
ബീച്ചിലെത്തിയ സംഘം കടലിലേക്ക് കാർ ഓടിച്ചിറക്കി; കാർ കടലിൽ മുങ്ങിത്താണു
കൊല്ലം പരവൂരിൽ കാർ കടലിൽ മുങ്ങിത്താണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബീച്ച് സന്ദർശിക്കാനെത്തിയ സംഘം കാർ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പിൽ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാർ ഇറക്കിയത്.
തിരയിൽപ്പെട്ട് നിയന്ത്രണം വിട്ട കാർ പൊഴിയിൽ അകപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുക്കാൽ ഭാഗത്തോളം കടലിൽ മുങ്ങി. കാർ മുങ്ങുന്നതു കണ്ട് മറുകരയിലുള്ള റിസോർട്ട് ജീവനക്കാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത്. ഇവർ ഡോർ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പിന്നീട് പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വടം കെട്ടി കാർ വലിച്ചെടുക്കുകയായിരുന്നു.