
മസ്തിഷ്ക തരംഗം ഡീകോഡ് ചെയ്ത് മനുഷ്യന്റെ ചിന്തയിലുണ്ടായിരുന്ന പാട്ട് കണ്ടെത്തി; ശാസ്ത്രലോകത്തിന് നേട്ടം
ഉപകരണം ഉപയോഗിച്ച് മനുഷ്യന്റെ ചിന്ത എന്താണെന്ന് തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ശാസ്ത്രലോകം. മസ്തിഷ്ക തരംഗങ്ങൾ ഡീകോഡ് ചെയ്ത് ഒരു മനുഷ്യന്റെ ചിന്തയിലൂടെ കടന്നുപോകുന്ന പാട്ടിനെ കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജിസ്റ്റുകൾ കൃത്യമായി തിരിച്ചറിഞ്ഞു. പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാൻഡായ പിങ്ക് ഫ്‌ളോയ്ഡിന്റെ “അനതർ ബ്രിക്ക് ഇൻ ദി വാൾ” എന്ന പാട്ടാണ് ഇതിലൂടെ തിരിച്ചറിഞ്ഞത്.
സ്ട്രോക്ക് പോലെയുള്ള രോഗങ്ങളുള്ള, സംസാരിക്കാനും ആശയവിനിമയം ചെയ്യാനും കഴിയാത്ത ആളുകളുടെ ചിന്തകൾ മനസിലാക്കാനുള്ള ഉപകരണം കണ്ടെത്തുന്നതിന് ഇത് നേട്ടം പുതിയ ഊർജം നൽകും. ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുള്ളവർക്ക് പലപ്പോഴും ആശയവിനിമയം നടത്താൻ കഴിയാറില്ല. അത്തരം സാഹചര്യങ്ങളിൽ ഒരാൾ ചിന്തിക്കുന്ന കാര്യങ്ങളെ മനസിലാക്കി, അത് മറ്റൊരാളിലേക്ക് എത്തിക്കുന്ന ഉപകരണം നിർമ്മിക്കാനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്.
ബേര്‍ക്ക്‌ലിയിലുള്ള കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ മുൻപ് മസ്തിഷ്ക തരംഗങ്ങളുടെ റെക്കോർഡിങ്ങുകളിൽ നിന്ന് സംസാരവും, നിശബ്ദമായി സങ്കൽപ്പിച്ച വാക്കുകൾ പോലും മനസിലാക്കിയെടുത്തിരുന്നു. എന്നാൽ ഒരാൾ ചിന്തിക്കുന്ന സംഗീതം ഏതാണെന്ന് തിരിച്ചറിയുന്നതിലൂടെ കൂടുതൽ ഗുണം പഠനത്തിന് ഉണ്ടാകുമെന്നും, സംഗീതത്തിന് ഭാഷാതിർത്തികൾ ഇല്ലെന്നും സംഘത്തിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
മസ്തിഷ്കത്തിന്റെ ‘സ്പീച്ച് മോട്ടോർ’ എന്നറിയപ്പെടുന്ന കോർട്ടെക്സിൽ നിന്നുള്ള വൈദ്യുത പ്രവർത്തനം ഡീകോഡ് ചെയ്താണ് ചിന്തിക്കുന്ന കാര്യങ്ങൾ ശാസ്ത്രജ്ഞർ ആദ്യമായി മനസിലാക്കിയത്. ഇത്തവണ തലച്ചോറിന്റെ ശ്രവണ മേഖലകളിൽ നിന്നുള്ള റെക്കോർഡിങ്ങുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അപസ്മാരം ബാധിച്ച 29 ആളുകളുടെ ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഇലക്ട്രോഡുകൾ തലച്ചോറിൽ സ്ഥാപിച്ചാണ് പഠനം നടത്തിയത്.
റെക്കോർഡ് ചെയ്ത മസ്തിഷ്ക തരംഗങ്ങളെ നിർമിത ബുദ്ധിയുടെ സഹായത്തോടെ ഡീകോഡ് ചെയ്യുകയും, പിന്നീട് ശബ്ദങ്ങളും വാക്കുകളുമായി പുനരാവിഷ്കരിക്കുകയുമായിരുന്നു. തരംഗങ്ങൾ എൻകോഡ് ചെയ്തതിൽ നിന്ന് പാട്ടിന്റെ താളം ഉൾപ്പെടെ ആദ്യ വരികൾ മനസിലായി. വെള്ളത്തിനടിയിൽ വച്ച് ഒരാൾ സംസാരിക്കുന്നത് പോലെയായിരുന്നു ശബ്ദങ്ങളെങ്കിലും, ആദ്യ ശ്രമത്തിൽ തന്നെയുണ്ടായ വിജയം ഒരു നേട്ടമായാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.
കുറച്ചുകൂടി സാന്ദ്രത കൂടിയ ഇലക്ട്രോഡുകൾ സ്ഥാപിക്കുന്നതിലൂടെ മെച്ചപ്പെട്ട ശബ്ദങ്ങൾ ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയ കൂടാതെ തന്നെ മസ്തിഷ്ക തരംഗങ്ങൾ റെക്കോർഡ് ചെയ്യുന്നതിനായുള്ള ഇലക്ട്രോഡുകൾ സ്ഥാപിക്കാൻ ഉടൻ തന്നെ കഴിയുമെന്നും അവർ പറഞ്ഞു.