ്ലൈകോ ഔട്ട്ലെറ്റിലൂടെ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ 13 സാധനങ്ങള്‍ നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യസാധനങ്ങള്‍ക്ക് എട്ടു വര്‍ഷമായി വിലകൂടിയിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു. എന്നാല്‍ സാധനങ്ങള്‍ ഉണ്ടെങ്കിലല്ലേ വില കൂടുകയുള്ളൂ എന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.