
സ്‌കൂള്‍ കലോത്സവം ദേശിംഗ നാട്ടില്‍: പാചകപ്പുര കാക്കാന്‍ പഴയിടം വരുമോ (എക്‌സ്‌ക്ലൂസീവ്)
- കോഴിക്കോട് കലോത്സവത്തില്‍ കത്തിപ്പടര്‍ന്ന ബ്രാഹ്‌മണിക്കല്‍ ഹെജിമണി വിവാദം കൊല്ലത്ത് ആളിപ്പടരുമോ
- ഇത്തവണ സ്‌കൂള്‍ കലോത്സവ പാചകപ്പുരയില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞിരുന്നു
- സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്തു വെച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം
എ.എസ്. അജയ്‌ദേവ്
വീണ്ടുമൊരു സ്‌കൂള്‍ കലോത്സവത്തിന് ദേശിംഗ നാട് (കൊല്ലം) വേദിയാകുമ്പോള്‍ കഴിഞ്ഞ വര്‍ഷം കത്തിപ്പടര്‍ന്ന ബ്രാഹ്‌മണിക്കല്‍ ഹെജിമണിയുടെ കനല്‍ കെട്ടിട്ടില്ല. കുരുന്നുകളുടെ വേദിയിലെ ഭക്ഷണപ്പുരയില്‍ ജാതിബോധത്തിന്റെ തീയിട്ടവര്‍ ഇന്നും സജീവമായിത്തന്നെയുണ്ട്. ആയിരങ്ങളുടെ വയര്‍ നിറയ്ക്കാന്‍ അന്നം വിളമ്പുന്നവനെ ചുട്ടെരിക്കലായിരുന്നു അന്നത്തെ ലക്ഷ്യം. പഴയിടം മോഹനന്‍ നമ്പൂതിരി സ്‌കൂള്‍ കലോത്സവ വേദി എന്നെന്നേയ്ക്കുമായി വിട്ടിറങ്ങിയതും ഇതിന്റെ ഭാഗമായാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ മതവും, ജാതിയും കൂട്ടിക്കുഴയ്ക്കുന്നവര്‍ നാളെ കുരുന്നുകള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വിഷം കലര്‍ത്താനും മടിക്കില്ല. ഈ മനോഭയം ഒന്നുകൊണ്ടു മാത്രമാണ് പഴയിടം മോഹനന്‍ നമ്പൂതിരി കലോത്സവ വേദിയിലെ ഭക്ഷണപ്പുരയോട് യാത്ര പറഞ്ഞത്. പേരിനു പുറകിലെ വാല് മാത്രമേ നമ്പൂതിരിയായി പഴയിടത്തിനുള്ളൂ.

പക്ഷെ, ഭക്ഷണം കെങ്കേമമാണെന്ന് പറയാത്തവര്‍ കേരളക്കരയില്‍ ഉണ്ടാകില്ല. കാലങ്ങളായി സ്‌കൂള്‍ കലോത്സവ വേദിയിലെ നിറ സാന്നിധ്യമായി മാറിയ പഴയിടം നമ്പൂതിരി എന്നും മലയാളികളുടെ ഗൃഹാതുരമായ ഓര്‍മ്മകള്‍ തന്നെയാണ്. കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്ക് ഇറച്ചിയും മീനും നല്‍കണമെന്ന വാദത്തോട് യോജിപ്പും വിയോജിപ്പുമുണ്ട്. എന്നാല്‍, കുട്ടികളുടെ ഉത്സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണം തന്നെയാണ് വേണ്ടത്. സാമ്പത്തിക ലാഭവും-പാചകം ചെയ്യാന്‍ എളുപ്പവും-കുട്ടികളുടെ ആരോഗ്യ സ്ഥിതിക്ക് ഗുണവുമാകുന്നതാണ് വെജിറ്റേറിയന്‍ ഭക്ഷണമാണ്. കല്യാണത്തിനോ, ഒരു ദിവസത്തില്‍ കൂടാത്ത മറ്റു പരിപാടികള്‍ക്കോ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കാം. അതേസമയം, കലോത്സവം അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കുട്ടികളുടെ ഉത്സവമാണ്. അവിടെ എല്ലാ ദിവസവും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുകയെന്നത് ശ്രമകരമാണ്.

