
ഇനി സൂര്യനിലേക്ക്; ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ 1 സെപ്തംബറില്‍ വിക്ഷേപിക്കും
ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന് പിന്നാലെ സൗരദൗത്യത്തിന് തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ.
സെപ്തംബറില്‍ സൂര്യനെ കുറിച്ച് പഠിക്കാനുള്ള ആദിത്യ എല്‍-1 പേടകം അയക്കും. സൂര്യനെക്കുറിച്ചുള്ള പഠനത്തിന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ആദിത്യ എല്‍-1 വിക്ഷേപണത്തിന് സജ്ജമായിക്കഴിഞ്ഞുവെന്ന് ഐ. എസ്.ആര്‍.ഒ എക്സ് പ്ലാറ്റ്‌ഫോം വഴി വ്യക്തമാക്കിയത്.
യു.ആര്‍. റാവു സാറ്റലൈറ്റ് കേന്ദ്രത്തില്‍ നിര്‍മ്മിച്ച ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയിലെ സ്‌പെയ്സ് പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്.
ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള 5 ലാഗ്‌റേഞ്ച് പോയിന്റുകളില്‍ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയില്‍ നിന്ന് ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ്. ഗ്രഹണം അടക്കമുള്ള തടസ്സങ്ങള്‍ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കും.
സൂര്യനെയും ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളുമാണ് പേടകം വഴി നിരീക്ഷിക്കുക. ഫോട്ടോസ്‌ഫിയര്‍, ക്രോമോസ്‌ഫിയര്‍, സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡല മാപിനികള്‍ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകള്‍ പേടകത്തിലുണ്ടാകും. ഇതില്‍ നാല് പേലോഡുകള്‍ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും. കൊറോണല്‍ ഹീറ്റിംഗ് മൂലമുള്ള പ്രശ്നങ്ങള്‍, കൊറോണല്‍ മാസ് ഇജക്ഷൻ, പ്രിഫ്‌ളെയര്‍, ഫ്‌ളെയര്‍ പ്രവര്‍ത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചുമെല്ലാം നിര്‍ണ്ണായകമായ വിവരങ്ങള്‍ ശേഖരിക്കാൻ സൗരദൗത്യത്തിലൂടെ കഴിഞ്ഞേക്കും.
ഇതിനു പുറമെ ഗഗൻയാനുമായി ബന്ധപ്പെട്ട വിക്ഷേപണപരീക്ഷണങ്ങളും നാസയുമായി ചേര്‍ന്നുള്ള നിസാര്‍ ഉപഗ്രഹ വിക്ഷേപണം, ബഹിരാകാശ വികിരണങ്ങളെ കുറിച്ച് പഠിക്കുന്ന എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് എന്നിവയും ഈ വര്‍ഷം വിക്ഷേപിക്കും.