
ഉദയനിധിയുടെ മുഖത്തടിച്ചാല്‍ 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ഹിന്ദുസംഘടന
തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടനയായ ജന ജാഗരണ സമിതി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്റർ സംഘടന പതിപ്പിച്ചത്. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പ്രസ്താവന വിവാദമായതോടെയാണ് സംഘടന രംഗത്തെത്തിയത്.
അതേസമയം ഉദയനിധിക്കെതിരെ പ്രകോപന ആഹ്വാനം നടത്തിയ അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യക്കെതിരെ കഴിഞ്ഞ ദിവസം മധുര പൊലീസ് കേസെടുത്തിരുന്നു. ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി പാരിതോഷികം നല്‍കുമെന്നായിരുന്നു പരമഹംസയുടെ പ്രഖ്യാപനം. പ്രതീകാത്മകമായി ഫോട്ടോയിലെ ഉദയനിധിയുടെ തല വാളുകൊണ്ട് മുറിക്കുന്ന വീഡിയോയും ഇയാൾ പങ്കുവെച്ചിരുന്നു.
ശനിയാഴ്ച നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദമായ പ്രസംഗം നടന്നത്. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്ത ഉദയനിധി, സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും പറഞ്ഞിരുന്നു.