അതുകൊണ്ടുതന്നെ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണമാണ് വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നത്. ഇത് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശമോ, അഭിപ്രായമോ അല്ലെന്നതാണ് വസ്തുത. ഒരു പക്ഷെ, കലോത്സവ വേദികളിലെ ഭക്ഷണം നോണ്‍വെജിറ്റേറിയനായി വിദ്യാഭ്യാസ വകുപ്പ് നിശ്ചിയിച്ചാല്‍ പഴയിടം നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം പാചകം ചെയ്യാന്‍ തയ്യാറാകും. അഥവാ തയ്യാറായില്ലെങ്കില്‍ മറ്റൊരാള്‍ക്ക് ക്വട്ടേഷന്‍ നല്‍കാനുള്ള അവസരവുമാണ്. പഴയിടം മോഹനനെ കണ്ടുകൊണ്ടല്ല, സ്‌കൂള്‍ കലോത്സവമോ, കലോത്സവ വേദിയിലെ ഭക്ഷണപ്പുരയോ തയ്യാറാക്കുന്നത്. എന്നാല്‍, കുറച്ചു കാലമായി പഴയിടത്തിന്റെ ഭക്ഷണം കലോത്സവങ്ങളുടെ ഭായമായി മാറിക്കഴിഞ്ഞു. ഇതിനു കാരണം, അദ്ദേഹത്തിന്റെ കര്‍മ്മഫലമാണ്. കൃത്യതയോടെയും വ്യക്തതയോടെയും ശുദ്ധിയോടെയും കുട്ടികള്‍ക്ക് ഭക്ഷണം വെയ്ക്കാന്‍ പഴയിടം തയ്യാറാകുന്നുവെന്നതാണ്. കോഴിക്കോടു നടന്ന കലോത്സവത്തിന്റെ അവസാന ദിവസമാണ് ബ്രാഹ്‌മണിക്കല്‍ ഹെജിമണിയെന്ന തീ പടര്‍ന്നത്.

നമ്പൂതിരി വെയ്ക്കുന്ന വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരായി തീരുകയാണ് കുട്ടികളെന്നും, കലോത്സവ വേദികളിലെ ഭക്ഷണപ്പുരകളില്‍ മത്സ്യവും മാംസവും നല്‍കണമെന്നുമായിരുന്നു വാദം. ഇത്, കലോത്സവം കഴിഞ്ഞും കെടാതെ കത്തിയതോടെയാണ് പഴയിടം മോഹനന്‍ നമ്പൂതിരി കലോത്സവ വേദികളിലെ ഭക്ഷണം പാകം ചെയ്യലില്‍ നിന്നും പൂര്‍ണ്ണായി പിന്‍മാറിയത്. ‘ ഞാനൊരു പാചകക്കാരനാണ്. ഭയം പിടികൂടിയ ഒരു പാചകക്കാരന് നല്ല രീതിയില്‍ പാചകം ചെയ്യന്‍ കഴിയില്ല. ഇത്രയും നാള്‍ ഞാന്‍ കൊണ്ടുനടന്ന ചില കാര്യങ്ങള്‍ക്ക് വിപരീതമായ കാര്യങ്ങള്‍ പാചകപ്പുരയില്‍ പോലും വീണുകഴിഞ്ഞു. അനാവശ്യമായി ജാതീയതയുടെയും വര്‍ഗീയതയുടെയും വിത്തുകള്‍ വാരിയെറിഞ്ഞ സാഹചര്യത്തില്‍ ഇനിമുതല്‍ കലോത്സവ വേദികളെ നിയന്ത്രിക്കാന്‍ എനിക്ക് ഭയമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്’.

കലോത്സവ പാചകത്തിന് ടെന്‍ഡര്‍ വഴിയാണ് പഴയിടം വന്നതെന്നും ഈ വിവാദങ്ങള്‍ അനാവശ്യമാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിവാദത്തിന് മറുപടിയായി പറഞ്ഞിരുന്നു. കലോത്സവ വേദിയിലെ നോണ്‍വെജ് ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നുമാണ് മന്ത്രിയുടെ വാദം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതുവരെ നല്‍കിവന്നിരുന്നത് വെജിറ്റേറിയന്‍ വിഭവങ്ങളാണ്. അതിനൊരു മാറ്റം ഉണ്ടാകുമെന്നതു തീര്‍ച്ചയെന്നാണ് മന്ത്രി പ്രതികരിച്ചത്. അതായത് കൊല്ലത്തു നടക്കുന്ന കലോത്സവത്തില്‍ നോണ്‍വെജിറ്റിറിയന്‍ ഭക്ഷണം ഉറപ്പാണെന്ന് സാരം.

ഈ സാഹചര്യത്തില്‍ പഴയിടം വീണ്ടും പാചകപ്പുര നിയന്ത്രിക്കാന്‍ ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ അധ്യയന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലം ജില്ലയില്‍ വെച്ചാണ് നടക്കുന്നത്. സംസ്ഥാന കായികമേള ഒക്ടോബറില്‍ തൃശ്ശൂരിലെ കുന്നംകുളത്തും, ശാസ്ത്ര മേള ഡിസംബറില്‍ തിരുവനന്തപുരത്തും, സ്‌പെഷല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്തും, ടി.ടി.ഐ കലാമേള സെപ്റ്റംബറില്‍ പാലക്കാടും നടത്താനാണ് അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ എടുത്തിരിക്കുന്ന തീരുമാനം.