
സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി ദേശീയ മക്കൾ ശക്തി കക്ഷി
ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി ദേശീയ മക്കൾ ശക്തി കക്ഷി. വകുപ്പില്ലാ മന്ത്രിയായി സെന്തിലിനെ നിലനിർത്തിയുള്ള സർക്കാറിന്റെ സ്പെഷ്യൽ ഉത്തരവ് റദ്ദാക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡിലുള്ളയാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
അതേസമയം സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ വിദേശത്തായതിനാൽ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. അശോക് കുമാറിനോട് ഇഡിയും ആദായനികുതി വകുപ്പും ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. അഭിഭാഷകൻ മുഖേനെയാണ് ഹാജരാകാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്.
ഇതിനിടെ സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാൻ സാധിച്ചില്ലെന്ന് ഇഡി
കോടതിയിൽ അറിയിച്ചു. ആരോഗ്യനില കണക്കിലെടുത്താണ് ചോദ്യം ചെയ്യാൻ തുടങ്ങാതിരുന്നതെന്നും ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇഡി അറിയിച്ചു. കൂടാതെ, കാവേരി ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയുടെ ബൈപ്പാസ് ശസ്ത്രക്രിയ നാളെ തന്നെ നടക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം. എ. സുബ്രഹ്മണ്യവും അറിയിച്ചു.
തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയ്ക്ക് എതിരായ ഇ.ഡി അന്വേഷണവും നടപടിയും സുപ്രിം കോടതി അനുമതിയോടെയാണ് നടന്നത്. സെന്തിൽ ബാലാജിയ്ക്ക് എതിരെ നടപടിയെടുക്കാൻ സുപ്രിം കോടതി ഇ.ഡി യെ അനുവദിച്ചിരുന്നു. അഴിമതി വഴി പണം കൈപറ്റുന്നത് പണം കള്ളപ്പണം ആണെന്നാണ് സുപ്രിം കോടതി നിരിക്ഷണം. മേയ് 16നാണ് സെന്തിൽ ബാലാജി നല്കിയ അപ്പീൽ സുപ്രിം കോടതി തള്ളിയത്.