
ഇത് ആദ്യത്തേതും അവസാനത്തേതും: ഇനി ജീവിതത്തിൽ ഒരിക്കലും മുടി മൊട്ടയടിക്കില്ലെന്ന് നടൻ ഷാറൂഖ് ഖാൻ
ഷാറൂഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ഷാറൂഖ് ഖാൻ എത്തുന്നത്. ജവാന്റെ ട്രെയിലർ പുറത്തു വന്നതോടെ തലമുടി മൊട്ടയടിച്ചുളള നടന്റെ ലുക്ക് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇനി ഒരു ചിത്രത്തിലും താൻ മുടിമൊട്ടയടിച്ച് അഭിനയിക്കില്ലെന്ന് പറയുകയാണ് ഷാറൂഖ് ഖാൻ.
“ജവാനിൽ ആറ്, ഏഴ് ഗെറ്റപ്പുകളിൽ എത്തുന്നുണ്ട്. അതിൽ ഒന്ന് മുടി മൊട്ടയടിച്ചിട്ടാണ്. ഇനി ജീവിതത്തിൽ ഒരിക്കലും അതു ചെയ്യില്ല. ആദ്യത്തേതും അവസാനത്തേതുമാണ്. എന്തായാലും നിങ്ങൾ അത് പോയി കാണണം”- ദുബൈയിലെ ബുർജ് ഖലീഫയിൽ സംഘടിപ്പിച്ച ട്രെയിലർ ലോഞ്ചിൽ ഷാറൂഖ് ഖാൻ പറഞ്ഞു.
“ജാതി, മതം, ഭാഷ, നിറം എന്നീ വ്യത്യാസമില്ലാതെ എല്ലാവരേയും രസിപ്പിക്കുക എന്നതാണ് ചിത്രത്തിന്റെ ഉദ്ദേശം. സിനിമയുടെ കാതലായ സന്ദേശം സ്ത്രീ ശാക്തീകരണമാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ സ്ത്രീകളെ ശാക്തീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ സിനിമ അവരെക്കുറിച്ചാണ്”- ഷാറൂഖ് ഖാൻ കൂട്ടിച്ചേർത്തു.
ഷാറൂഖ് ഖാന്റെ ആദ്യ പാൻ-ഇന്ത്യൻ ചിത്രമായ ജവാൻ സെപ്റ്റംബർ ഏഴിനാണ് തിയറ്ററുകളിലെത്തുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര നായിക. വിജയ് സേതുപതിയാണ് പ്രതി നായകനായി എത്തുന്നത്. ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.