
‘അപമാനം കൊണ്ട് തല കുനിയുന്നു’: മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വിഷയത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട്
മണിപ്പുരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു സുരാജിന്റെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയാണു സുരാജ് പ്രതികരിച്ചത്. ‘‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’’– സുരാജ് കുറിച്ചു.
മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണു നഗ്നരാക്കി റോഡിൽ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയ്ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്.
തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നത്. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങൾക്കു മുൻപു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തുവന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുൻപ് മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു.