cpm-sfi-fake-certificate-university

സംഘടനയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിച്ചു’; നിഖില്‍ തോമസിനെ പുറത്താക്കി എസ്എഫ്‌ഐ

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അഡ്മിഷന്‍ നേടിയ വിഷയത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. സംഘടനയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖില്‍ തോമസ് വിശദീകരണം നല്‍കിയതെന്നും ഒരിക്കലും ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തനമാണ് നിഖില്‍ തോമസ് ചെയ്തതെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. എസ്എഫ്ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ എസ്എഫ്ഐയുടെ മുഴുവന്‍ ഘടകങ്ങളില്‍നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഘടനയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.

അദ്ദേഹം നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്എഫ്ഐക്ക് മുമ്പില്‍ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ കലിംഗ യൂണിവേഴ്സിറ്റിയില്‍ റെഗുലറായി കോഴ്സ് പൂര്‍ത്തീകരിക്കാന്‍ നിഖില്‍ തോമസിന് എങ്ങനെ സാധിച്ചു എന്ന ആശങ്ക എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നു. അത് മാധ്യമങ്ങളോട് പങ്കുവെച്ചതുമാണ്.

ഇത് സംബന്ധിച്ച് പരിശോധന നടത്താന്‍ കലിംഗ യൂണിവേഴ്സിറ്റിയില്‍ വിവരാവകാശം നല്‍കുക മാത്രമായിരുന്നു എസ്എഫ്ഐയുടെ മുന്‍പിലുള്ള മാര്‍ഗം. ഇതും മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചതാണ്. എന്നാല്‍ പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം നിഖില്‍ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഏജന്‍സികള്‍ കേരളത്തിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടര്‍ന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിന്റെ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരില്‍ ഒരാളായി നിഖില്‍ തോമസും മാറി എന്നു വേണം മനസ്സിലാക്കാന്‍. ഒരിക്കലും ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തനമാണ് നിഖില്‍ തോമസ് ചെയ്തത്. അതിനാല്‍ എസ്എഫ്ഐയുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും പാഠമാകുന്ന രീതിയില്‍ നിഖില്‍ തോമസിനെ എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.-എസ്എഫ്ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

school-chennithala-childrens Previous post പുതിയ തലമുറ പുസ്തക വായനയിൽ നിന്നും അകന്നിട്ടില്ല: ചെന്നിത്തല
train-accident-odissa-loco pilot-junior Next post ഒഡീഷ ട്രെയിന്‍ ദുരന്തം; ചോദ്യം ചെയ്യലിന് പിന്നാലെ ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍, വീട് സീല്‍ ചെയ്ത് സിബിഐ