
3000 ആഡംബര കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം; ജീവനക്കാർ മിക്കവരും ഇന്ത്യക്കാർ
ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ച് ഒരു മരണം. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ കാസർകോട് പാലക്കുന്ന് ആറാട്ടുക്കടവ് സ്വദേശി ബിനീഷുമുണ്ട്.
വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപമാണു തീപിടിത്തമുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മൂവായിരത്തോളം കാറുകളാണ് തീപിടിച്ച ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിലുണ്ടായിരുന്നത്. തീപിടിച്ചതോടെ മിക്കവരും കടലിലേക്കു ചാടിയാണു രക്ഷപ്പെട്ടത്. നെതർലൻഡ്സ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കൂടുതൽ വെള്ളം ഒഴിക്കുന്നത് കപ്പൽ പൂർണമായും മുങ്ങുന്നതിനു കാരണമാകുമെന്ന ആശങ്കയുമുണ്ട്. കപ്പലിൽ 25 ജീവനക്കാരുണ്ടായിരുന്നു എന്നാണു വിവരം.