sreenarayanaguru-sndp-hondu-guru

ശ്രീനാരായണഗുരു ഹിന്ദു സന്ന്യാസിയെന്ന് ബിജെപി; അദ്ദേഹം പ്രചരിപ്പിച്ചത് സനാതന ധർമ്മമാണെന്ന് പി കെ കൃഷ്ണദാസ്

ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിച്ച് ഔദ്യോഗിക ഫേസ്ബുക്കിൽ പേജിൽ കുറിപ്പ് പങ്കുവെച്ച് ബിജെപി. ‘സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബിജെപി കേരളത്തിൻ്റെ പ്രണാമം’ എന്നാണ് ബിജെപി കേരളം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സനാതന ധർമ്മമാണ് നാരായണഗുരു പ്രചരിപ്പിച്ചതെന്ന് പറഞ്ഞ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസും രം​ഗത്തെത്തി.”ഗണപതി ഭഗവാൻ മിത്താണെന്ന് സ്ഥാപിയ്ക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച വ്യഗ്രത കേരളത്തിൽ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകാർ കാണിച്ചിട്ടുണ്ട്. സനാതന ധർമ്മവിശ്വാസികളായ സന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാൻ അവർ പണ്ടു മുതൽ ശ്രമിച്ചിട്ടുണ്ട്. നാരായണ ഗുരു ഈശ്വര വിശ്വാസിയല്ലെന്ന് വരെ അവർ പ്രചരിപ്പിച്ചു”- കൃഷ്ണദാസ് പറഞ്ഞു. “ഭാരതത്തിന്റെ ആർഷ പാരമ്പര്യം സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സർവാശ്ലേഷിയായ പ്രത്യയശാസ്ത്രമാണ്. വസുധൈവ കുടുംബകമെന്നും വിശ്വംഭവത് ഏക നീഢം എന്നും ലോക സമസ്ത സുഖിനോ ഭവന്തുവെന്നും പ്രഖ്യാപിച്ച അദ്വൈത പാരമ്പര്യത്തിൽ നിന്നാണ് ശ്രീനാരായണ ഗുരു അദ്ദേഹത്തിന്റെ ചിന്തകൾ ഊതികാച്ചിയെടുത്തത്. അദ്വേഷ്ടാ സർവ ഭൂതാനാം എന്ന ഗീതാവാക്യം തന്നെയാണ് ഒരു പീഡയുറുമ്പിനും വരാ എന്ന അനുകമ്പാ ദശകത്തിൽ പറയുന്നത്.””അഹം ബ്രഹ്മാസ്മിയെന്ന ഉപനിഷത് മഹാവാക്യത്തിൽ വിശ്വസിക്കുന്ന ഒരു ഹിന്ദു സന്യാസിയ്ക്ക് മാത്രമേ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹാ പ്രഖ്യാപനം നടത്താനാകൂ. സ്വാമി വിവേകാനന്ദന്റെ നിർദ്ദേശ പ്രകാരമാണ് ഡോ: പൽപു ശ്രീനാരായണ ഗുരുവിനെ എസ്എൻഡിപി സ്ഥാപനത്തിനായി സമീപിച്ചതെന്നതും ചരിത്രം. ശ്രീനാരായണ ഗുരുവിന്റെ പുരോഗമന ചിന്തകൾ തികച്ചും ഭാരതീയമായിരുന്നു. അതിന് കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല”- പി കെ കൃഷ്ണദാസ് കുറിച്ചു.

Leave a Reply

Your email address will not be published.

honey-rose-film-actress-in-malayalam Previous post കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ ശരീരം നശിപ്പിക്കില്ല, ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് രൂക്ഷവിമര്‍ശനങ്ങൾ; ഹണി റോസ്
anil-akkara-karuvannoor-bank-robbery Next post കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സതീശനെ ഒളിപ്പിച്ചു; എസി മൊയ്തീനെ സംരക്ഷിക്കാനെന്ന് അനിൽ അക്കര