
എന്നെ അങ്ങനെയൊന്നും എടുക്കാന്‍ സിപിഎമ്മുകാര്‍ക്ക് സാധിക്കില്ല
തന്നെ അങ്ങനെയൊന്നും എടുക്കാന്‍ സിപിഎമ്മുകാര്‍ക്ക് സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അവര്‍ ഒരുപാട് തവണ തന്നെ വധിക്കാന്‍ നോക്കിയിട്ടുണ്ട്. താന്‍ ദൈവവിശ്വാസിയാണ് -സുധാകരന്‍ പറഞ്ഞു. കെ സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചതായ ജി ശക്തിധരന്റെ വെളിപ്പെടുത്തലിനോട് കണ്ണൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശക്തിധരന്‍ ഇപ്പോഴെങ്കിലും അക്കാര്യം തുറന്നുപറഞ്ഞത് തന്നായി. ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ കേസ് എടുക്കുമെന്ന് തോന്നുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് അറിയാവുന്ന ഒരു കാര്യം പറഞ്ഞു എന്നത് ഒരു നല്ല കാര്യം. കേസ് ഒന്നും അവര്‍ എടുക്കുമെന്ന പ്രതീക്ഷ എനിക്കില്ല. നിയമപരമായി എന്തെങ്കിലും ചെയ്യാനാവുമോയെന്നത് വക്കിലുമായി ആലോചിക്കും. നീതിയൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. നീതി ബോധമുള്ളവരില്‍ നിന്നേ നീതി പ്രതീക്ഷിക്കേണ്ടതുള്ളു. ഏകപക്ഷീയമായി സ്വന്തം സുഖലോലുപതയ്ക്ക് വേണ്ടി ഭരണത്തെ ആയുധമാക്കിയ ഒരു ഭരണകൂടത്തോട് നമ്മള്‍ തത്വം പ്രസംഗിച്ചിട്ട് കാര്യമുണ്ടോ?, പോത്തോട് വേദം ഓതുക എന്നൊരു പഴമൊഴിയുണ്ട്. പിണറായി വിജയനോട് വേദമോദിയിട്ട് കാര്യമില്ല. കാരണം പിണറായി വിജയന്‍ പിണറായി വിജയനാണ്’- സുധാകരന്‍ പറഞ്ഞു. ജി ശക്തിധരനുമായി നേരിട്ട് പരിചയമില്ല. ഇതുവരെ ഫോണില്‍ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് എന്നെയും എനിക്ക് അദ്ദേഹത്തെയും അറിയാമെന്ന് സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.