sivamoga-ganja-karnataka-crime

ശിവമോഗയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; മലയാളി ഉള്‍പ്പെടെ 3 വിദ്യാര്‍ഥികള്‍ പിടിയില്‍

കര്‍ണാടകയിലെ ശിവമോഗയില്‍ മലയാളി യുവാവ് ഉള്‍പ്പെടെ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായി. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി വിഘ്‌നരാജ്(28) ഇടുക്കി സ്വദേശി വിനോദ്കുമാര്‍(27) തമിഴ്‌നാട് ധര്‍മപുരി സ്വദേശി പാണ്ടിദുരൈ(27) എന്നിവരെയാണ് ശിവമോഗ പോലീസ് പിടികൂടിയത്. വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയതിനാണ് വിഘ്‌നരാജിനെ പിടികൂടിയതെന്നും ഇയാളില്‍നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും വാങ്ങാനെത്തിയപ്പോളാണ് മറ്റുരണ്ടുപേര്‍ അറസ്റ്റിലായതെന്നും പോലീസ് പറഞ്ഞു.

വിഘ്‌നരാജ് നഗരത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളുടെ ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കൃഷി ചെയ്യുന്നതായും കണ്ടെത്തിയത്. ശിവമോഗയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായ വിഘ്‌നരാജ് കഴിഞ്ഞ മൂന്നരമാസമായി ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി നടത്തിവരികയായിരുന്നു. പ്രത്യേക സജ്ജീകരണങ്ങളൊരുക്കി ഹൈടെക്ക് രീതിയിലായിരുന്നു ഇയാളുടെ കഞ്ചാവ് കൃഷി.

ഒന്നരക്കിലോയിലേറെ കഞ്ചാവും കഞ്ചാവ് ചെടികളുമാണ് മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഫ്‌ളാറ്റില്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. ഇതിനുപുറമേ പത്ത് ഗ്രാം ചരസ്, ഹാഷിഷ് ഓയില്‍, ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവയും കഞ്ചാവ് കൃഷിക്ക് ഉപയോഗിച്ചിരുന്ന ആറു ടേബിള്‍ ഫാനുകള്‍, എക്‌സ്‌ഹോസ്റ്റ് ഫാന്‍, രണ്ട് സ്റ്റൈബിലൈസറുകള്‍, എല്‍.ഇ.ഡി. ലൈറ്റുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിക്കാനായുള്ള ഹുക്ക ഉപകരണങ്ങളും സിറിഞ്ചുകളും ഫ്‌ളാറ്റിലുണ്ടായിരുന്നു. 

Leave a Reply

Your email address will not be published.

married-kerala-news-groom Previous post കേരളത്തിൽ വിദ്യാസമ്പന്നരായ പെൺകുട്ടികൾ വിവാഹത്തിനു മടിക്കുന്നു; പുരുഷന്മാർക്ക് പെൺകുട്ടികളെ കിട്ടാനില്ലെന്ന് പഠനം
rain-cyclone-alert-yellow-kerala Next post ന്യുനമർദ്ദപാത്തി; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രത